മസ്കത്ത്: ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ ചുമതലയേറ്റു. ഞായറാഴ്ച മസ്കത്തിലെത്തിയ അദ്ദേഹം എംബസിയിലെ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സത്യത്തിന്റെയും അഹിംസസയുടെയും പ്രതീകമായ മഹാത്മാഗാന്ധിജിയുടെ ജീവിതത്തെ അനുസ്മരിച്ചാണ് പിസെ മസ്കത്തിലെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. എംബസിയിലെ ജീവനക്കാരെ അദ്ദേഹം അഭിസംബോധന ചെയ്തു.
ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ കഴിഞ്ഞദിവസം അദ്ദേഹം പൂർത്തിയാക്കിയിരുന്നു. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക അധികാരപത്രം (ലെറ്റർ ഓഫ് ക്രെഡൻസ്) ഏറ്റുവാങ്ങിയ അദ്ദേഹം ഞായറാഴ്ച ചുമതലയേൽക്കുകയായിരുന്നു.
2024 മുതൽ മസ്കത്തിലെ ഇന്ത്യൻ അംബാസഡറായിരുന്ന ജി.വി. ശ്രീനിവാസിന് പകരക്കാരനായി കഴിഞ്ഞ മേയ് 11 നാണ് പ്രശാന്ത് പിസെയെ നിയമിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരുന്നു. 1995 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ പിസെ ഈജിപ്ത്, ലിബിയ, ടുണീഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ നേരത്തെ നയതന്ത്ര ചുമതലകൾ വഹിച്ചിട്ടുണ്ട്.
പശ്ചിമേഷ്യൻ, യൂറോപ്യൻ കാര്യങ്ങളിൽ നയതന്ത്ര വൈദഗ്ധ്യമുള്ള അദ്ദേഹത്തിന് 30 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്. വിദേശകാര്യ മന്ത്രാലയത്തിൽ കുടിയേറ്റ നയങ്ങളും പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യുന്ന അഡീഷണൽ സെക്രട്ടറിയായി ചുമതല വഹിച്ചു വരികയായിരുന്നു. പടിയിറങ്ങിയ മുതിർന്ന നയതന്ത്രജ്ഞൻ ഗോദവർത്തി വെങ്കിട ശ്രീനിവാസ് എന്ന ജി.വി. ശ്രീനിവാസ് 1993 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ്. മൂന്ന് പതിറ്റാണ്ടിലധികം നീണ്ട നയതന്ത്ര കരിയറുള്ള അദ്ദേഹം, മെക്സിക്കോ സിറ്റി, കാരക്കാസ്, ഹവാന, ടോക്കിയോ, ബുഡാപെസ്റ്റ് എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിൽ വിവിധ പദവികൾ വഹിച്ചിരുന്നു.
പാകിസ്താനിലെ ഇസ്ലാമാബാദിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനിൽ കൗൺസിലർ, ബ്രസീലിലെ സാവോപോളോയിൽ ഇന്ത്യൻ കോൺസൽ ജനറൽ, ആഫ്രിക്കൻ രാജ്യമായ സെനഗലിൽ ഇന്ത്യയുടെ അംബാസഡർ, ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ യുറേഷ്യ, സൈബർ ഡിപ്ലോമസി, ലാറ്റിൻ അമേരിക്ക വിഭാഗങ്ങളിൽ ജോയിന്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി പദവികൾ തുടങ്ങിയവ വഹിച്ചിട്ടുണ്ട്. അമിത് നരംഗിന് പിൻഗാമിയായി 2025 ജനുവരിയിൽ ഒമാനിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായ അദ്ദേഹം ഏപ്രിൽ ആദ്യത്തിലാണ് ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.