മസ്കത്ത്: നവംബർ അവസാനവാരത്തിൽ രാജ്യത്ത് രണ്ട് പ്രധാന 3x3 ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുമെന്ന് ഒമാൻ ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രഖ്യാപിച്ചു. നവംബർ 25, 26 തീയതികളിൽ അറബ് യുവ (ആൺ-പെൺ) ചാമ്പ്യൻഷിപ്പിനും തുടർന്ന് 28, 29 തീയതികളിൽ ജി.സി.സി ചാമ്പ്യൻഷിപ്പിനും ഒമാൻ ആതിഥേയത്വം വഹിക്കും. ഈ തുടർച്ചയായ ടൂർണമെന്റുകൾ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ആധുനിക കായിക ഇനങ്ങളുടെ അന്തർദേശീയ ഹബ്ബായി രാജ്യം മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചകമാണെന്നും അസോസിയേഷൻ അറിയിച്ചു. അറബ് യുവ ചാമ്പ്യൻഷിപ്പിൽ ഒമാൻ, കുവൈത്ത്, ഖത്തർ, ലബനൻ എന്നീ നാല് രാജ്യങ്ങൾ പങ്കെടുക്കും. പുരുഷ-സ്ത്രീ വിഭാഗങ്ങളിലായി ഒമാന്റെ രണ്ട് ടീമുകൾ പങ്കെടുക്കും.
ജി.സി.സി ചാമ്പ്യൻഷിപ്പിൽ ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ പങ്കെടുക്കും. ആറ് ടീമുകൾ രണ്ട് ഗ്രൂപ്പുകളായി മത്സരിക്കും. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനം നേടുന്നവർ സെമിഫൈനലിലേക്ക് യോഗ്യത നേടും. തുടർച്ചയായി രണ്ടാം വർഷവും രണ്ട് ചാമ്പ്യൻഷിപ്പുകൾക്കും ഒമാൻ വേദിയാകുന്നത് വലിയ നേട്ടമാണെന്ന് ഒമാൻ ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് എൻജിനീയർ ഖൽഫാൻ അൽ നആബി പറഞ്ഞു. ഒളിമ്പിക് ഗെയിംസിൽ ഉൾപ്പെടുത്തിയതോടെ 3x3 ബാസ്ക്കറ്റ്ബാൾ ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ഇനമായതായും ഇത്തവണത്തെ മത്സരങ്ങൾ ഒമാനി കളിക്കാർക്ക് അന്താരാഷ്ട്ര പരിചയം നൽകുന്നതിൽ നിർണായകമാണെന്നും നആബി പറഞ്ഞു.
ആഗോള 3x3 ചാലഞ്ചർ ടൂർണമെന്റ് ഒമാനിൽ സംഘടിപ്പിക്കുന്നതിനായി അന്തർദേശീയ ബാസ്കറ്റ്ബാൾ ഫെഡറേഷനുമായുള്ള ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. 16 രാജ്യങ്ങൾ പങ്കെടുക്കുന്ന ഇവന്റ് ഒമാന്റെ കായിക-ടൂറിസം മേഖലയെ കൂടുതൽ ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ചാമ്പ്യൻഷിപ്പുകളുടെയും ഔദ്യോഗിക ലോഗോകൾ പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.