ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച മസ്കത്തിലെ അൽ ഫത്തഹ് സ്ക്വയറിൽ നടന്ന പരേഡ് ചടങ്ങിൽനിന്നുള്ള ദൃശ്യങ്ങൾ
മസ്കത്ത്: രാജ്യത്തിന്റെ 55ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള സൈനിക പരേഡ് മസ്കത്തിലെ അൽ ഫത്തഹ് സ്ക്വയറിൽ നടന്നു. സേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിഖ് സല്യൂട്ട് സ്വീകരിച്ചു. സുൽത്താൻ അധികാരമേറ്റതിനുശേഷമുള്ള അഞ്ചാമത്തെ പരേഡാണ് വ്യാഴാഴ്ച നടന്നത്.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച മസ്കത്തിലെ അൽ ഫത്തഹ് സ്ക്വയറിൽ നടന്ന പരേഡ് ചടങ്ങിൽനിന്നുള്ള ദൃശ്യങ്ങൾ
റോയൽ ഒമാൻ എയർഫോഴ്സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താന്റെ പ്രത്യേക സേന, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ, സംയുക്ത സൈനിക മ്യൂസിക്കൽ ബാൻഡ് തുടങ്ങിയവയെ പ്രതിനിധാനം ചെയ്യുന്ന യൂനിറ്റുകൾ ചടങ്ങിൽ പങ്കെടുത്തു.
പരേഡ് ഗ്രൗണ്ടിലെത്തിയ സുൽത്താനെ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ദേശീയ ദിനാഘോഷത്തിൽ ഫത്തഹ് സ്ക്വയറിൽ നടന്ന സൈനിക
പരേഡ് സുൽത്താൻ ഹൈതം ബിൻ താരിഖ് വീക്ഷിക്കുന്നു (ഇടത്ത്)
സൈനികവിഭാഗം സല്യൂട്ട് നൽകിയും സൈനിക ബാൻഡ് സംഘം ദേശീയഗാനം ആലപിച്ചും സുൽത്താനെ ആനയിച്ചു. സുൽത്താന് ആദരവ് അറിയിച്ച് 21 ആചാരവെടികളും മുഴങ്ങി. വിവിധ സൈനികവിഭാഗങ്ങളുടെ മ്യൂസിക്കൽ പരേഡും നടന്നു. രാജകുടുംബത്തിലെ അംഗങ്ങൾ, സ്റ്റേറ്റ് കൗൺസിൽ, ശൂറ കൗൺസിൽ ചെയർമാൻമാർ, മന്ത്രിമാർ, ഉപദേഷ്ടാക്കൾ, മറ്റ് സൈനിക, സുരക്ഷ വകുപ്പുകളുടെ കമാൻഡർമാർ, അറബ് നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, ശൂറ കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, ഗവർണർമാർ, ജഡ്ജിമാർ, പബ്ലിക് പ്രോസിക്യൂഷൻ ഡിപ്പാർട്മെന്റ് അംഗങ്ങൾ, വാലിമാർ, ശൈഖ്മാർ, അംബാസഡർമാർ എന്നിവർ പങ്കെടുത്തു.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡിൽ
അണിനിരന്ന അശ്വാരൂഢ സേന
അതേസമയം, വ്യാഴാഴ്ച രാവിലെ മുതൽ ജനങ്ങൾ ഘോഷവുമായി തെരുവിലിറങ്ങി. ദേശസ്നേഹം പ്രകടിപ്പിച്ചും രാജ്യത്തിന് കൂറ് പ്രഖ്യാപിച്ചും സുൽത്താൻ ഹൈതം ബിൻ താരിഖിന് അഭിവാദ്യമർപ്പിച്ചും ഗവർണറേറ്റുകളിൽ വിവിധങ്ങളായ പരിപാടികൾ നടന്നു. വിവിധ വിലായത്ത് സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തിൽ റാലികളും സംഘടിപ്പിച്ചു. ദേശീയപതാകയും സുൽത്താന്റെ ചിത്രങ്ങളും വഹിച്ചുള്ള റാലിയിൽ കുട്ടികളുമടക്കം നിരവധിപേർ പങ്കാളികളായി. സാമൂഹിക, സാംസ്കാരിക പരിപാടികളും നടന്നു.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡിൽ
റോയൽ ഒമാൻ എയർഫോഴ്സിന്റെ പ്രകടനം
ആഘോഷങ്ങൾക്ക് നിറം പകർന്ന് മസ്കത്തിലെ സീബിലും ദോഫാറിലെ സലാലയിലും രാത്രി കരിമരുന്ന് പ്രയോഗവും നടന്നു. ജനത്തിരക്ക് കാരണം പലയിടത്തും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. കഴിഞ്ഞവർഷമാണ് ദേശീയദിനാഘോഷത്തിൽ കരിമരുന്ന് പ്രയോഗം തിരിച്ചെത്തുന്നത്. 2023ൽ ആഘോഷങ്ങൾ ഔദ്യോഗിക പരിപാടികളിൽ മാത്രം ഒതുങ്ങിയപ്പോൾ 2022ൽ വെടിക്കെട്ടിന് പകരം ലേസർ ഷോകളായിരുന്നു നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.