മസ്കത്ത്: ഉപഭോക്താക്കളുമായുള്ള കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെടുകയും വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാതിരിക്കുകയും ചെയ്ത മസ്‌കത്തിലെ മൂന്ന് വാഹന ഗാരേജുകൾക്കെതിരെ നിയമനടപടിയുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചതിന് ഈ സ്ഥാപനങ്ങൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
വർക്ക്‌ഷോപ്പുകൾക്കും അവയുടെ പ്രതിനിധികൾക്കും ആകെ 1,600 ഒമാനി റിയാൽ പിഴ ചുമത്തിയ കോടതി, കോടതിച്ചെലവുകൾ പൂർണമായും പ്രതികൾ വഹിക്കണമെന്നും ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട സിവിൽ നഷ്ടപരിഹാര ക്ലെയിമുകൾ കൂടുതൽ നടപടികൾക്കായി സിവിൽ കോടതിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. മൂന്ന് ഉപഭോക്താക്കൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ വിധി.
ഉപഭോക്താവിന്റെ വാഹനം റീപെയിന്റ് ചെയ്യുന്നത് ഒരു വർക്ക്‌ഷോപ്പ് അനാവശ്യമായി വൈകിപ്പിച്ചതാണ് ഒന്നാമത്തെ കേസ്. മാത്രമല്ല, അറ്റകുറ്റപ്പണിക്കിടെ വാഹനത്തിന് കൂടുതൽ കേടുപാടുകൾ വരുത്തുകയും ചെയ്ത ജോലിക്ക് ഇൻവോയ്സ് നൽകാൻ വിസമ്മതിക്കുകയും ചെയ്തു. എഞ്ചിൻ അറ്റകുറ്റപ്പണിക്കായി നിശ്ചയിച്ച തുകയുടെ ഒരു ഭാഗം ഉപഭോക്താവ് മുൻകൂറായി നൽകിയിട്ടും, ഏകദേശം മൂന്ന് വർഷത്തോളമായി ജോലി പൂർത്തിയാക്കി നൽകാതെ വർക്ക്‌ഷോപ്പ് അധികൃതർ വീഴ്ച വരുത്തിയതാണ് രണ്ടാമത്തെ കേസ്.
വാഹനം ഏഴു മാസത്തോളം അറ്റകുറ്റപ്പണിക്കായി വർക്ക്‌ഷോപ്പിൽ കിടന്നതാണ് മൂന്നാമത്തെ കേസ്. ഈ കാലയളവിൽ, ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ വാഹനത്തിന്റെ ഗിയർ ബോക്സ് മാറ്റുകയും, ഉടമയുടെ അനുമതിയില്ലാതെ വാഹനം പല വർക്ക്‌ഷോപ്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയും ചെയ്തു.
പരാതികളെക്കുറിച്ച് അന്വേഷിച്ച ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഈ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും തുടർന്ന് കോടതി പ്രതികൾക്ക് സാമ്പത്തിക പിഴ ചുമത്തുകയുമായിരുന്നു. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.