ഹുർമുസ് കടലിടുക്കിന് സമീപം മിസൈൽ ആക്രമണത്തിനിരയായ ചരക്ക് കപ്പലിനു സമീപം ഒമാൻ റോയൽ നേവിയുടെ ബോട്ട് രക്ഷാപ്രവർത്തനം നടത്തുന്നു. ഒമാൻ ന്യൂസ് ഏജൻസി പങ്കുവെച്ച ചിത്രം
മസ്കത്ത്: ഹുർമുസ് കടലിടുക്കിന് സമീപം ചരക്ക് കപ്പലിനുനേരെ മിസൈൽ ആക്രമണം. സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന മാൾട്ടീസ് പതാക വഹിച്ച ‘സഫീൻ പ്രസ്റ്റീജ്’ കണ്ടയ്നർ ഷിപ്പിനുനേരെയാണ് ബുധനാഴ്ച രണ്ട് മിസൈൽ ആക്രമണം നടന്നത്.
ആക്രമണത്തെത്തുടർന്ന് കപ്പലിന്‍റെ എൻജിൻ റൂമിൽ തീപിടുത്തമുണ്ടായതായാണ് റിപ്പോർട്ട്. കപ്പലിൽ നിന്നുള്ള അപായ സന്ദേശം ലഭിച്ചയുടനെ ഒമാൻ റോയൽ നേവി സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.
കപ്പലിലെ ജീവനക്കാർക്കാവശ്യമായ പ്രാഥമിക ചികിത്സകൾ നൽകി. ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നും എല്ലാവരും ആരോഗ്യവാന്മാരാണെന്നും അധികൃതർ അറിയിച്ചു. മേഖലയിൽ കഴിഞ്ഞദിവസങ്ങളിൽ മറ്റ് എണ്ണക്കപ്പലുകൾക്കുനേരെയും ആക്രമണം നടന്നിരുന്നു.
ഞായറാഴ്ച ഒമാനിലെ ഖസബ് തീരത്തുനിന്ന് അഞ്ചുനോട്ടിക്കൽ മൈൽ അകലെ പാലാവു പതാകയുമായി സഞ്ചരിച്ച സ്കൈ ലൈറ്റ് എന്ന എണ്ണ കപ്പലിന് നേരെയും തിങ്കളാഴ്ച മസ്കത്ത് തീരത്തുനിന്ന് ഏകദേശം 52 നോട്ടിക്കൽ മൈൽ അകലെ മാർഷൽ ഐലൻഡ് പതാക വഹിച്ചിരുന്ന എം.കെ.ഡി വയോം എന്ന എണ്ണക്കപ്പലിന് നേരെയും ആക്രമണമുണ്ടായിരുന്നു.
ഈ രണ്ട് ആക്രമണങ്ങളിലുമായി മൂന്ന് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി ഇന്ത്യയിലെ ഡയറക്റേറ്റ് ജനറൽ ഓഫ് ഷിപ്പിങ് സ്ഥിരീകരിച്ചിരുന്നു. ഒമാനിൽ ബുധനാഴ്ച ആക്രമണ സംഭവങ്ങളൊന്നും റിപ്പോർട്ട്ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.