ഒമാൻ ബൊട്ടാണിക് ഗാർഡന്റെ ദൃശ്യം
മസ്കത്ത്: ഒമാൻ ബൊട്ടാണിക് ഗാർഡനിൽ കഫേകൾ, റസ്റ്റാറന്റ്, റീട്ടെയിൽ സ്പേസുകൾ എന്നിവയുടെ പ്രവർത്തനത്തിനായി മസ്കത്ത് മുനിസിപ്പാലിറ്റി ബിഡ് പ്രഖ്യാപിച്ചു. യോഗ്യതയുള്ള രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് അംഗീകൃത നിബന്ധനകൾപ്രകാരം ടെൻഡറിൽ പങ്കെടുക്കാമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. സന്ദർശകർക്ക് മികച്ച അനുഭവം ഒരുക്കാൻ ഉദ്ദേശിച്ച്, ഉയർന്ന നിലവാരത്തിലുള്ള ഭക്ഷണവും പാനീയങ്ങളും റീട്ടെയിൽ സേവനങ്ങളും രജിസ്റ്റർ ചെയ്ത ബ്രാൻഡുകൾ ഉപയോഗിച്ച് നടത്താനുള്ള സൗകര്യങ്ങൾ ബൊട്ടാണിക്കൽ ഗാർഡനിൽ ഒരുക്കുകയാണ് ലക്ഷ്യം. മൂന്ന് കഫേകളും നാലു പോപ്-അപ് ഫുഡ് കാർട്ടുകളും വിസിറ്റർ സെന്ററിലെ ഗിഫ്റ്റ് ഷോപ്പുകളുമാണ് ബിഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ദോഫാർ മൗണ്ടയ്ൻ കഫേ എന്ന പേരിൽ രണ്ട് പ്രോജക്ടാണുള്ളത്. ഒന്നാമത്തേത് ഗ്രൗണ്ട് ഫ്ലോറിൽ 95 ചതുരശ്ര മീറ്ററിലും രണ്ടാമത്തേത് ഫസ്റ്റ് ഫ്ലോറിൽ 62 ചതുരശ്ര മീറ്ററിലും ആധുനിക ബ്രാൻഡ് ആശയത്തോടെ കഫേ പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്. സ്നാക്സ്, പാനീയങ്ങൾ, സ്പെഷൽ കോഫി എന്നിവക്കായി നാലു പോപ് -അപ് ഫുഡ് കാർട്ടുകൾ ഒരുക്കാനും വിസിറ്റർ സെന്ററിലെ ഗിഫ്റ്റ് ഷോപ് ഒരുക്കാനും അന്താരാഷ്ട്ര ഭക്ഷണവും പാനീയങ്ങളും പ്രത്യേക രജിസ്റ്റർ ചെയ്ത ബ്രാൻഡിൽ പ്രവർത്തിപ്പിക്കാൻ ‘ഹജർ മൗണ്ടയ്ൻസ് റസ്റ്റാറന്റ്’ എന്ന ആശയവും ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത ബ്രാൻഡും ആധുനിക ബ്രാൻഡിങ് ആശയവും ഉപയോഗിച്ച് മാത്രം ബിഡ് നൽകാവുന്നതാണെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. കൂടുതൽ വിവരങ്ങൾക്ക്, nashwa.h.alsinani@mm.gov.om എന്ന ഇ-മെയിൽ വഴി ബന്ധപ്പെടാം.
ഒമാനിലെ സസ്യജാല വൈവിധ്യത്തെയും ആവാസ വ്യവസ്ഥകളെയും അടുത്തറിയാൻ സഹായിക്കുന്ന വൻകിട ടൂറിസം -ഗവേഷണ പദ്ധതിയാണ് ഒമാൻ ബൊട്ടാണിക് ഗാർഡൻ. ഒമാന്റെ അപൂർവമായ ഭൂപ്രകൃതിയും സമ്പന്നമായ സസ്യവൈവിധ്യവും ആഘോഷിക്കുന്ന വേദിയാണ് ഒമാൻ ബൊട്ടാണിക് ഗാർഡൻ രൂപകൽപന ചെയ്തിട്ടുള്ളത്. ഒമാനിലെ വിവിധ പരിസ്ഥിതി സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന എട്ട് വ്യത്യസ്ത ഭൂപ്രകൃതി മേഖലകൾ ബൊട്ടാണിക്ക് ഗാർഡനിൽ സന്ദർശകർക്ക് അനുഭവിക്കാനാകും. ഇതിൽ ആറ് മേഖലകൾ പാതിവരണ്ട പ്രദേശത്തിലൂടെ നീളുന്ന പ്രകൃതിദത്ത താഴ്വരകളെ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ്. ശേഷിക്കുന്ന രണ്ട് വൻ ബയോമുകൾ രാജ്യത്തിന്റെ വടക്കൻ പർവതപ്രദേശങ്ങളിലെ കാലാവസ്ഥയും തെക്കൻ പ്രദേശങ്ങളിലെ കൂടുതൽ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയും പുനരാവിഷ്കരിക്കുന്നു.
ബൊട്ടാണിക് ഗാർഡന്റെ ചുമതല മസ്കത്ത് മുനിസിപ്പാലിറ്റിക്ക് കഴിഞ്ഞ ഡിസംബറിൽ പൈതൃക ടൂറിസം മന്ത്രാലയം കൈമാറിയിരുന്നു. മസ്കത്തിൽനിന്ന് 35 കിലോമീറ്റർ അകലെ ഹജർ പർവതനിരയിൽ 495 ഹെക്ടറിലായാണ് ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.
ഇതിനോടനുബന്ധിച്ച് 55 ഹെക്ടറിൽ ഗാർഡനും ഒരുക്കിയിട്ടുണ്ട്. ഒമാനിന്റെ ഭൂമിശാസ്ത്രപരവും സസ്യശാസ്ത്രപരവുമായ വൈവിധ്യത്തെ വിദ്യാഭ്യാസ, വിനോദ സഞ്ചാര ലക്ഷ്യങ്ങളുമായി ഏകോപിപ്പിച്ചാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. അന്തിമ മുന്നൊരുക്കങ്ങൾ കൂടി പൂർത്തിയാവുന്നതോടെ വൈകാതെ ഉദ്യാനം പൂർണമായും പൊതുജനങ്ങൾകായി തുറന്നുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.