മസ്കത്ത്: ഇന്ത്യയിൽ ചികിത്സക്ക് എത്തുന്ന ഒമാൻ സ്വദേശികൾ മെഡിക്കൽ വിസയിൽ മാത്രമേ വരാൻ പാടുള്ളൂവെന്ന് മുംബൈയിലെ ഒമാൻ കോൺസുലേറ്റ് ജനറൽ മുന്നറിയിപ്പ് നൽകി. രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലുമുള്ള സ്പെഷാലിറ്റി ആശുപത്രികളിലും ട്രീറ്റ്മെൻറ് കേന്ദ്രങ്ങളിലും ചികിത്സ ലഭ്യമാക്കാൻ മെഡിക്കൽ വിസ അനിവാര്യമാണ്. അല്ലാത്ത പക്ഷം ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകാം. കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ മെഡിക്കൽ വിസാ നിരക്കുകളിൽ മാറ്റം വന്നിരുന്നു. ആറുമാസ കാലാവധിയുള്ള വിസക്ക് 30.9 റിയാലാണ് നിരക്ക്. ഒരു വർഷ കാലാവധിയുള്ളതിന് 46.3 റിയാലും നൽകണം. ഇന്ത്യയിലെ മെഡിക്കൽ ടൂറിസത്തിെൻറ വളർച്ച ലക്ഷ്യമിട്ട് എംബസി ആഭിമുഖ്യത്തിൽ മെഡിക്കൽ വിസ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി ബി.എൽ.എസ് സെൻററിൽ പ്രത്യേക കൗണ്ടർ ഒരുക്കിയിട്ടുണ്ട്.
നേരത്തേ മെഡിക്കൽ വിസക്ക് അധിക നിരക്ക് ഇൗടാക്കേണ്ടിയിരുന്നതിനാൽ സ്വദേശികൾ ടൂറിസ്റ്റ് വിസയിൽ പോകുന്നത് പതിവായിരുന്നു. ഇത് വിമാനത്താവളങ്ങളിൽ അടക്കം തടഞ്ഞുവെക്കപ്പെടുന്ന സാഹചര്യത്തിന് വഴിയൊരുക്കിയിരുന്നു. ഇതിന് ശേഷമാണ് മെഡിക്കൽ ടൂറിസത്തിെൻറ വളർച്ച ലക്ഷ്യമിട്ട് വിസാ നിരക്കുകളിൽ കുറവുവരുത്തിയത്.
വിദേശത്ത് ചികിത്സ നിർദേശിച്ചുള്ള ഒമാൻ ആശുപത്രിയിൽനിന്നുള്ള റഫറൽ ലെറ്ററോ പ്രാഥമിക മെഡിക്കൽ ഉപദേശവും അപ്പോയിൻമെൻറ് നൽകിയതിെൻറ അല്ലെങ്കിൽ ചികിത്സ നൽകാൻ സന്നദ്ധത അറിയിച്ചുള്ളതുമായ ഇന്ത്യയിലെ ആശുപത്രിയിൽ നിന്നുള്ള കത്തും അപേക്ഷക്ക് ഒപ്പം നൽകണം.
പരമാവധി ഒരു വർഷം വരെയാണ് വിസ നൽകുക. ആറു മാസത്തിലധികം ഇന്ത്യയിൽ തങ്ങണമെന്നുള്ളവർ രാജ്യത്ത് എത്തി ഫോറിനേഴ്സ് റീജ്നൽ രജിസ്ട്രേഷൻ ഒാഫിസിൽ രജിസ്റ്റർ ചെയ്യണം. ജീവിത പങ്കാളി, മക്കൾ അല്ലെങ്കിൽ രക്തബന്ധത്തിലുള്ളവർക്കാണ് രോഗിക്ക് ഒപ്പം സഹായത്തിന് പോകാൻ വിസ നൽകുക. പരമാവധി രണ്ട് പേർക്കാകും രോഗിക്ക് ഒപ്പം പോകാൻ വിസ ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.