മസ്കത്ത്: ഒമാനുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മസ്കത്തിൽ എംബസി തുറക്കാൻ സന്നദ്ധത അറിയിച്ച് വെനിസ്വേല. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി വെനിസ്വേലയുടെ വിദേശകാര്യ മന്ത്രി ഇവാൻ ഗിൽ പിന്റോ ബുധനാഴ്ച ടെലിഫോൺ സംഭാഷണം നടത്തി.
ഇരുരാജ്യങ്ങൾക്കിടയിലെ നിലവിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ സ്ഥിരതയെ പ്രശംസിച്ച സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, മസ്കത്തിൽ സ്ഥിരം എംബസി തുറക്കാനുള്ള വെനിസ്വേലയുടെ നീക്കത്തെ സ്വാഗതം ചെയ്തു. ഇതിലൂടെ ഇരുരാജ്യങ്ങൾക്കും ജനങ്ങൾക്കും ഇടയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുകയും വ്യാപാര-സാമ്പത്തിക പങ്കാളിത്ത അവസരങ്ങൾക്ക് ഊർജിതമാവുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടെലിഫോൺ സംഭാഷണത്തിൽ വെനിസ്വേലയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ ഇരുപക്ഷവും ചർച്ചചെയ്തു. രാജ്യങ്ങളുടെ പരമാധികാരം, സ്വാതന്ത്ര്യം, അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര നിയമത്തെ മാനിക്കുകയും സംവാദവും നയതന്ത്രവും പിന്തുടരുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷത്തെയും മന്ത്രിമാർ ഊന്നിപ്പറഞ്ഞു.
വെനിസ്വേലയിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കണമെന്നും രാജ്യങ്ങൾ തമ്മിൽ സമാധാനപരമായ സഹവർത്തിത്വം നിലനിർത്തണമെന്നും ആവശ്യപ്പെട്ട് ഒമാൻ സ്വീകരിച്ച ഉറച്ച നിലപാടുകൾക്ക് വെനിസ്വേലൻ മന്ത്രി നന്ദി അറിയിച്ചു.
അന്താരാഷ്ട്ര നിയമത്തോടുള്ള പൂർണ പിന്തുണയും രാജ്യങ്ങളുടെ പരമാധികാരവും സ്വാതന്ത്ര്യവും മാനിക്കുന്നതുമാണ് ഒമാന്റെ വിദേശനയത്തിന്റെ അടിസ്ഥാനമെന്ന് വെനിസ്വേലയിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഒമാൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം നിലപാട് വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ പങ്കാളികളായ എല്ലാ പക്ഷങ്ങളും പരമാവധി നിയന്ത്രണം പാലിക്കണമെന്നും, കൂടുതൽ സംഘർഷം ഒഴിവാക്കി സമവായത്തിലേക്കെത്തുന്നതിനായി ചർച്ചക്ക് മുൻഗണന നൽകണമെന്നുമാണ് ഒമാന്റെ നിലപാട്. വെനിസ്വേലൻ ജനതയുടെ സുരക്ഷ, സ്ഥിരത, സംരക്ഷണം എന്നിവക്കും അവരുടെ ന്യായമായ തെരഞ്ഞെടുപ്പുകൾക്കുമാണ് ശ്രമങ്ങൾ ഉണ്ടാവേണ്ടതെന്നും അന്താരാഷ്ട്ര സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്രസഭ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.