പാസ്‌പോർട്ട് പുതുക്കാനുള്ള അധിക ചെലവ് ഒഴിവാക്കാം

ഈ വർഷം ജൂലൈ ഒന്നുമുതൽ പാസ്പോർട്ട് സേവങ്ങളുടെ ഫീസ് ഗണ്യമായി കൂടിയിട്ടുണ്ട്. ഒരു സാധാരണ ഇടത്തരം പ്രവാസി കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് പുതുക്കിയ ചാർജ്. നിരവധി പ്രവാസി സംഘനകൾ ഇക്കാര്യത്തിൽ നിവേദനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും വിമാന കൊള്ളയിലെ നിവേദനം പോലെ ഇതും ആവാനുള്ള സാധ്യതയാണ് ഏറെയും. കാര്യങ്ങൾ ഇങ്ങനെയിരിക്കെ, എന്താണ് പ്രവാസികൾക്ക് ഇക്കാര്യത്തിൽ ചെയ്യാനുള്ളത്? ഇതൊരു പുതിയ കാര്യം അല്ലെങ്കിലും ഒരു ഓർമ്മപ്പെടുത്തലും എടുക്കേണ്ട മുൻകരുതളുകളുമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

നിലവിൽ ഒമാനിൽ ഇന്ത്യൻ പാസ്പോര്ട്ട് പുതുക്കുന്നതിനും വർധന ബാധകമാണ്. പാസ്പോര്ട്ട് (ഓർഡിനറി )പുതുക്കുന്നതിനു 53.750 ഒമാനി റിയൽ (ഏകദേശം 13450 രൂപ) ആണ് നിരക്ക്. തൽക്കാൽ ആണെങ്കിൽ 100 ഒമാനി റിയാലിന് (ഏകദേശം 25000 രൂപ) മുകളിൽ വരും. നാലു പേർ അടങ്ങുന്ന ഒരു കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണിത് എന്ന് പറയേണ്ടതില്ലല്ലോ. പുതുക്കി കിട്ടാൻ വേണ്ടിയുള്ള നീളുന്ന കാത്തിരിപ്പു വേറെയും.

പ്രവാസികൾക്കുള്ള ഒരു പോംവഴി

18 വയസ്സിനു മുകളിൽ പ്രായം ഉള്ളവർക്ക് പാസ്സ്പോർട്ടിന്റെ കാലാവധി സാധാരണ 10 വർഷമാണ്. 18 വയസ്സിനു താഴെ പ്രായം ഉള്ളവർക്ക് 18 വയസ് വരെ ആണ് പാസ്പോർട്ടിന്റെ കാലാവധി. അത് കഴിഞ്ഞു 10 വർഷ കാലാവധിയിൽ പുതുക്കാം. അതുകൊണ്ടു പ്രവാസികൾ പുതുക്കൽ നേരത്തെ പ്ലാൻ ചെയ്യണം.

എല്ലാ വർഷവും പ്രവാസികൾ അവധിക്കാലത്തിനായി നാട്ടിലേക്കു പോകാറുണ്ട്. പോകുന്നതിനു മുമ്പെ ഓൺലൈനായി പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ സമർപ്പിക്കുകയും നാട്ടിൽ എത്തിയാൽ ഉടനെ തന്നെ ഇതിനുള്ള നടപടി ക്രമങ്ങൾ ചെയ്യണം. അങ്ങെനെയെങ്കിൽ നിങ്ങൾക്ക് തിരികെ വരുന്നതിനു മുമ്പെ തന്നെ പാസ്പോർട്ട് പുതുക്കി വാങ്ങി വരാം. കേരളത്തിൽ ധാരാളം സ്ഥലങ്ങൾ ഇതിനു വേണ്ടിയുണ്ട്. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദര്ശിക്കാവുന്നതാണ്. https://www.passportindia.gov.in/psp/Apply

ഇന്ത്യയിൽ സാധാരണ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള സർക്കാർ ഫീസ് വിദേശത്തെ അപേക്ഷിച്ച് വളരെ കുറവാണ്. പാസ്പോർട്ട് നാട്ടിൽ പുതുക്കുന്നതിന് (ഓർഡിനറി) ഫീസ് 2500 രൂപയും തൽക്കാലിന് 5000 രൂപയുമാണ് നിരക്ക്. വിദേശത്തു പതിനായിരത്തിൽ അധികം രൂപ കൊടുക്കേണ്ടി വരുമ്പോഴാണിത്. മുൻകൂട്ടി പ്ലാൻ ചെയ്താൽ വലിയ തുക ഇങ്ങനെ പ്രവാസി കുടുംബത്തിന് ലഭിക്കാൻ കഴിയും ലഭിക്കാൻ കഴിയും.

ശ്രദ്ധിക്കേണ്ട കാര്യം

ഇന്ത്യയിൽ പാസ്‌പോർട്ട് പുതുക്കാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അപേക്ഷ സമർപ്പിക്കൽ, പൊലീസ് പരിശോധന (ആവശ്യമെങ്കിൽ), പാസ്‌പോർട്ട് ലഭിക്കുന്നതുവരെ ഇന്ത്യയിൽ തുടരേണ്ട സാഹചര്യം എന്നിവ യാത്രാ പദ്ധതികളെ ബാധിച്ചേക്കാം. അതിനാൽ അവധിക്കാലത്തിന്റെ ദൈർഘ്യവും യാത്രാ തീയതികളും കണക്കിലെടുത്ത് മാത്രമേ ഈ തീരുമാനം എടുക്കാവൂ.

നാട്ടിലേക്കു തിരിക്കുന്നതിന് മുന്നേ തന്നെ നിങ്ങൾക്കോ അല്ലെങ്കിൽ നാട്ടിലുള്ളവർക്കോ നിങ്ങളുടെ അടുത്തുള്ള പാസ്പോർട്ട് ഓഫിസിൽ അപേക്ഷ ഓൺലൈൻ ആയി കൊടുക്കാവുന്നതാണ് നാട്ടിൽ എത്തുന്ന ദിവസമോ അടുത്ത ദിവസമോ തീയതി തെരെഞ്ഞടുക്കുക. അപ്പോൾ സമയം ലാഭിക്കാം.

സാധാരണ ഗതിയിൽ പരമാവധി ഒരു ആഴ്ചക്കകം നിങ്ങളുടെ പാസ്പോർട്ട് കിട്ടാറുണ്ട്. ഇനി അത്ര അത്യാവശ്യമാണെങ്കിൽ 5000 രൂപ കൊടുത്തു തൽക്കാൽ വഴി പുതുക്കാം. പരമാവധി രണ്ടു മൂന്ന് ദിവസത്തിനകം പാസ്പോർട്ട് കിട്ടാറുണ്ട്.

വിദേശത്തു വെച്ച് പാസ്പോർട്ട് നഷ്ടപ്പെടുക, ഡാമേജ് ആകുക, ചെറിയ കുട്ടികളുടെ പാസ്പോർട്ട് എന്നിവ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളാണ്. ഇത്തരം ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ മാത്രം വിദേശത്തുവെച്ച് പാസ്പോര്ട്ട് പുതുക്കാൻ ശ്രമിക്കുക.

വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് പാസ്‌പോർട്ട് ഒരു യാത്രാരേഖ മാത്രമല്ല, തൊഴിൽ, താമസം, കുടുംബജീവിതം എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ട അനിവാര്യ രേഖ കൂടിയാണ്. അതിനാൽ സേവനങ്ങളുടെ കാര്യക്ഷമതയും ന്യായമായ നിരക്കുകളും ഉറപ്പാക്കേണ്ടത് സർക്കാർ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്ന് പ്രവാസി സംഘടനകളുടെ ആവശ്യം തീർച്ചയായും പരിഗണിക്കേണ്ടതാണ്. കഴിഞ്ഞ വർഷം 135 ബില്യൺ അമേരിക്കൻ ഡോളറിലധികം ഇന്ത്യയിലേക്ക് അയച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കരുത്തേകിയ പ്രവാസി സമൂഹത്തിന് പാസ്‌പോർട്ട് സേവനങ്ങളുടെ കാര്യത്തിലും കൂടുതൽ പരിഗണന ലഭിക്കണമെന്നതാണ് പൊതുവികാരം.

(സാമ്പത്തിക വിദഗ്ദനും എസ്.ബി.ഐ മുൻ ഉദ്യാഗസ്ഥനുമാണ് ലേഖകൻ)

Tags:    
News Summary - "Avoid extra cost for passport renewal"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.