മസ്കത്ത്: ഒമാനിലെ ദുകം തുറമുഖത്തിന് സമീപം എം.വി സെലസ്റ്റിയൻ എണ്ണകപ്പലിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മരണപ്പെട്ട സെക്കന്റ് ഓഫിസർ നിഷാന്ത് ഉയിർത്തനാഥന്റെ (35) മൃതദേഹം ആരോഗ്യ മരന്താലയത്തിന് കീഴിലെ ദുകത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ജൂൺ എട്ടിന് രോഗബാധിതനായ നിഷാന്ത്, ജൂൺ 11 നാണ് മരണപ്പെട്ടത്. തുടർന്ന്, രണ്ടു ദിവസമായി മൃതദേഹം കപ്പലിൽതന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹം കപ്പലിൽനിന്ന് കരയിലെത്തിക്കാനുള്ള നടപടികൾ എംബസി വേഗത്തിലാക്കിയതോടെ ഞായറാഴ്ച രാത്രി കപ്പൽ ദുകം തുറമുഖത്തേക്ക് അടുപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒമാൻ അധികൃതരുമായും ദുകം തുറമുഖ ഉദ്യോഗസ്ഥരുമായും ഷിപ്പിങ് കമ്പനിയുമായും നിരന്തരം ആശയവിനിമയം നടത്തി മറ്റു ക്രമീകരണങ്ങൾ എംബസി ഉറപ്പാക്കിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി വൈകി മൃതദേഹം ദുകത്തെ ആശുപത്രിയിലേക്ക് മാറ്റി.
മരണപ്പെട്ട നിഷാന്തിന്റെ കുടുംബവുമായി എംബസി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഭൗതികശരീരം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ സഹായങ്ങൾ നൽകി വരികയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.