മനോജ് (വലത്തേയറ്റം) ജയിൽമോചിതനായ ശേഷം ജാസിം കരിക്കോടിനും സുഹൃത്തുക്കൾക്കുമൊപ്പം
മസ്കത്ത്: ഒരു പതിറ്റാണ്ടിലേറെയായി സ്വന്തം കുടുംബാംഗങ്ങളെ കാണാനോ നാട്ടിൽ പോകാനോ കഴിയാതെ സുഹൃത്തിന്റെ ചതിയിൽപ്പെട്ട് ജയിലഴിക്കുള്ളിലായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ ചെമ്പഴന്തി സ്വദേശി മനോജിന് പ്രവാസി ലീഗൽ സെല്ലിന്റെ തുണയിൽ മോചനം. പ്രവാസി ലീഗൽ സെൽ വൈസ് പ്രസിഡന്റ് ജാസിം കരിക്കോടിന്റെ നേതൃത്വത്തിൽ ഏഴ് മാസത്തെ നിരന്തരമായ ശ്രമത്തിലൂടെയാണ് മനോജിനെ ജയിൽ മുക്തനാക്കിയത്.
മനോജ് ജയിലിലാകുന്നതിന് മുമ്പുള്ള ചിത്രം
സുഹൃത്തും ബിസിനസ് പാർട്ട്ണറുമായ ദീപു നായർ ബിസിനസിന്റെ പേരിൽ മനോജിനെ കബളിപ്പിക്കുകയായിരുന്നു. കയറ്റുമതി ബിസിനസ് തുടങ്ങാൻ 50 ലക്ഷം രൂപ ചെലവുവരുമെന്നാണ് ദീപു മനോജിനോട് പറഞ്ഞത്. നാട്ടിൽ വായ്പക്ക് ബാങ്കിനെ സമീപിച്ചെങ്കിലും മുമ്പ് ഭവനവായ്പ തിരിച്ചടവിൽ മുടക്കം വരുത്തിയിരുന്നതിനാൽ മനോജിന് വായ്പ ലഭിച്ചില്ല. ഇതേ തുടർന്ന് വീടും സ്ഥലവും അന്ന് ദുബൈയിൽ ജോലി ചെയ്തിരുന്ന ദീപുവിന്റെ ഭാര്യ ഐശ്വര്യയുടെ പേരിൽ എഴുതിക്കൊടുത്തു. തുടർന്ന് ഈ കരാർ കാട്ടി സ്വകാര്യ ബാങ്കിൽനിന്ന് 2014 നവംബറിൽ 48 ലക്ഷം രൂപയുടെ പർച്ചേസ് വായ്പയെടുക്കുകയായിരുന്നു. ബാങ്ക് വായ്പ അടച്ചുതീർന്നാൽ സ്ഥലം തിരിച്ച് എഴുതിനൽകാമെന്നായിരുന്നു മനോജും ദീപുവും തമ്മിലെ ധാരണ. മനോജ് ഈ സമയം ഒമാനിൽ പഴം, പച്ചക്കറി വിപണനം ചെയ്യുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.
ഇതിനിടെ ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞ് ഒമാനിലെത്തിയ ദീപു ഉള്ളി ഇറക്കുമതി ചെയ്തുതരാമെന്ന് വിശ്വസിപ്പിച്ച് മനോജിന്റെ സ്പോൺസറെ കൊണ്ട് ആറായിരം റിയാൽ തിരുവനന്തപുരത്തെ കയറ്റുമതിക്കാര്ക്കു അയച്ചു കൊടുപ്പിക്കുകയും ചെയ്തു. ഇത് കബളിപ്പിക്കലാണെന്ന് ബോധ്യമായതോടെ മനോജിനെ സ്പോൺസർ ജോലിയിൽനിന്ന് പറഞ്ഞുവിടുകയായിരുന്നു. മനോജിന്റെ വീടും സ്ഥലവും ബാങ്കിൽവെച്ച് വാങ്ങിയ ലക്ഷങ്ങളും സ്പോൺസറിൽനിന്നും വാങ്ങിയ ലക്ഷങ്ങളും കൈക്കലാക്കി ദീപു നായർ ഒമാൻ വിട്ടു. സാമ്പത്തികമായി എല്ലാം നഷ്ടപ്പെട്ട മനോജിന്റെ പേരിൽ കമ്പനികളും സ്പോൺസറും കേസു കൊടുത്തു. മനോജിന്റെ പേരിൽ വീടും സ്ഥലവും ജപ്തി ചെയ്തിട്ടും ദീപു നായർ ഇപ്പോഴും ഒളിവിലാണ്.
ആദ്യം ജയിലിലായ മനോജ് ഒമാനിലെ കോടതിക്ക് മനോജിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിനാൽ ജാമ്യവ്യവസ്ഥയിൽ പുറത്തിറങ്ങിയിരുന്നു. പിന്നീട് ജോലി ചെയ്ത് പല കടങ്ങളും വീട്ടി നാട്ടിൽ പോകാൻ സ്പോൺസറിന്റെ അനുമതി കിട്ടിയതനുസരിച്ച് എയർപോർട്ടിലെത്തിപ്പോഴാണ് മറ്റൊരു കേസുകൂടി തന്റെ പേരിലുള്ള വിവരം മനോജ് അറിയുന്നത്. ഇതോടെ വീണ്ടും ജയിലഴിക്കുള്ളിലായി. ഒമാനിലെ കരുണമനസ്കരായ പ്രവാസി മലയാളികളും, സംഘടനകളും വ്യക്തികളും നൽകിയ സഹായവും പിന്തുണയും കൊണ്ടാണ് ഇപ്പോൾ മനോജിന് പുറംലോകം കാണാനായത്. ഒമാനിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് പരാതി കൈമാറിയിരുന്നു. നാട്ടിൽ ദീപു നായർക്കും ഭാര്യ ഐശ്വര്യക്കുമെതിരെ മനോജിന്റെ ഭാര്യയും നോർക്ക സെൽ വഴി പരാതി കൊടുത്തിട്ടുണ്ട്.
മനോജിന്റെ കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രതിനിധികളായ അഡ്വ. ജോസ് എബ്രഹാം, അഡ്വ.ആർ. മുരളിധരൻ, സുധീർ തിരുനിലത്ത് തുടങ്ങിയവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.