സുല്‍ത്താന്‍ തുര്‍കി ബിന്‍ സഈദ് റോഡ് ഡ്യൂവല്‍ കാരേജ് വേ പദ്ധതിയിൽ പുതുതായി പണി പൂർത്തിയായ ഭാഗം
മസ്കത്ത്: ട്രാൻസ്പോർട്ട്, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ നടപ്പാക്കുന്ന സുല്‍ത്താന്‍ തുര്‍കി ബിന്‍ സഈദ് ഡ്യൂവല്‍ കാരേജ് വേ പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ രണ്ടാം ഭാഗം ഗതാഗതത്തിന് തുറന്നുനൽകി. ഒമ്പതു കിലോമീറ്റർ വരുന്ന ഭാഗമാണ് ഇപ്പോൾ തുറന്നത്.
അല്‍ ഫുലൈജ് പ്രദേശത്തുനിന്ന് ആരംഭിക്കുന്ന ഈ പാത വാദി പാലം, അല്‍ ഫുലൈജ് വാഹന ടണല്‍, ഖസ്സാഹ് പ്രദേശം എന്നിവ വഴി സൂര് വിലായത്തിലെ അല്‍ റഫ്സയിലാണ് അവസാനിക്കുന്നത്. റോഡിന്റെ ഓരോ ദിശയിലും 3.75 മീറ്റര്‍ വീതിയുള്ള മൂന്ന് ലെയിനുകള്‍ വീതം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സുല്‍ത്താന്‍ തുര്‍കി ബിന്‍ സഈദ് റോഡ് ഡ്യൂവല്‍ കാരേജ് വേ പദ്ധതിയിൽ രണ്ടാം ഘട്ടത്തിൽ പണി പൂർത്തിയായ ഭാഗം
ഗതാഗതത്തിനായി തുറന്നുനൽകിയപ്പോൾ
റോഡ് ഉപയോക്താക്കളുടെ സുരക്ഷക്കായി സ്റ്റീല്‍ സുരക്ഷ ബാരിയറുകള്‍, മാര്‍ഗനിര്‍ദേശ-മുന്നറിയിപ്പ് ബോര്‍ഡുകള്‍, റോഡിന്റെയും ടണലുകളുടെയും സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ആവശ്യമായ എല്ലാ ഗതാഗത സുരക്ഷാ സൗകര്യങ്ങളും പദ്ധതിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സുൽത്താൻ തുർക്കി ബിൻ സെയ്ദ് റോഡ് മുമ്പ് ബിദ്ബിദ്-സൂർ റോഡ് എന്നും ശർഖിയ എക്സ്പ്രസ് വേ എന്നുമാണ് അറിയപ്പെട്ടിരുന്നത്. തെക്കൻ ശർഖിയ്യ, വടക്കൻ ശർഖിയ ഗവർണറേറ്റുകൾ തമ്മിലുള്ള റോഡ് കണക്ടിവിറ്റി വർധിപ്പിക്കാനും യാത്രാസമയം കുറക്കാനും സാമ്പത്തിക വളർച്ചക്കും പുതിയ വികസിത പാത സഹായകരമാകും.
ബിദ്ബിദ് മുതൽ സൂർ സൂഖ് വരെയുള്ള ഏകദേശം 250 കിലോമീറ്റർ ദൂരമുള്ള എക്സ്പ്രസ് വേയുടെ ഒരു പ്രധാന ഭാഗമാണ് നിലവിൽ വികസനം നടക്കുന്നത്. അൽ കാമിൽ വൽ വാഫി മുതൽ സൂർ വരെയുള്ള പദ്ധതിയുടെ ആകെ നീളം 52 കിലോമീറ്റർ ആണ്. ഇതിൽ ഒമ്പതു കിലോമീറ്റർ ഭാഗമാണ് ഇപ്പോൾ തുറന്നുകൊടുത്തത്. പദ്ധതിയുടെ തുടക്കം മുതൽ ഇതുവരെ ഏകദേശം 15 കിലോമീറ്റർ ഭാഗം ഗതാഗതത്തിനായി തുറന്നുകൊടുത്തു കഴിഞ്ഞു. ബാക്കിയുള്ള ഭാഗങ്ങളിൽ നിർമാണം പുരോഗമിക്കുകയാണ്. ബാക്കിയുള്ള ഭാഗങ്ങളിൽ വലിയ വാദി പാലങ്ങൾ, വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വേണ്ടിയുള്ള അടിപ്പാതകൾ, ഇന്റർചേഞ്ചുകൾ എന്നിവ ഉൾപ്പെടുന്നു. മഴവെള്ളം ഒഴുകിപ്പോകാനായി ബോക്സ് കൾവർട്ടുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. ഈ വർഷം പദ്ധതി പൂർണമായും പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വ്യാപ്തി: ഇത് ഒമാൻ വിഷൻ 2040ന്റെ ഭാഗമായി വിനോദസഞ്ചാരവും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടാണ് വികസിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.