മസ്കത്ത്: റിയാലിന് വിനിമയ നിരക്ക് ഉയർന്ന് സർവകാല റെക്കോഡിലെത്തി. തിങ്കളാഴ്ച ഒരു റിയാലിന് 200.70 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്.
ഈ വർഷം മാർച്ച് എട്ടിനുണ്ടായിരുന്ന ഉയർന്ന വിനിമയ നിരക്കാണ് ഇതോടെ മറികടന്നത്. മാർച്ച് എട്ടിന് ഒാൺലൈൻ വിനിമയ പോർട്ടലായ എക്സി എക്ചേഞ്ച് ഒരു റിയാലിന് 200.40 എന്ന നിരക്ക് കാണിച്ചിരുന്നെങ്കിലും വിനിമയ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് നൽകിയിരുന്നില്ല. ശനിയാഴ്ച തന്നെ വിനിമയ നിരക്ക് ഉയരാൻ തുടങ്ങിയിരുന്നു. ശനി, ഞായർ വാരാന്ത്യ അവധി ആയതിനാൽ വിനിമയ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് വെള്ളിയാഴ്ചത്തെ ക്ലോസിങ് നിരക്ക് തന്നെയാണ് നൽകിയിരുന്നത്.
തിങ്കളാഴ്ച രാവിലെ മുതൽ തന്നെ വിനിമയ നിരക്ക് ഉയരാൻ തുടങ്ങിയിരുന്നു. ഓൺലൈൺ പോർട്ടലിൽ ചില സമയങ്ങളിൽ റിയാലിന് 201.700 രൂപ വരെ എത്തിയിരുന്നു. വിനിമയ സ്ഥാപനങ്ങൾ ആദ്യമായാണ് റിയാലിന് 200 രൂപയിൽ അധികം നൽകുന്നത്. ഇതോടെ വിനിമയ സ്ഥാപനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
പണം കരുതിവെച്ചിരുന്ന പലരും നാട്ടിലേക്ക് അയക്കുന്നതായും അതിനാൽ വൻ സംഖ്യയാണ് നാട്ടിലേക്ക് ഒഴുകുന്നതെന്നും എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടവർ പറയുന്നു. ഒമാനിലെ എല്ലാ സ്ഥാപനങ്ങളിലും വൻ തിരക്കാണ് തിങ്കളാഴ്ച വൈകുന്നേരം അനുഭവപ്പെട്ടത്. ഉയർന്ന നിരക്ക് കുറച്ച് ദിവസം കൂടി തുടരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നുണ്ടെങ്കിലും കൈയിൽ പണം ഉള്ളവരിൽ പലരും പരീക്ഷണത്തിന് തയാറല്ല.
ഇന്ത്യയിലെ ഒാഹരി വിപണിയിൽ ഇടിവുണ്ടായതാണ് രൂപയുടെ മുല്യം കുറയാൻ പ്രധാന കാരണം. ഇന്ത്യയിലെ പ്രധാന കമ്പനികളുടെ ഒാഹരികളിൽ രണ്ട് ശതമാനം ഇടിവാണ് ബുധനാഴ്ച ഉണ്ടായത്. ഇന്ത്യൻ റിസർവ് ബാങ്കിെൻറ റിപോ നിരക്ക് ഉയർത്താനുള്ള തീരുമാനവും രൂപക്ക് വിനയായിട്ടുണ്ട്. റിസർവ് ബാങ്ക് ഇന്ത്യൻ ബാങ്കുകൾക്ക് നൽകുന്ന പലിശ നിരക്കാണ് റിപ്പോറൈറ്റ്. പണപ്പെരുപ്പവും മാർക്കറ്റിൽ പണത്തിെൻറ ഒഴുക്കും തടയുന്നതിെൻറ ഭാഗമായാണ് റിസർവ് ബാങ്ക് റിപ്പോ റേറ്റ് ഉയർത്തിയത്. 6.50 ശതമാനമായിരുന്ന റിപ്പോ റേറ്റ് 6.90 ശതമാനമായാണ് ഉയർത്തിയത്.
ഇതോടെ ബാങ്കുകൾ ഇടപാടുകാർക്ക് നൽകുന്ന പലിശ നിരക്കും ഉയരും. ഇത് ഒാഹരി വിപണിയിൽ ബാങ്ക് വായ്പയെടുത്ത് നിക്ഷേപമിറക്കുന്നവരെ പ്രതികൂലമായി ബാധിക്കും. അതോടൊപ്പം അമേരിക്കൻ ഡോളറും ശക്തി പ്രാപിച്ചിട്ടുണ്ട്. പലിശ നിരക്ക് വർധിപ്പിക്കനുള്ള അമേരിക്കൻ ഫെഡറൽ റിസർവിെൻറ തീരുമാനവും രൂപയുടെ വിനിമയ നിരക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്. ഇതും ഇന്ത്യൻ ഒാഹരിയിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ കാരണമായി. റഷ്യ-യുെക്രയ്ൻ പ്രതിസന്ധി കാരണം എണ്ണ വില ഉയരൽ, ഉൽപന്നങ്ങൾ വില വർധന തുടങ്ങിയ നിരവധി കാരണങ്ങൾ ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിനിമയ നിരക്ക് വർധിച്ചതോടെ വൻ തോതിൽ വിദേശ കറൻസി ഇന്ത്യയിലേക്ക് ഒഴുകാൻ സഹായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.