ഒമാനിലെ എണ്ണ പര്യവേക്ഷണത്തിന്റെ പഴയകാല ചിത്രം, ഒമാനിൽ എണ്ണ- വാതക പര്യവേക്ഷണത്തിന്റെ നൂറുവർഷം ആചരിക്കുന്നതിന്റെ ഭാഗമായി
സംഘടിപ്പിച്ച പ്രദർശനത്തിൽനിന്ന്
മസ്കത്ത്: ഒമാനിൽ എണ്ണയുടെയും വാതകത്തിന്റെയും പര്യവേക്ഷണത്തിന് തുടക്കമിട്ടതിന്റെ നൂറാം വാർഷികം ആചരിച്ച് ഒമാൻ. ഊർജ-ഖനന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ മസ്കത്തിലെ റോയൽ ഓപറ ഹൗസിൽ നടന്ന ചടങ്ങിൽ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി എച്ച്.എച്ച്. സയ്യിദ് ഷിഹാബ് ബിന് തരീക് അൽ സഈദ് അധ്യക്ഷതവഹിച്ചു.
1925ലായിരുന്നു ഒമാനിൽ എണ്ണ പര്യവേക്ഷണത്തിന്റെ തുടക്കം. ചടങ്ങിൽ ഒമാനിലെ ഊർജമേഖലയുടെ ചരിത്രഗതിയെയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രധാന ഘട്ടങ്ങളെയും മാറ്റങ്ങളെയും അടയാളപ്പെടുത്തുന്ന അവതരണം നടന്നു
നവീകരണ ഊർജവും ഗ്രീൻ ഹൈഡ്രജനും ഉൾപ്പെടുന്ന ഭാവി ഊർജതന്ത്രങ്ങളിലേക്കുള്ള ഒമാന്റെ വികസന ദിശയും ചടങ്ങിൽ അവതരിപ്പിക്കപ്പെട്ടു.
എണ്ണപര്യവേക്ഷണത്തിന്റെ നൂറ് വർഷം പൂർത്തിയാവുന്നത് ഒമാന്റെ ചരിത്രത്തിൽ നിർണായക ഘട്ടമാണെന്ന് ഊർജ-ഖനനമന്ത്രി എൻജി. സാലിം നാസർ അൽ ഔഫി പറഞ്ഞു. വെല്ലുവിളികളും പരിമിതികളും മറികടന്ന് തലമുറകൾ കെട്ടിപ്പടുത്ത ഈ മേഖല ഇന്ന് ദേശീയ സാമ്പത്തികത്തിന്റെ നെടുംതൂണായി നിലകൊള്ളുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1925 മേയ് 18ന് ഡാർസി എക്സ്പ്ലോറേഷൻ കമ്പനിയുമായി ഒപ്പുവെച്ച കരാർ വഴിയാണ് ഒമാനിൽ എണ്ണ- വാതക പര്യവേക്ഷണയാത്ര ആരംഭിച്ചത്. 1955ൽ ‘ദൗക്ക-1’ കിണർ തുരന്നതോടെ അടിസ്ഥാനഘട്ടം ആരംഭിച്ചു. തുടർന്ന് ഫാഹൂദ് മേഖലയിലെ എണ്ണയുടെ കണ്ടെത്തലാണ് വഴിതിരിവായത്.
1967ൽ മിന അൽ ഫഹൽ തുറമുഖത്തുനിന്ന് ആദ്യ ഒമാനി ക്രൂഡ് ഓയിൽ കയറ്റുമതി നടന്നു. 5,000 ബാരൽ ആയിരുന്നു അന്ന് പ്രതിദിന ശരാശരി ഉൽപാദനം. ഇന്ന് 10 ലക്ഷം ബാരലിനടുത്താണ് പ്രതിദിന ഉൽപാദനം.
ഒമാനിൽ സുസ്ഥിരമായ രാഷ്ട്രീയ സാഹചര്യം എണ്ണ-വാതക മേഖലയിലെ നിക്ഷേപത്തിന് വിശ്വാസ്യത ഉറപ്പിക്കുന്നതായിരുന്നു. ഇത് അന്താരാഷ്ട്ര പങ്കാളിത്തം ആകർഷിച്ചു. കഴിഞ്ഞവർഷം പ്രവർത്തനം തുടങ്ങിയ, 3.5 ബില്ല്യൺ ഒമാനി റിയാൽ നിക്ഷേപമുള്ള ദുകം റിഫൈനറി-പെട്രോ കെമിക്കൽ സമുച്ചയം ഇതിന്റെ ഉദാഹരണമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രത്യേക ഇളവുകൾക്ക് അനുമതിയുള്ള പ്രദേശങ്ങളുടെ എണ്ണം 58 ആയി വളർന്നു. 34 പ്രവർത്തന ബ്ലോക്കുകളിലായി 16 കമ്പനികൾ പ്രവർത്തിക്കുന്നു. നിലവിലെ എണ്ണശേഖരം 4.8 ബില്ല്യൺ ബാരലും പ്രകൃതി വാതക ഉൽപാദനം പ്രതിദിനം 150 മില്യൺ ക്യൂബിക് മീറ്ററുമാണ്.
എണ്ണ-വാതക മേഖലയിലെ ജീവനക്കാരിൽ 93 ശതമാനവും ഒമാനികളാണ്. ഏകദേശം 20,000 പേരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾ. മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി.എസ്.ആർ) വഴി കഴിഞ്ഞ അഞ്ചുവർഷം 50 മില്യൺ റിയാലിന്റെ നിക്ഷേപം വിവിധ പദ്ധതികൾക്കായി സമൂഹത്തിൽ ചെലവഴിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനം, നിക്ഷേപ വർധന, വ്യവസായം, ലോജിസ്റ്റിക്സ്, ഗതാഗതം, വ്യാപാരം തുടങ്ങിയ മേഖലകളുടെ വളർച്ചക്ക് എണ്ണ-വാതക മേഖല നിർണായകവഴി രൂപപ്പെടുത്തി.
കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതികൾ, വിദ്യാഭ്യാസ-ഗവേഷണ-സാങ്കേതിക പരിശീലനങ്ങൾക്ക് നൽകിയ പിന്തുണ തുടങ്ങിയവ മേഖലയുടെ മനുഷ്യവിഭവ ശേഷി ഉയർത്തി. പരിസ്ഥിതി സൗഹൃദവും കുറഞ്ഞ കാർബൺ പുറന്തള്ളലും മാത്രമുള്ള പദ്ധതികളിലേക്കാണ് മേഖലയുടെ പുതിയ ശ്രദ്ധ. പെട്രോളിയം ഡെവലപ്മെന്റ് ഒമാന്റ (പി.ഡി.ഒ) ‘മിറാഅ’ സോളാർ സ്റ്റീം പ്രോജക്ട്, ‘വെറ്റ്ലാൻഡ്’ പച്ചപ്പ് പദ്ധതി, നിമർ ജലശുദ്ധീകരണം, 100 മെഗാവാട്ട് ‘അമീൻ’ സോളാർ പദ്ധതി, ‘റിയാഹ്-1’ ‘റിയാഹ്-2’ വിൻഡ് എനർജി പ്രോജക്ടുകൾ, വടക്കൻ മേഖലയിലെ 100 മെഗാവാട്ട് സോളാർ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മാൻ ഷെല്ലിന്റെ ‘ഖബാസ്’ സോളാർ പദ്ധതി, സ്കൂളുകൾക്കുള്ള സോളാർ എനർജി പദ്ധതികൾ, രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ സ്റ്റേഷൻ തുടങ്ങി നിരവധി പദ്ധതികൾ ഊർജമാറ്റത്തിലേക്കുള്ള ഒമാന്റെ ദിശാസൂചനകളാണ്.
നൂറാം വാർഷിക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി
എണ്ണ-വാതക ചരിത്രപ്രദർശനം തുടങ്ങി
മസ്കത്ത്: ഒമാനിൽ എണ്ണ-വാതക പര്യവേക്ഷണത്തിന്റെ നൂറുവർഷം ആചരിക്കുന്നതിന്റെ സ്മരണക്കായി പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. മസ്കത്തിലെ റോയൽ ഓപറ ഹൗസിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. എണ്ണ-വാതക പര്യവേക്ഷണത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന പ്രദർശനം ആരംഭിച്ചു. ബുധനാഴ്ച സമാപിക്കുന്ന പ്രദർശനത്തിൽ മോഡലുകൾ, സാമ്പിളുകൾ, ഒമാനിലെ വിവിധ സുൽത്താന്മാരുടെ ചിത്രം, 10 പ്രധാന ചരിത്രരേഖകൾ, 100 ഇൻഫോഗ്രാഫിക് ചിത്രങ്ങൾ, മേഖലയിലെ പ്രധാന വ്യക്തികളുടെ ആദരവിഭാഗം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 1925-1970, 1970-2025 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി നൂറുവർഷത്തെ പുരോഗതി ടൈംലൈൻ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.