തൊഴിൽ മന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് അണ്ടർ സെക്രട്ടറി സയ്യിദ് സലിം മുസല്ലം അൽ ബുസൈദിയുടെ നേതൃത്വത്തിൽ നടന്ന വാർത്തസമ്മേളനത്തിൽനിന്ന്
മസ്കത്ത്: സിക്ക് ലീവിനുള്ള രേഖകൾ സ്വകാര്യ ആശുപത്രിയിൽനിന്നുള്ളതാണെങ്കിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള പ്രാമാണീകരണവും ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരവും ആവശ്യമാണെന്ന് തൊഴിൽ മന്ത്രാലയം അധികൃതർ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ നിയമത്തിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ തൊഴിൽ മന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് അണ്ടർ സെക്രട്ടറി സയ്യിദ് സലിം മുസല്ലം അൽ ബുസൈദിയുടെ സാന്നിധ്യത്തിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിനിമം വേതന പ്രശ്നത്തിന് കൂടുതൽ കൂടിയാലോചനകൾ ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
ജനറൽ ഫെഡറൽ ഓഫ് ഒമാൻ വർക്കേഴ്സ് വഴിയുള്ള തൊഴിലാളികൾ, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി തുടങ്ങിയവരുമായി കൂടിയാലോചിച്ചും സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്ത് മന്ത്രിമാരുടെ കൗൺസിൽ തീരുമാനമെടുക്കും. നേതൃസ്ഥാനങ്ങൾ ഏറ്റെടുക്കാൻ ഒമാനികളെ പ്രാപ്തരാക്കുന്നത് ഉൾപ്പെടെ നിരവധി ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതാണ് നിയമം. സാമ്പത്തിക മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതും നിക്ഷേപകർക്ക് ആകർഷകവുമാണ്. മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് അവധി ദിവസങ്ങളുടെ എണ്ണം നിയമം വർധിപ്പിച്ചിട്ടുണ്ട്.
തൊഴിൽ അന്തരീക്ഷം ആകർഷകമാക്കുന്ന നടപടിക്രമങ്ങൾ നടപ്പാക്കാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴിലാളികളെ താൽക്കാലിക അടിസ്ഥാനത്തിൽ വിവിധ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ നിയമം ഉടമക്ക് അനുവാദം നൽകുന്നുണ്ട്. എന്നാൽ, ഇതിനായി മന്ത്രാലയത്തിന്റെ അംഗീകാരങ്ങൾ നേടണം. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് ലാഭിക്കാൻ സഹായിക്കുന്നതാണ് ഈ നടപടി. തൊഴിൽ രംഗത്ത് മികവ് പുലർത്താത്ത തൊഴിലാളികളെ പിരിച്ചുവിടാനുള്ള അവകാശവും പുതിയ നിയമം നൽകുന്നുണ്ട്. അയാൾക്ക് ആറുമാസത്തെ നോട്ടീസ് പിരീഡ് നൽകുകയും അവന്റെ ജോലി നികത്താൻ മറ്റൊരു ഒമാനിയെ നിയമിക്കുകയും ചെയ്ത ശേഷമായിരിക്കണം പിരിച്ചുവിടൽ. സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനായി പ്രവാസി തൊഴിലാളികളുടെ സേവനം അവസാനിപ്പിക്കാനുള്ള അനുവാദവും കമ്പനികൾക്ക് നിയമം നൽകുന്നുണ്ട്. അതേ തൊഴിലിൽ പകരം ഒമാനിയെ നിയമിക്കുകയും വേണം.
നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തും -ഒ.സി.സി.ഐ ചെയർമാൻ
മസ്കത്ത്: പുതിയ തൊഴിൽനിയമം രാജ്യത്ത് നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ചെയർമാൻ ഫൈസൽ അൽ റവാസ് പറഞ്ഞു. തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള സന്തുലിതാവസ്ഥയും കൈവരിക്കും.
സുൽത്താനേറ്റിലെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ആഗോള വിപണികൾക്കിടയിൽ ഒമാനി തൊഴിൽ വിപണിയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനും സഹായിക്കും.
കൂടാതെ, തൊഴിൽ വിപണിയിൽ ഓരോ കക്ഷിയുടെയും അവകാശങ്ങളും കടമകളും നിർവചിക്കുന്നതിനും തൊഴിലാളികളുടെ പ്രകടനത്തിന്റെയും ഉൽപാദനക്ഷമതയുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ തൊഴിൽ നിയമം വിപണിയിലെ മാറ്റങ്ങൾക്കനുസൃതം -മന്ത്രി
മസ്കത്ത്: വിപണിയിലെ മാറ്റങ്ങൾക്കും വികാസങ്ങൾക്കും അനുസൃതമായാണ് പുതിയ തൊഴിൽ നിയമമെന്ന് തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബആവിൻ പറഞ്ഞു. ഒമാന്റെ മുന്നേറ്റത്തിനായുള്ള സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ താൽപര്യമാണ് ഇത് സ്ഥിരീകരിക്കുന്നത്.
ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനും ഈ നിയമം പ്രധാനമാണ്. നിയമത്തിന്റെ മുൻഗണനകളിലൊന്ന് തൊഴിലാളിയുടെയും ഉടമയുടെയും താൽപര്യം ഒരുപോലെ കണക്കിലെടുക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.