പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന ഒമാനികൾ (ഫയൽ ചിത്രം)
മസ്കത്ത്: ഒമാനിൽ ചെമ്മീൻപിടിത്ത സീസൺ നവംബർ അവസാനത്തോടെ ഔദ്യോഗികമായി അവസാനിക്കുമെന്ന് കൃഷി, മത്സ്യ-ജലവിഭവ മന്ത്രാലയം അറിയിച്ചു. ഇതോടെ, 2025 ഡിസംബർ 1 മുതൽ 2026 ആഗസ്റ്റ് 31 വരെ ചെമ്മീൻപിടിത്തത്തിന് സമ്പൂർണ നിരോധനം പ്രാബല്യത്തിൽവരും.
നിരോധനകാലം തുടങ്ങുന്നതിന് മുമ്പായി മത്സ്യത്തൊഴിലാളികളും ചെമ്മീൻ വിപണനവുമായി ബന്ധപ്പെട്ടവരും അവരുടെ കൈവശമുള്ള ചെമ്മീൻ ശേഖരങ്ങൾ സംബന്ധിച്ച് പ്രാദേശിക ഓഫിസുകളിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തിട്ടില്ലാത്തചെമ്മീൻ നിരോധനകാലത്ത് വ്യാപാരം നടത്താനും കയറ്റുമതി ചെയ്യാനും അനുവാദം നൽകില്ല. ചെമ്മീൻപിടിത്ത നിരോധനം നിലനിൽക്കുമ്പോൾ നിയമലംഘനം നടത്തുന്നവർക്ക് ജീവജലസമ്പത്ത് നിയമപ്രകാരം കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിർദിഷ്ട കാലയളവിൽ ചെമ്മീൻപിടിത്തം നടത്തിയാൽ 5,000 റിയാൽ വരെയാണ് പിഴ.
കൂടാതെ, ഉപകരണങ്ങൾ പിടിച്ചെടുക്കൽ, ലൈസൻസ് താൽക്കാലികമായോ സ്ഥിരമായോ റദ്ദാക്കൽ തുടങ്ങിയ നടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. മത്സ്യസമ്പത്തിന്റെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനും സമുദ്രജീവജാലങ്ങളുടെ പുനരുൽപാദന ഘട്ടങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് വർഷംതോറും ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
സാധാരണ മൂന്നുമാസത്തേക്കാണ് ചെമ്മീൻ പിടിക്കാൻ കൃഷി-മത്സ്യ-ജല വിഭവ മന്ത്രാലയം അനുമതി നൽകാറുള്ളത്. ആഗസ്റ്റ് 31ന് നിയന്ത്രണം അവസാനിക്കുന്നതോടെ സെപ്തംബർ ഒന്നു മുതൽ ചെമ്മീൻ പിടിക്കാൻ അനുമതി നൽകാറുണ്ട്. അത് മൂന്നുമാസം തുടരും. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ചെമ്മീൻ പിടിക്കാൻ അനുമതി നൽകാറുള്ളത്. ഡിസംബർ ഒന്നു മുതൽ വീണ്ടും നിരോധനകാലം ആരംഭിക്കും. ചെമ്മീൻപിടിത്ത സീസൺ തെക്കൻ ശർക്കിയ, ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾക്ക് പ്രത്യേക പ്രാധാന്യമുള്ളതാണ്. മസിറ ദ്വീപ്, മഹൂത്, അൽ വുസ്ത തീരപ്രദേശം, ദക്ഷിണ ശർക്കിയ തീരവലയം തുടങ്ങിയ പ്രദേശങ്ങളാണ് ഒമാനിൽ ചെമ്മീൻ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പ്രധാന ആവാസവ്യവസ്ഥകൾ.
ഈ മേഖലകളിൽ ചെമ്മീൻപിടുത്തവും വിപണനവും മൂലമുണ്ടാകുന്ന സാമ്പത്തിക ക്രയവിക്രയങ്ങൾ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും പ്രാദേശിക സമ്പദ് വ്യവസ്ഥക്കും വളരെ പ്രധാനമാണ്. ഒമാനിലെ കടലിൽ 12 ഇനങ്ങളിലധികം ചെമ്മീൻ കണ്ടുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.