മസ്കത്ത്: അഞ്ചുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളുടെ റസിഡന്റ് കാർഡ് പുതുക്കിയിട്ടില്ലെങ്കിൽ പിഴ അടക്കേണ്ടി വരും. കാലാവധി കഴിഞ്ഞു ഓരോമാസത്തിനും പത്ത് റിയാൽ വീതമായിരിക്കും ഈടാക്കുക. കഴിഞ്ഞ ദിവസം കാർഡ് പുതുക്കാനായിപോയ പ്രവാസി കുടുംബത്തിൽനിന്ന് 80 റിയാലാണ് ഈടാക്കിയത്.
രാജ്യത്തെ പ്രവാസി കുടുംബങ്ങളുടെ കുട്ടികൾക്ക് പത്തുവയസ്സിനു മുകളിലാണ് റസിഡന്റ് കാർഡ് നിർബന്ധമുള്ളത്. എന്നാൽ, അഞ്ചുവയസ്സ് പ്രായമായവർക്ക് അപേക്ഷിക്കുന്ന മുറക്ക് റസിഡന്റ് കാർഡ് നൽകുന്നുണ്ട്. സ്കൂളിൽ ചേർക്കുന്നതിനും മറ്റു ആവശ്യങ്ങൾക്കുമാണ് പല പ്രവാസി രക്ഷിതാക്കളും കുട്ടികൾക്ക് റസിഡന്റ് കാർഡെടുക്കുന്നത്. ഇങ്ങനെയെടുക്കുന്നവർ കാലാവധി കഴിഞ്ഞാലും പുതുക്കാറില്ല. പത്തുവയസ്സിനു മുകളിലല്ലേ കാർഡ് നിർബന്ധമുള്ളൂ എന്ന കാരണത്താലാണ് പലരും പുതുക്കാൻ മടികാണിക്കാറുള്ളത്. എന്നാൽ, ഇത്തരത്തിൽ അമാന്തം കാണിച്ചാൽ വലിയ തുകയായിരിക്കും പലപ്പോഴും നൽകേണ്ടി വരുകയെന്ന് കഴിഞ്ഞദിവസം പിഴയടച്ച കോട്ടയം സ്വദേശി ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
അതേസമയം, പത്തുവയസ്സിനു മുകളിലുള്ള പ്രവാസി കുട്ടികൾ നിർബന്ധമായും റസിഡന്റ് കാർഡ് എടുത്തിരിക്കേണ്ടതാണെന്ന് റോയൽ ഒമാൻ പൊലീസ് അധികൃതർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പല പ്രവാസി രക്ഷിതാക്കളുടെയും ധാരണ 15 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് മാത്രമാണ് റസിഡന്റ് കാർഡ് നിർബന്ധമുള്ളൂയെന്നാണ്. എന്നാൽ, കാര്യങ്ങൾ അങ്ങനെയല്ല എന്നാണ് ആർ.ഒ.പിയുടെ പാസ്പോർട്ട് ആൻഡ് റെസിഡൻസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുള്ളത്. റസിഡന്റ് കാർഡ് എടുക്കാത്തപക്ഷം രക്ഷിതാവിന്റെ പേരിൽ പിഴ ചുമത്തും.
സുൽത്താനേറ്റിൽ താമസിക്കുന്ന ഓരോ പ്രവാസിയും രാജ്യത്തെത്തി 30 ദിവസത്തിനുള്ളിൽ റസിഡന്റ് കാർഡ് എടുത്തിരിക്കണം. ഇത് 10 വയസ്സിനു മുകളിലുള്ള അവരുടെ കുട്ടികൾക്കും ബാധകമാണ്. വൈകുന്ന ഓരോ മാസത്തിനും പത്തു റിയാൽ പിഴയീടാക്കും. ഒറിജിനൽ പാസ്പോർട്ട്, ജോലി ചെയ്യുന്ന കമ്പനിയിൽനിന്നുള്ള കത്ത്, മെഡിക്കൽ പരിശോധനക്കു ശേഷം തൊഴിൽ മന്ത്രാലയത്തിന്റെ ഫോമിന്റെ ഒറിജിനൽ, പകർപ്പുകൾ എന്നിവ സഹിതം പ്രവാസി ഡിപ്പാർട്ട്മെന്റ് സന്ദർശിച്ചാൽ മുതിർന്ന ഒരാൾക്ക് പുതിയ റസിഡന്റ് കാർഡ് സ്വന്തമാക്കാം. ഈ നിയമങ്ങളും നടപടിക്രമങ്ങളും രാജ്യത്ത് രണ്ട് വർഷമായി പ്രാബല്യത്തിൽ വന്നതാണ്. എന്നാൽ, ഇത് പലർക്കും അറിയില്ല. പിഴ അടക്കേണ്ടി വരുമ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപെടാറുള്ളതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.