മസ്‌കത്ത്: പഞ്ചസാരയുടെ ഉപയോഗം കുറക്കുകയും അതുവഴി ആരോഗ്യ ശീലം തുടർത്തുകയും ചെയ്യുക എന്ന ലക്ഷ്യവുമായി ഒമാനിൽ ‘പഞ്ചസാര കുറക്കാം’ കാമ്പയിൻ സജീവമാകുന്നു. ഫുഡ്സേഫ്റ്റി ആൻഡ് ക്വാളിറ്റി കൺട്രോൾ (എഫ്.സി ആൻഡ് ക്യൂ.സി) നേതൃത്വം നൽകുന്ന കാമ്പയിനിൽ അണി ചേരാൻ ഒമാനിലെ ചായ, കാപ്പി വിൽപന നടത്തുന്ന കഫേകളെയും കോഫി ഷോപ്പുളെയും ക്ഷണിച്ചു.
ആഹാര ഉപഭോഗത്തിൽ മിതത്വത്തിന്റെ സംസ്കാരം പ്രചരിപ്പിക്കുക, ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ ഭക്ഷണ പാനീയങ്ങൾ തെരഞ്ഞെടുക്കുന്നതിന് പ്രോത്സാഹനം നൽകുക, സമൂഹത്തിന്റെ ഭക്ഷണശീലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കഫേകളെ പ്രധാന പങ്കാളികളാക്കുക എന്നിവയാണ് കാമ്പയിനിന്റെ ലക്ഷ്യം. ആധുനിക ആരോഗ്യ പ്രവണതകളോട് ചേർന്ന് പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായകരമാകും.
പഞ്ചസാരയുടെ അളവ് കുറക്കുന്നത് വിൽപനയെ ബാധിക്കില്ലെന്നും മറിച്ച് കൂടുതൽ ആരോഗ്യബോധമുള്ള ഉപഭോക്താക്കളെ ആകർഷിക്കാനാകുമെന്നും ഫുഡ്സേഫ്റ്റി ആൻഡ് ക്വാളിറ്റി കൺട്രോൾ ചൂണ്ടിക്കാട്ടി. ക്രമേണ പഞ്ചസാര കുറക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ പ്രവർത്തനച്ചെലവ് കുറക്കാനും സഹായിക്കും. പങ്കാളികളാകുന്ന കഫേകളെ ‘ആരോഗ്യ സൗഹൃദ കഫേ’ പട്ടികയിൽ ഉൾപ്പെടുത്തും. ഇത് ഉപഭോക്താക്കളുമായി ദീർഘകാല വിശ്വാസബന്ധം സ്ഥാപിക്കാനും സമൂഹാരോഗ്യത്തെ പരിഗണിക്കുന്ന സ്ഥാപനമെന്ന പ്രതിച്ഛായ ഉറപ്പാക്കാനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദൈനംദിന പഞ്ചസാര ഉപഭോഗം കുറക്കുക, അമിതവണ്ണവും പ്രമേഹവും കുറക്കുന്നതിനുള്ള സുൽത്താനേറ്റിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുക, ബോധപൂർവമായ ഭക്ഷണ തെരഞ്ഞെടുപ്പുകൾ പ്രചരിപ്പിക്കുക എന്നിവയാണ് പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. താൽക്കാലിക കാമ്പയിനായി ആരംഭിക്കുന്ന ഈ സംരംഭം സ്ഥിരമായ ജീവിതശൈലിയായി മാറ്റുകയെന്നതാണ് ലക്ഷ്യം. ഔദ്യോഗിക വെബ്സൈറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് കാമ്പയിനിൽ പങ്കുചേരാമെന്ന് എഫ്.സി ആൻഡ് ക്യൂ.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.