മസ്കത്ത്: ഫലസ്തീനിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി 10 ലക്ഷം ഒമാനി റിയാൽ പ്രാരംഭ മൂലധനത്തോടെ ഒരു പ്രത്യേക ചാരിറ്റബ്ൾ എൻഡോവ്മെന്റ് (വഖഫ്) ഫൗണ്ടേഷൻ സ്ഥാപിച്ച് ഒമാൻ ഔഖാഫ്, മതകാര്യ മന്ത്രാലയം. ഫലസ്തീൻ ജനതക്ക് ദീർഘകാലാടിസ്ഥാനത്തിൽ സഹായമെത്തിക്കുന്നതിനായി മന്ത്രാലയത്തിന്റെ പ്രത്യേക തീരുമാനപ്രകാരമാണ് (ഉത്തരവ് നമ്പർ 78/36) ഫൗണ്ടേഷൻ രൂപവത്കരിച്ചത്. കേവലം ഒരു താൽക്കാലിക ആശ്വാസ പദ്ധതിയെന്നതിലുപരി, സുസ്ഥിരമായ സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഫലസ്തീനിലെ പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പദ്ധതികൾക്കായിരിക്കും ഇതിൽനിന്നുള്ള വരുമാനം വിനിയോഗിക്കുക.
10 ലക്ഷം റിയാൽ എന്ന പ്രാരംഭ നിക്ഷേപം ഒരു സാമ്പത്തിക സ്രോതസ്സായി ഉപയോഗിക്കുകയും അതിൽനിന്നുള്ള നിക്ഷേപ വരുമാനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുകയും ചെയ്യും. ഇത് സഹായം വിതരണം ചെയ്യുന്നതിൽ സുതാര്യതയും തുടർച്ചയും ഉറപ്പാക്കും.
ഫലസ്തീൻ വിഷയത്തിൽ ഒമാൻ പുലർത്തുന്ന ഉറച്ച നിലപാടിന്റെയും മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെയും ഭാഗമായാണ് ഈ നടപടി. നേരത്തെയും ഒമാൻ ഗസ്സയിലെ കുട്ടികൾക്കായി യൂനിസെഫ് വഴിയും യു.എൻ.ആർ.ഡബ്ല്യു.എ വഴിയും ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായങ്ങൾ നൽകിയിട്ടുണ്ട്.
ഫണ്ടുകളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കാൻ സമഗ്ര ഭരണ ചട്ടക്കൂടും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നയരൂപവത്കരണം, പദ്ധതികളുടെ മേൽനോട്ടം എന്നിവക്കായി പ്രത്യേക ഡയറക്ടർ ബോർഡ് രൂപവത്കരിക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് ഉത്തരവാദിത്വപരവും സുതാര്യവുമായ സാമ്പത്തിക നിയന്ത്രണം ഉറപ്പാക്കുക എന്നതും ബോർഡിന്റെ ചുമതലയായിരിക്കും.
വഖഫ് സംസ്കാരത്തെ സജീവമാക്കി സാമൂഹികാധിഷ്ഠിത പദ്ധതികൾ വികസിപ്പിക്കുകയാണ് ഒമാൻ ലക്ഷ്യമിടുന്നതെന്നും ഫലസ്തീൻ വിഷയത്തിൽ സുൽത്താനേറ്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടിയെന്നും മന്ത്രാലയം അറിയിച്ചു.
ഔദ്യോഗിക മാർഗങ്ങളിലൂടെ സംഭാവന നൽകാം
ഒമാനിൽനിന്ന് ഫലസ്തീൻ ജനതയെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന ഔദ്യോഗിക മാർഗങ്ങളിലൂടെ സംഭാവനകൾ നൽകാവുന്നതാണ്. സംഭാവനകൾ സുരക്ഷിതമായി എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഈ ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണമെന്ന് ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ അറിയിച്ചു.
ജൂദ് പ്ലാറ്റ്ഫോം: ഒമാനിലെ ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള ഏകീകൃത പോർട്ടലായ Jood.om വഴി നേരിട്ട് ഓൺലൈനായി പണമടക്കാം. ഇതിൽ ‘ഫലസ്തീൻ എയ്ഡ് പ്രോജക്ട്സ്’, ‘സ്പോൺസറിങ് ഫലസ്തീനിയൻ ഓർഫൻസ്’ തുടങ്ങിയ വിവിധ പദ്ധതികളുണ്ട്.
ഇലക്ട്രോണിക് സകാത് പോർട്ടൽ: ഫലസ്തീനിലേക്കുള്ള സകാതും സദഖയും ഒമാൻ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.zakah.om വഴി നൽകാം.
എസ്.എം.സ്: മൊബൈൽ ഫോണിൽനിന്ന് ലളിതമായി എസ്.എം.എസ് വഴി സംഭാവന നൽകാം. ഒരീദോ കണക്ഷനുള്ളവർ ‘Palestine’ എന്ന് ടൈപ്പ് ചെയ്ത് 90909 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കുക. ഒമാൻ ടെൽ കണക്ഷനുള്ളവർ ‘Donate’ എന്ന് ടൈപ്പ് ചെയ്ത് 90022 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കുക.
ഒമാൻ ചാരിറ്റബ്ൾ ഓർഗനൈസേഷന്റെ (ഒ.സി.ഒ) അംഗീകൃത അക്കൗണ്ടുകൾ വഴിയും രാജ്യത്തുടനീളമുള്ള ഒ.എൻ.ഐ.ഇ.സി ഓട്ടോമേറ്റഡ് പേമെന്റ് മെഷീനുകൾ വഴിയും ഫലസ്തീൻ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.