മസ്കത്ത്: പ്രവാസി വിദ്യാർഥിനി ഹന അനീസയുടെ ‘ദ ഫാൾ’ കവിത സമാഹാരത്തിന്റെ ഒമാനിലെ പ്രകാശനം റൂവി സി.ബി.ഡിയിലെ ടാലന്റ്സ്പേസ് ഇന്റർനാഷനലിൽ നടന്നു. സവിത സലൂജ, കബീർ യൂസുഫ്, ലക്ഷ്മി കൊത്തനേത്ത് എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.
എട്ടാം ക്ലാസ് മുതൽ ഇംഗ്ലീഷിൽ കവിതകളെഴുതിത്തുടങ്ങിയ ഹന അനീസയടെ ഇതുവരെ കുറിച്ച രചനകൾ ചേർത്ത് ഒരുക്കിയ ആദ്യ കവിത സമാഹാമാണ് ‘ദ ഫാൾ’. കഴിഞ്ഞ നവംബർ 12ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് മാധ്യമപ്രവർത്തകൻ എം.സി.എ നാസർ ഔദ്യോഗികമായി പ്രകാശനം ചെയ്തിരുന്നു. തന്റെ ആശയസംവേദനത്തിന് എളുപ്പം വഴങ്ങുന്ന വിനിമയ ഭാഷ ഇംഗ്ലീഷായതിനാലാണ് ആംഗലേയ കവിതകൾ എഴുതിത്തുടങ്ങിതെന്ന് ഹന അനീസ ‘ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ദുബൈയിലും മസ്കത്തിലുമായാണ് പഠനകാലം.
പുസ്തക വായനയും സംഗീതവും ഹോബിയായ പതിനാലുകാരിക്ക് സിൽവിയ പ്ലാത്തിന്റെ കവിതകളും ദസ്തയേവ്സ്കിയുടെയും കാഫ്കയുടെയും രചനകളുമെല്ലാമാണ് പ്രിയപ്പെട്ടവ.
പാലക്കാട് തച്ചമ്പാറ സ്വദേശിയും സമൈലിൽ സ്വകാര്യ കമ്പനിയിൽ പ്ലാന്റ് മാനേജറുമായ നിയാസിന്റെയും മബേലയിലെ മോഡേൺ ജനറേഷൻ ഇന്റർനാഷനൽ സ്കൂളിലെ അധ്യാപികയായ ആരിഫയുടെയും മകളാണ് ഹന അനീസ. സാഹിത്യരചനക്കൊപ്പം ശക്തമായ വായനയും ചിന്തയും കൃത്യമായ രാഷ്ട്രീയ ബോധവുമുള്ള യുവ എഴുത്തുകാരികൂടിയാണ് പത്താം ക്ലാസുകാരിയായ ഹന അനീസ. എഴുതിത്തുടങ്ങിയത് കവിതയാണെങ്കിലും തനിക്കിപ്പോൾ കവിതയെക്കാളും താൽപര്യം രാഷ്ട്രീയമാണെന്ന് ഹന പറഞ്ഞു. ഇന്ന് നമുക്കു ചുറ്റും നടക്കുന്ന പല കാര്യങ്ങളോടും ആരും കാര്യമായി പ്രതികരിക്കുന്നില്ലെന്നും കുറച്ചുപേരുടെയെങ്കിലം ശബ്ദം ഉയർന്നു കേൾക്കേണ്ടതുണ്ടെന്നും ഹന ചൂണ്ടിക്കാട്ടുന്നു. പുതിയ തലമുറയിലെ കുട്ടികൾ സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയത്തിൽ ഇടപെടുന്നുണ്ട്. സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളെയും അവർ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങളുടെ തിരുത്തൽശക്തി എന്ന നിലയിൽക്കൂടി സമൂഹമാധ്യമങ്ങൾക്ക് ശക്തമായ റോളാണുള്ളതെന്നും ഹന അഭിപ്രായപ്പെട്ടു.
പുസ്തക പ്രകാശന ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ ബി. ബാലകൃഷ്ണൻ, സുനിൽ, മലയാളം മിഷൻ സെക്രട്ടറി അനു ചന്ദ്രൻ, അസി. പ്രഫ. റോയ് പി. വീട്ടിൽ, എഴുത്തുകാരായ രാജൻ വി.കോക്കൂരി, ഹാറൂൺ റഷീദ്, അമ്മു വള്ളിക്കാട്ട്, ഐ.എസ്.സി മാനേജ്മെന്റ് കമ്മിറ്റിയംഗം സന്തോഷ്, പ്രഫ. നെൽസൺ, അഹ്മദ് പറമ്പത്ത്, സവിത, അനു റഹീം, കബീർ യൂസുഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.