ടെലികോം കമ്പനി മേധാവികളെ  ശൂറാ കൗണ്‍സില്‍ വിളിപ്പിക്കുന്നു

മസ്കത്ത്: രാജ്യത്തെ രണ്ടു പ്രധാന ടെലികോം കമ്പനികളുടെ മേധാവികളെ ശൂറാ കൗണ്‍സില്‍ കൂടിക്കാഴ്ചക്കായി വിളിപ്പിക്കുന്നു. ഉയര്‍ന്ന നിരക്കുകളിലും സേവനങ്ങളുടെ പോരായ്മയിലും പ്രതിഷേധിച്ച് ടെലികോം കമ്പനികള്‍ക്കെതിരെ ബഹുജന ബഹിഷ്കരണം നടക്കുന്ന സാഹചര്യത്തിലാണ് കമ്പനി മേധാവികളോട് കൗണ്‍സിലില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്.  തിങ്കളാഴ്ച  ശൂറാ കൗണ്‍സില്‍ കെട്ടിടത്തില്‍ അടച്ചിട്ട മുറിയിലായിരിക്കും കൂടിക്കാഴ്ചയെന്ന് ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സേവനത്തിലെ പോരായ്മകള്‍, പലയിടത്തെയും ടെലികമ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കിലെ പ്രശ്നങ്ങള്‍, ഇന്‍റര്‍നെറ്റ് പാക്കേജിന്‍െറ ഉയര്‍ന്ന നിരക്ക് എന്നീ വിഷയങ്ങള്‍ കൗണ്‍സില്‍ കമ്പനി മേധാവികളുമായി ചര്‍ച്ചചെയ്യുമെന്ന് ദങ്ക് പ്രവിശ്യയില്‍നിന്നുള്ള ശൂറാ കൗണ്‍സില്‍ അംഗം ഹമൂദ് അല്‍ യാഹ്യയെ ഉദ്ധരിച്ചുള്ള ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു. ടെലികോം കമ്പനികളുടെ സേവനത്തിലെ പോരായ്മ സംബന്ധിച്ച് സ്വദേശികളുടെയും മറ്റു പൗരന്മാരുടെയും ആവശ്യങ്ങളോട് അനുഭാവ പൂര്‍ണമായ സമീപനമാണ് കൗണ്‍സിലിനുള്ളത്. താനടക്കം ഏതാനും ശൂറാ കൗണ്‍സില്‍ അംഗങ്ങളും കാമ്പയിനില്‍ പങ്കാളികളാകുന്നുണ്ടെന്നും യാഹ്യ പറഞ്ഞു. അതേസമയം, ടെലികോം കമ്പനിയുടമകളുമായി കൗണ്‍സില്‍ നടത്തുന്ന ചര്‍ച്ചകള്‍ സുതാര്യമായിരിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യമുയരുന്നുണ്ട്. ചര്‍ച്ച ഒമാന്‍ ടെലിവിഷനില്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്നതാണ് ഇവരുടെ ആവശ്യം. ഉയര്‍ന്ന നിരക്കിലും മോശം സേവനങ്ങളിലും പ്രതിഷേധിച്ച് ഈ മാസം പത്തു മുതലാണ് ബഹിഷ്കരണ സമരം ആരംഭിച്ചത്. ദിവസവും വൈകുന്നേരം നാലുമുതല്‍ ആറു വരെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ഫൈ്ളറ്റ് മോഡില്‍ ഇടുകയോ ചെയ്യണമെന്നതാണ് ആഹ്വാനം. ഇത് സംബന്ധിച്ച് അറബിയിലും ഇംഗ്ളീഷിലും മലയാളത്തിലുമുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇതിനിടെ കാമ്പയിന്‍ ആരംഭിച്ച് ഒരാഴ്ചക്കുശേഷം പ്രീപെയിഡ് മൊബൈല്‍ അക്കൗണ്ടുകളില്‍നിന്ന് പണം നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ വാസ്തവമില്ളെന്ന് അന്വേഷണ ശേഷം ടെലി കമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി അറിയിച്ചിരുന്നു. ‘ബൊയ്കോട്ട് ഒമാന്‍ടെല്‍ ആന്‍ഡ് ഉരീദു’ എന്ന ഹാഷ്ടാഗ് ഒരാഴ്ചയിലധികം സാമൂഹിക മാധ്യമങ്ങളില്‍ മുന്‍നിരയിലായിരുന്നു. സ്വദേശികളുടെ നേതൃത്വത്തിലാണ് ബഹിഷ്കരണത്തിന് ആഹ്വാനമുയര്‍ന്നത്. ഇതില്‍ പിന്നീട് വിദേശികളും പങ്കാളികളാവുകയായിരുന്നു. ഇതാദ്യമായാണ് ഇത്തരം ഒരു സംഘടിത ബഹിഷ്കരണ കാമ്പയിന്‍ നടക്കുന്നത് എന്നതിനാല്‍ ഓരോ ദിവസം ചെല്ലുംതോറും ടെലികോം കമ്പനികളുടെ സമ്മര്‍ദം വര്‍ധിച്ചുവരുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഫേസ്ബുക്കും വാട്ട്സ്ആപ്പുമാണ് ബഹിഷ്കരണ സമരത്തിന് ആയുധം. ആയിരക്കണക്കിനാളുകള്‍ ഇരു കമ്പനികളുടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ അണ്‍ഫോളോ ചെയ്തിട്ടുമുണ്ട്. ഈ വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ ഇരു കമ്പനികളുടെയും അറ്റാദായത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഒമാന്‍ടെല്ലിന് കഴിഞ്ഞവര്‍ഷം 61.3 ദശലക്ഷം റിയാലായിരുന്ന അറ്റാദായം ഈ വര്‍ഷം 66.8 ദശലക്ഷം റിയാലായിട്ടുണ്ട്. ഉരീദുവിന്‍െറ അറ്റാദായമാകട്ടെ 22.9 ദശലക്ഷം റിയാലില്‍ നിന്ന് 24.9 ദശലക്ഷം റിയാലായും ഉയര്‍ന്നു. 
 

Tags:    
News Summary - telicom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.