ഒമാനിലേക്കുള്ള യാത്രക്കാർക്ക് എത്രവരെ കസ്റ്റംസ് ഡ്യൂട്ടി ഇളവ് ലഭിക്കും?

മസ്കത്ത്: ഒമാനിലേക്ക് വരുന്ന പ്രായപ:ർത്തിയായ യാത്രക്കാർക്ക് (18 വയസ്സും അതിനുമുകളിലും പ്രായമുള്ളവർക്ക്) അവർ കൊണ്ടുവരുന്ന പേഴ്സണൽ സാധനങ്ങൾക്കും ഗിഫ്റ്റുകൾക്കും 300 ഒമാനി റിയാൽ വരെ കസ്റ്റംസ് ഡ്യൂട്ടി ഇളവ് ലഭിക്കുമെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു. നിലവിലെ വിനിമയ നിരക്കനുസരിച്ച് ഇത് 75,000 ഇന്ത്യൻ രൂപയോളം മൂല്യം വരും. ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ് നിഷ്കർഷിക്കുന്ന നിബന്ധനകൾക്ക് വിധേയമായായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. വ്യക്തിഗത ഉപയോഗം, ഗിഫ്റ്റ് പരിധിയിൽ കൊണ്ടുവരുന്ന സാധനങ്ങൾ പൂർണമായും സ്വന്തം ആവശ്യത്തിനോ സമ്മാനമായി നൽകാനോ ഉള്ളതായിരിക്കണം. അവ ഒരു കാരണവശാലും വാണിജ്യ ആവശ്യങ്ങൾക്കായി വിൽക്കാൻ കൊണ്ടുവരുന്നതാകരുത്. യാത്രക്കാരുടെ കൈവശമുള്ള ഇത്തരം സാധനങ്ങളുടെ ആകെ മൂല്യം 300 ഒമാനി റിയാലിൽ കൂടാൻ പാടില്ല. യാത്രക്കാർ സ്ഥിരമായി കസ്റ്റംസ് സേവനങ്ങൾ ഉപയോഗിക്കുന്നവരോ കസ്റ്റംസ് വഴി സ്ഥിരമായി സാധനങ്ങൾ കൊണ്ടുവരുന്നവരോ ആവരുതെന്ന നിബന്ധനയുമുണ്ട്. കസ്റ്റംസ് നികുതി ഇളവ് ലഭിക്കുന്നതിനായി യാത്രക്കാരന് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണമെന്നതും പ്രധാന നിബന്ധനയാണെന്ന് ഒമാൻ കസ്റ്റംസ് വ്യക്തമാക്കി.

ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് കസ്റ്റംസ് തീരുവ നൽകാതെ കൊണ്ടുവരാനാകുന്ന സാധനങ്ങളുടെ പട്ടിക കഴിഞ്ഞദിവസം ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ് പുറത്തിറക്കിയിരുന്നു. സ്വകാര്യ ഉപയോഗത്തിനുള്ള ആഭരണങ്ങൾ, വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, ലാപ്‌ടോപ്, പോർട്ടബിൾ പ്രിന്റർ, വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾ, വീൽചെയർ, കുഞ്ഞുങ്ങളുടെ സ്‌ട്രോളർ, പോർട്ടബിൾ സംഗീതോപകരണങ്ങൾ, വ്യക്തികളുടെ കായികോപകരണങ്ങൾ, ടെലിവിഷൻ സെറ്റുകളും റിസീവർ യൂനിറ്റുകളും, വ്യക്തികളുടെ ഉപയോഗത്തിനുള്ള വീഡിയോ കാമറ, പ്രൊജക്ടർ, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവയാണ് ഈ പട്ടികയിൽ ഉൾപ്പെടുക.

Tags:    
News Summary - Up to OMR 300 customs duty exemption for Oman travelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.