ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി നീവയിൽ മധ്യസ്ഥത ചർച്ചക്കായെത്തിയപ്പോൾ
മസ്കത്ത്: ജനീവയിൽ യു.എസ്-ഇറാൻ മൂന്നാം ഘട്ട പരോക്ഷ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച് ഒമാൻ. വ്യാഴാഴ്ച ജനീവയിലെ ഒമാൻ അംബാസഡറുടെ വസതിയിൽ നടന്ന ആദ്യഘട്ട ചർച്ചകൾക്ക് ശേഷം ഇരുവിഭാഗവും താൽക്കാലികമായി പിരിഞ്ഞു.
ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ യു.എസ് പ്രത്യേക പ്രതിനിധികളായ ജാരദ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ്, ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവർ പങ്കെടുത്തു.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുക, ഇറാനെതിരായ ഉപരോധങ്ങൾ നീക്കുക, മേഖലയിൽ വർധിച്ചുവരുന്ന സൈനിക സംഘർഷം ലഘൂകരിക്കുക എന്നിവയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യങ്ങൾ. വ്യാഴാഴ്ച നടന്ന ചർച്ചയിൽ ക്രിയാത്മകമായ ആശയങ്ങൾ കൈമാറിയെന്നും ചർച്ചകൾ പിന്നീട് പുനരാരംഭിക്കുമെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തങ്ങൾ ആണവായുധം നിർമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നുമാണ് ഇറാൻ നിലപാട്.
ആണവ പദ്ധതിയെക്കുറിച്ചുമാത്രം സംസാരിക്കാൻ ഇറാൻ താൽപര്യപ്പെടുമ്പോൾ, ഇറാന്റെ മിസൈൽ പദ്ധതിയെയും പ്രാദേശിക സൈനിക ഇടപെടലുകളെയും ചർച്ചയിൽ ഉൾപ്പെടുത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം. അടുത്തിടെ മേഖലയിൽ അമേരിക്കൻ സൈനിക വിന്യാസം വർധിപ്പിച്ചത് ചർച്ചകൾക്ക് മേൽ സമ്മർദം ചെലുത്തുന്നുണ്ട്.
ജനീവയിൽ വ്യാഴാഴ്ച നടന്ന യു.എസ്-ഇറാൻ ചർച്ചകൾ സൗഹൃദപരവും പുതിയ ആശയങ്ങൾ നിറഞ്ഞതുമായിരുന്നെന്ന് ഒമാൻ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. ചർച്ചയിൽ സൂക്ഷ്മമായ മുന്നേറ്റ സൂചനകളാണിതെന്ന് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി വിലയിരുത്തി.
സെഷനുകൾ താൽകാലികമായി നിർത്തിവെച്ച് ദിവസങ്ങൾക്കകം ചർച്ച പുനരാരംഭിക്കാനാണ് ധാരണയായതെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. വാഷിങ്ടണും തെഹ്റാനും തമ്മിലുള്ള പരോക്ഷ ചർച്ചകൾ സുഗമമാക്കുന്നതിൽ ഒമാൻ ഇടനിലക്കാരനായി പ്രവർത്തിച്ചുവരികയാണ്. മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ കുറക്കുകയും നയതന്ത്രപരമായ പരിഹാരങ്ങൾ തേടുകയും ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഇടപെടലുകൾ. നേരത്തെ മസ്കത്തിൽ വെച്ചായിരുന്നു ഇരു രാജ്യങ്ങളും തമ്മിലെ ചർച്ച പുനരാരംഭിച്ചത്.
ന്യായമായ കരാറിലേക്ക് എത്തുക എന്നതാണ് ലക്ഷ്യമെന്ന് അൽ ബുസൈദി പറഞ്ഞു. ദീർഘകാത്തേക്കുള്ള ശാശ്വതമായ ധാരണയാണ് ലക്ഷ്യമിടുന്നതെന്നും, ഇരുപക്ഷങ്ങൾ തമ്മിലുള്ള സംവാദം സുഗമമാക്കുന്നതിൽ ഒമാൻ തന്റെ പങ്ക് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിയൻ ആണവ വിഷയവുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങളും നിലവിൽ ചർച്ചയിലുള്ള പുതിയ ആശയങ്ങളും സംബന്ധിച്ച്, അന്താരാഷ്ട്ര ആണവ എനർജി ഏജൻസി (ഐ.എ.ഇ.എ) ഡയറക്ടർ ജനറൽ റഫേൽ ഗ്രോസിയുമായും ബുസൈദി ജനീവയിൽ കൂടിക്കാഴ്ച നടത്തി.
ആണവ വിഷയവുമായി ബന്ധപ്പെട്ട നടപടികളിൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിൽ ഐ.എ.ഇ.എയുടെ പ്രഫഷനലും സാങ്കേതികവുമായ പങ്ക് നിർണായകമാണെന്ന് അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.