റുസ്താഖ് കോട്ടയുടെ ദൃശ്യം
റുസ്താഖിലെ ചരിത്രശേഷിപ്പ്
മസ്കത്ത്: ഒമാനിലെ റുസ്താഖിനെ പ്രധാന പൈതൃക-വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിനായി ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം സമഗ്ര പദ്ധതി പ്രഖ്യാപിച്ചു. ചരിത്രസ്മാരകങ്ങളെ ബന്ധിപ്പിക്കുന്ന ഹെറിറ്റേജ് റൂട്ട്, റുസ്താഖ് ഗേറ്റ് വികസനം, റുസ്താഖ് കോട്ട പുനരുദ്ധാരണം, റുസ്താഖ് സിറ്റി വാക്ക്, ഐനുൽ കസ്ഫ വികസനം, ഹുഖൈൻ വാലി നവീകരണം എന്നീ പദ്ധതികളാണ് റുസ്താഖിൽ നടപ്പാക്കുക.
റുസ്താഖിലെ പ്രധാന ചരിത്ര കേന്ദ്രങ്ങളായ ഇമാം അഹമ്മദ് ബിൻ സെയ്ദ് ഖബറിടം, റുസ്താഖ് കോട്ട, പുരാതന ഗ്രാമങ്ങളായ ഖസ്ര, ബൈതുൽ ഖർൻ എന്നിവയെ തമ്മിൽ ബന്ധിപ്പിച്ച് ഒരു സംയോജിത പൈതൃക പാത നിർമിക്കുന്ന പദ്ധതിയാണ് പ്രധാനം. ഇതിനുള്ള കരാർ ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം നൽകിക്കഴിഞ്ഞു. റുസ്താഖ് നഗരത്തിന്റെ കവാടം നവീകരിക്കുന്ന ‘റുസ്താഖ് ഗേറ്റ്’ പദ്ധതിയുടെ 65 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. ഇത് റുസ്താഖ് നഗരത്തിന്റെ മനോഹരമായ ലാൻഡ്മാർക്കായി മാറും.
ഐനുൽ കസ്ഫ
അതോടൊപ്പം, ഒമാനിലെ ഏറ്റവും പഴയ കോട്ടകളിലൊന്നായ റുസ്താഖ് കോട്ടയുടെ വിപുലമായ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും നടന്നുവരികയാണ്. പൈതൃക തനിമ നിലനിർത്തിക്കൊണ്ടുള്ള ഈ പ്രവൃത്തികൾ അടുത്ത വർഷം നവംബറിൽ പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റുസ്താഖിലെ പ്രശസ്തമായ ചൂടുനീരുറവയായ ഐനുൽ കസ്ഫയെയും പരിസരത്തെയും വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും ഈ വികസന പാക്കേജിന്റെ ഭാഗമാണ്. റുസ്താഖ് കോട്ടയിൽനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് ഐനുൽ കസ്ഫ ഉറവ സ്ഥിതി ചെയ്യുന്നത്. ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം ഏകദേശം നാലു ലക്ഷം ഒമാനി റിയാൽ ചെലവഴിച്ച് ഇവിടെ വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നേരത്തെ നടത്തിയിരുന്നു.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം നീന്തൽക്കുളങ്ങൾ, റസ്റ്ററന്റുകൾ, കഫേകൾ, ഹെറിറ്റേജ് മാർക്കറ്റ് എന്നിവയും വിനോദസഞ്ചാരികൾക്കായി വലിയ പാർക്കിങ് സൗകര്യവും കുട്ടികൾക്കുള്ള കളിസ്ഥലങ്ങളും വികസന പ്രവൃത്തികളിൽ ഉൾപ്പെടുന്നു. ഐനുൽ കസ്ഫക്ക് സമീപമുള്ള ചരിത്രപ്രധാനമായ വാച്ച് ടവർ പുനരുദ്ധാരണ ഘട്ടത്തിലാണ്. റുസ്താഖ് നഗരവാസികൾക്കും വിനോദസഞ്ചാരികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ‘സിറ്റി വാക്ക്’ പദ്ധതിക്കായുള്ള ടെൻഡറുകൾ തെക്കൻ ബാത്തിന ഗവർണറേറ്റ് ക്ഷണിച്ചിട്ടുണ്ട്. റുസ്താഖിലെ പ്രധാന പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ ഹുഖൈൻ വാലിയിൽ കുടുംബങ്ങൾക്കായി ഇരിപ്പിട കൂടാരങ്ങൾ, നടപ്പാതകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കി പ്രദേശം നവീകരിച്ചിട്ടുണ്ട്. ഈ പദ്ധതികളെല്ലാം പൂർത്തിയാകുന്നതോടെ, അൽ ബുസൈദി രാജവംശത്തിന്റെ സ്ഥാപകനായ ഇമാം അഹമ്മദ് ബിൻ സെയ്ദിന്റെ സ്മരണകൾ ഉറങ്ങുന്ന റുസ്താഖ് നഗരം സമ്പൂർണ ചരിത്രപൈതൃക ടൂറിസം കേന്ദ്രമായി മാറും.
പദ്ധതി സാംസ്കാരിക, വിനോദസഞ്ചാര, സാമ്പത്തിക, സാമൂഹിക മേഖലകളിൽ സമഗ്ര സ്വാധീനം ചെലുത്തുമെന്ന് ഗവർണറേറ്റിലെ പൈതൃക-വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ഡോ. അൽ മുഅ്തസിം നാസർ അൽ ഹിലാലി പറഞ്ഞു.
ദേശീയ-അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണം വർധിപ്പിക്കുകയും ടൂറിസം അനുഭവം മെച്ചപ്പെടുത്തുകയും പൈതൃക സ്വഭാവത്തോട് യോജിച്ച ചെറുകിട-ഇടത്തരം നിക്ഷേപങ്ങളെ ആകർഷിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
ഹാരത് ബൈത് അൽ ഖർണിലെ പുരാവസ്തു ഭവനങ്ങളുടെ വികസനം ഉൾപ്പെടെ കൂടുതൽ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.