‘എക്സ്പീരിയൻസ് ഒമാൻ അയൺമാൻ 70.3 മിഡിൽ ഈസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഖുറം ബീച്ചിൽ നീന്തൽ പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന മൽസരാർഥികൾ (ഇടത്ത്), ചാമ്പ്യൻഷിപ്പിൽ ജർമനിയുടെ ക്രിസ്റ്റോഫ് മാട്ട്നർ ഒന്നാമതായി ഫിനിഷ് ചെയ്തപ്പോൾ
മസ്കത്ത്: മസ്കത്തിൽ നടന്ന ‘എക്സ്പീരിയൻസ് ഒമാൻ അയൺമാൻ 70.3 മിഡിൽ ഈസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജർമനിയുടെ ക്രിസ്റ്റോഫ് മാട്ട്നർ ജേതാവായി. മൂന്നു മണിക്കൂർ 51 മിനിറ്റിലാണ് മാട്ട്നർ മത്സരം പൂർത്തിയാക്കിയത്.
ഫ്രാൻസിന്റെ അലക്സാണ്ടർ കെയൽ (3:53 ) രണ്ടും പോർചുഗലിന്റെ റാഫേൽ ഡൊമിംഗ്വസ് (3:55) മൂന്നും സ്ഥാനം നേടി.
ഗ്ലോബൽ അയൺമാൻ 70.3 പരമ്പരയുടെ ഭാഗമായി പൈതൃക -ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ് ശനിയാഴ്ച സമാപിച്ചു. മാസങ്ങളായുള്ള കഠിനപരിശീലനത്തിന്റെയും നിയന്ത്രിത ജീവിതശൈലിയുടെയും ഫലമാണ് വിജയമെന്ന് ക്രിസ്റ്റോഫ് മാട്ട്നർ പ്രതികരിച്ചു. ശാരീരിക-മാനസിക സഹനശേഷി പരീക്ഷിച്ച അനുഭവമായിരുന്നു മത്സരമെന്ന് അദ്ദേഹം പറഞ്ഞു. 82 രാജ്യങ്ങളിൽനിന്നായി 1,049 കായികതാരങ്ങൾ പങ്കെടുത്ത മത്സരം, അന്താരാഷ്ട്ര കായികമേളകൾക്ക് അനുയോജ്യമായ വേദിയായി ഒമാന്റെ കായിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. കായിക ടൂറിസത്തിന്റെയും എൻഡ്യൂറൻസ് മത്സരങ്ങളുടെയും പ്രാദേശിക കേന്ദ്രമായി രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിലും ചാമ്പ്യൻഷിപ് നിർണായകമായി. ഖുറം ബീച്ചിലും പരിസരത്തുമായി നടന്ന മത്സരത്തിൽ 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21.1 കിലോമീറ്റർ മാരത്തൺ എന്നിവ ഉൾപ്പെട്ടു. ഒമാന്റെ പ്രകൃതി വൈവിധ്യമാർന്ന തീരദേശ പാതകളിലൂടെയായിരുന്നു മാരത്തൺ. കുട്ടികൾക്കായി ‘അയൺ കിഡ്സ്’ പരിപാടിയും സംഘടിപ്പിച്ചു. കുടുംബങ്ങളുടെ സജീവ പങ്കാളിത്തവും പരിപാടിക്ക് ഊർജമായി. സമാപനച്ചടങ്ങിൽ വിവിധ പ്രായ വിഭാഗങ്ങളിലെ ജേതാക്കളെ ആദരിച്ചു. വിനോദ -സംഗീത പരിപാടികളും അരങ്ങേറി.
അനുകൂല കാലാവസ്ഥ, ഭൗമ വൈവിധ്യം, ആധുനിക അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര കായികമത്സരങ്ങൾക്ക് അനുയോജ്യ കേന്ദ്രമായി ഒമാൻ മാറിയതായി മന്ത്രാലയത്തിലെ ടൂറിസം ഇവന്റ്സ് ഡയറക്ടർ അൻവർ അൽ ബലുഷി പറഞ്ഞു. മത്സരത്തോടനുബന്ധിച്ച് ഏകീകൃത ഡിജിറ്റൽ ടൂറിസം ബുക്കിങ് പ്ലാറ്റ്ഫോവും അവതരിപ്പിച്ചു. 200ത്തിലധികം ടൂറിസം സേവനദാതാക്കളെയും 350ത്തിലധികം പാക്കേജുകളെയും 56 യാത്ര പാക്കേജുകളെയും 140ത്തിലധികം ഹോട്ടലുകളെയും ഏകോപിപ്പിക്കുന്നതാണ് പ്ലാറ്റ്ഫോം. ഡിജിറ്റൽ പരിവർത്തനത്തിലൂടെ അന്താരാഷ്ട്ര കായികമേളകളിൽനിന്ന് സാമ്പത്തിക നേട്ടം ഉറപ്പാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.