വാദി ദൈഖ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നപ്പോൾ
മസ്കത്ത്: വാദി ദൈഖ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതോടെ വെള്ളം കുത്തിയൊലിച്ചുപോകുന്ന നയനമനോഹര കാഴ്ച സന്ദർശകരെ ആകർഷിക്കുന്നു. ബുധനാഴ്ചയാണ് ഡാമിന്റെ ഷട്ടർ തുറന്നത്. അവധി ദിനമായതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിരവധി ആളുകളാണ് ഇവിടേക്ക് എത്തിയത്. ഏകദേശം 15 ദശലക്ഷം ഘനമീറ്റർ വെള്ളം തുറന്നുവിടുന്നതിനാണ് അണക്കെട്ട് തുറന്നത്. ഹെയിൽ അൽ ഗാഫ്, ദഗ്മർ ഗ്രാമങ്ങളിലെ കിണറുകളും മറ്റു ഭൂഗർഭജല സ്രോതസ്സുകളും റീചാർജ് ചെയ്യുക എന്നതാണ് ഒക്ടോബർ ആറുവരെ ഡാം തുറക്കുന്നതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ഈ പ്രദേശത്തെ കർഷകരുടെ വിളകൾക്ക് ജലസേചനം നടത്താനുംകൂടി ലക്ഷ്യമിട്ടാണ് ഡാം തുറന്നിരിക്കുന്നത്.
പ്രകൃതിവൈവിധ്യത്തിന് പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമാണ് ദൈഖ. മസ്കത്തിലെ വാദി അദൈയിൽനിന്ന് 90 കിലോമീറ്റർ അകലെയാണ് വാദി ദൈഖ ഡാം. 120ഓളം വാദികളിൽനിന്ന് വെള്ളം എത്തുന്നതാണ് ഡാം. ഇതിൽ വർഷത്തിൽ എല്ലാ കാലത്തും വെള്ളമുണ്ടാവാറുണ്ട്. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഡാമുകളിൽ ഒന്നാണിത്. ചുറ്റുമുള്ള ഗ്രാമങ്ങളിൽ ജനസേചന പദ്ധതിയായും മേഖലയെ പെെട്ടന്നുള്ള മലവെള്ളപ്പാച്ചിലിൽനിന്ന് സംരക്ഷണം നൽകാനും ഡാം ഉപകരിക്കുന്നുണ്ട്. വിദഗ്ധമായ എൻജിനീയറിങ്ങിൽ ഒമാൻ പ്രകൃതിസൗന്ദര്യത്തെ ഒപ്പിയെടുക്കുന്ന രീതിയിൽ പ്രത്യേകതരം കല്ലുകൾ ഉപയോഗിച്ചാണ് ഡാം നിർമിച്ചിരിക്കുന്നത്. 2012ലാണ് ഡാം പ്രവർത്തനക്ഷമമാക്കിയത്.
ചുറ്റുമുള്ള മലകളിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം സംഭരിച്ച് ചെറിയ വെള്ളച്ചാട്ടം വഴി താഴെയുള്ള ദൈഖ ഗ്രാമത്തിലേക്ക് ഒഴുക്കുകയായിരുന്നു നിർമാണ ലക്ഷ്യം. ഈ വെള്ളം ജലസേചനത്തിനും കാർഷിക ആവശ്യത്തിനും ഉപയോഗിക്കാനായി പുരാതന ജലസേചന സംവിധാനമായിരുന്ന ഫലജുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. എട്ടു കിലോമീറ്റർ ദൈർഘ്യമുള്ള ഡാമിൽ 100 ദശലക്ഷം ഘനമീറ്റർ ജലം ഉൾക്കൊള്ളും. രണ്ടു ഡാമുകൾ ചേർന്നതാണ് ദൈഖ ഡാം. പ്രധാന ഡാമിന് 75 മീറ്റർ ഉയരമുണ്ട്. രണ്ടാമത്തെ ഡാമിന് 48.5 മീറ്റർ ദൈർഘ്യമാണുള്ളത്. പ്രധാന ഡാമിന് വെള്ളം ഒഴിഞ്ഞുപോകാനുള്ള രണ്ടു ഷട്ടറുകളുമുണ്ട്. ഒരു പൊതു പാർക്കും റാഫ്റ്റിങ്, കയാക്കിങ് തുടങ്ങിയ ജല പ്രവർത്തനങ്ങളും ഉൾപ്പെടെ നിരവധി ടൂറിസ്റ്റ് സൗകര്യങ്ങൾ അടുത്തിടെ സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. 1821 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ച ഒരു സന്ദർശക കേന്ദ്രവും ഇവിടെയുണ്ട്. അതിലൂടെ സന്ദർശകർക്ക് അണക്കെട്ട് കാണാനും സൗകര്യങ്ങളെക്കുറിച്ച് അറിയാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.