സജി ഔസഫ്
മസ്കത്ത്: ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റിയെ കെ.പി.സി.സി പിരിച്ചുവിട്ടു. ഇതുസംബന്ധിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണെൻറ കത്ത് ലഭിച്ചിട്ടുണ്ടെന്ന് ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള അറിയിച്ചു.
കമ്മിറ്റിയുടെ തുടർപ്രവർത്തനങ്ങൾക്കായി ഏഴംഗ അഡ്ഹോക് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. ഒ.ഐ.സി.സി മിഡിലീസ്റ്റ് കൺവീനറായ സജി ഔസേഫിനെ അഡ്ഹോക് കമ്മിറ്റിയുടെ കോഓഡിനേറ്ററായും നിയമിച്ചു. എസ്. പുരുഷോത്തമൻ നായർ, ഹൈദ്രോസ് പുതുവന, നിയാസ് ചെണ്ടയാട്, ബിന്ദു പാലക്കൽ, എം.ജെ. സലീം, ബനീഷ് മുരളി എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങൾ. പുതിയ കമ്മിറ്റി നിലവിൽ വരുന്നതുവരെ അഡ്ഹോക് കമ്മിറ്റിക്കായിരിക്കും ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റിയുടെ ഭരണച്ചുമതല. നിലവിലുള്ള കമ്മിറ്റി സിദ്ദീഖ് ഹസെൻറ നേതൃത്വത്തിൽ 11 വർഷത്തോളമായി ഒമാനിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ജനറൽ സെക്രട്ടറി എൻ.ഒ. ഉമ്മൻ നാലു വർഷം മുമ്പ് രാജിവെച്ചിരുന്നു. മൂന്നുവർഷത്തേക്കായിരുന്നു നിലവിലെ കമ്മിറ്റി കെ.പി.സി.സി പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ കമ്മിറ്റി പല കാരണങ്ങളാൽ നീളുകയായിരുന്നു. എല്ലാ വിഭാഗം പ്രവർത്തകരെയും സഹകരിപ്പിച്ച് ഒ.ഐ.സി.സിയെ ശക്തിപ്പെടുത്തുകയാണ് തെൻറ ചുമതലയെന്ന് പുതുതായി നിയമിച്ച കോഓഡിനേറ്റർ സജി ഔേസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.