ബഹ്റൈൻ കേരളീയ സമാജം നിർമിക്കുന്ന വീടിന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ സാന്നിധ്യത്തിൽ തറക്കല്ലിടുന്നു
മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം കേരളത്തിൽ നടപ്പാക്കുന്ന ഭവന നിർമാണ പദ്ധതിയിലെ പുതിയ വീടിന് തറക്കല്ലിട്ടു. പത്തനംതിട്ട കുന്നന്താനം സ്വദേശിയും മുൻ സമാജാംഗവുമായ പി.പി. സുകുമാരനും കുടുംബത്തിനുമാണ് വീടു നിർമിച്ചുനൽകുന്നത്. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ സാന്നിധത്തിൽ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകനായ ബിനു കുന്നന്താനം, രാജു കല്ലുംപുറം, സജി കുടശ്ശനാട് എന്നിവർ സന്നിഹിതരായിരുന്നു.
ഭവനരഹിതരും നിരാശ്രയരുമായവരെ സഹായിക്കുന്നതിനായി അഭ്യുദയകാംക്ഷികളുടെയും വിവിധ കൂട്ടായ്മകളുടെയും സഹകരണത്തോടെ ബഹ്റൈൻ കേരളീയ സമാജം തുടക്കം കുറിച്ച ഭവന നിർമാണ പദ്ധതിയിലൂടെ കേരളത്തിന്റെ വിവിധ ജില്ലകളിലായി ഇതിനകം 32 വീടുകളാണ് നിർമിച്ചു നൽകിയതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം സാമൂഹിക പ്രതിബദ്ധതയോടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഭവന നിർമാണ പദ്ധതിയെന്നും, ബഹ്റൈനിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയവരുടെകൂടി സഹകരണത്തോടെ കൂടുതൽ വിപുലമായ പദ്ധതികൾ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.