കാലം 1995.. തേവര സേക്രഡ് ഹാർട്ടിൽനിന്ന് എം.എ പൂർത്തിയാക്കി, ഞങ്ങൾ പടിയിറങ്ങി പല വഴിപിരിഞ്ഞു. അഭ്യസ്തവിദ്യന്റെ അവസാന പ്രതീക്ഷയായ പാരലൽ കോളജിൽ വാധ്യാരായി. അക്കാലത്താണ് എല്ലാവരേയും പുളകത്തിലാറാടിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നത്. നാടിന്റെ മുക്കും, മൂലയും ഉണർന്നു. പല നിറത്തിൽ കൊടികൾ, തോരണങ്ങൾ. ആനന്ദലബ്ധിക്കിനിയെന്തു വേണം....?
അപ്പോഴാണ് രണ്ടുപ്രാവശ്യം കോളജ് യൂനിയൻ ഭാരവാഹിയായി പ്രവർത്തിച്ചുപരിചയമുളള എന്നിലെ രാഷ്ട്രീയക്കാരൻ എന്തുകൊണ്ട് ഒരു സ്ഥാനാർഥി ആയിക്കൂടാ എന്ന സുഹൃത്തുക്കളുടെ നിർദേശം എന്റെ ചിന്തയിലും ഒരു ലഡു പൊട്ടിച്ചു.
എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ജോൺസൺ, ടോമി, രാജു, ബിജു എന്നിവരുടെ സമ്മർദവും നിർദേശവും മുഖവിലക്കെടുത്തു ഞാൻ എന്റെ കുടുംബാംഗങ്ങളുടെയും മൗനാനുവാദത്തോടെ മത്സരിക്കാനുള്ള തീരുമാനം എടുത്തു അങ്ങനെ ഞാനും ഒരു സ്ഥാനാർഥിയായി. സ്വന്തം പഞ്ചായത്തായ ആമ്പല്ലൂരിലെ വാർഡ് നമ്പർ ഏഴിലായിരുന്നു അങ്കത്തിനിറങ്ങിയത്.
പാരലൽ കോളജ് അധ്യാപകനായ എനിക്ക് അനുവദിച്ചു കിട്ടിയ ചിഹ്നമോ? ബ്ലാക് ബോർഡ്....പത്രപ്രവർത്തകനായ കൂട്ടുകാരൻ സുനിൽ മാതൃഭൂമിയിൽ വെണ്ടക്ക നിരത്തി. 'അധ്യാപകന് ചിഹ്നം ബ്ലാക് ബോർഡ്' ! ഉന്തിന്റെ കൂടെ ഒരു തള്ളും. ഞങ്ങൾ ആവേശത്തിലായി. ഭീഷണിയും, പ്രലോഭനങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ എതിരിട്ടു. കോളജ് യൂനിയന്റെ ഭാരം വഹിച്ച അനുഭവജ്ഞാനം മുതൽക്കൂട്ടായതിനാൽ ഒന്നും ഏശിയില്ല. രാപകൽ തന്ത്രങ്ങൾ. കൈയിലുണ്ടായിരുന്നതും കടം മേടിച്ചതും തപ്പിപ്പെറുക്കി, നോട്ടീസടിച്ച് മിച്ചമുണ്ടായിരുന്ന സ്ഥലങ്ങളിൽ ഒട്ടിച്ചു.
അന്ന് മൊബൈൽ ഫോണൊന്നുമുണ്ടായിരുന്നില്ല. ഇ-മെയിലോ വാട്ട്സ് ആപ്പോ ഇല്ല. സകലമാന ആപ്പുകളെയും നേരിൽ കാണണം. വോട്ട് അഭ്യർഥിക്കണം. ഭവനസന്ദർശനത്തിന് ഇറങ്ങി. അധ്യാപകനായിരുന്നതിനാൽ, വിദ്യാർഥികളും അവരുടെ മാതാപിതാക്കളും സ്നേഹപൂർവം സ്വീകരിച്ചു. ജയിച്ചതുതന്നെ. അന്തമില്ലാത്ത ഭാവന ചിറകുവിരിച്ച് റാകിപ്പറന്നു.
എല്ലാ റോഡുകളും ടാറിടും, കുട്ടികൾക്ക് സൗജന്യ ട്യൂഷൻ ഏർപ്പാടു ചെയ്യും. ഇതുവരെ കേരളം കാണാത്ത ഒരു മെമ്പറാകും. ഇങ്ങനെയൊക്കെയായിരുന്നു മനസ്സിൽ.
ഒടുവിൽ ആ ദിനമെത്തി. എന്തിന് ശങ്കിക്കണം? ഭൂരിപക്ഷത്തിൽ എത്ര കുറവ് മാത്രമെന്ന് കൂട്ടുകാർ തല പുകഞ്ഞു. എല്ലാവരും മുഖത്ത് നോക്കി പുഞ്ചിരിക്കുന്നുണ്ട്. അവരെല്ലാം ബ്ലാക് ബോർഡിൽ കുത്തിയതുതന്നെ..
റിസൾട്ടറിഞ്ഞപ്പോൾ എന്റെ തലയാണ് ശരിക്കും പുകഞ്ഞത്. വെളുക്കെ ചിരിച്ചവരെല്ലാം വെടിപ്പായി ചതിച്ചു! ബ്ലാക് ബോർഡിൽ കുത്തുകയല്ല, കുത്തി വരയ്ക്കുകയായിരുന്നു, അവർ.
അത്ഭുതം! ആകെ 32 പേർ മാത്രമാണ് എന്നെ തിരിച്ചറിഞ്ഞത്. എന്റെ കുടുംബക്കാർ തന്നെ അതിന്റെ എത്രയോ ഇരട്ടിയുണ്ടാകും. ഞാൻ കൊടുത്ത വാഗ്ദാനങ്ങൾ എല്ലാം അവർ എനിക്കുതന്നെ തിരിച്ചുതന്ന് ഭംഗിയായി കൈ കഴുകി..! എന്റെ സ്വപ്നങ്ങളെല്ലാം വെള്ളത്തിൽ വരച്ച വര പോലെ മാഞ്ഞു പോയി. പക്ഷേ, ഒരു സത്യം പറയട്ടെ.., അന്ന് പ്രതീക്ഷിച്ച പോലെ ഇന്നും, കേരളം കാണാത്ത ഒരു മെംബറാണ് ഞാൻ.!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.