മസ്കത്ത്: ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തിൽ വിവിധ അക്കാദമിക്-അന്തര്‍ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് ദേശീയ വനിത-ശിശു ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ‘ഹെർ സ്റ്റോറി, അവർ വോയ്സ്’ എന്ന തലക്കെട്ടിൽ എന്ന സമഗ്ര വനിതാരോഗ്യ ബോധവത്കരണ കാമ്പയിന് അൽ മൗജിൽ വെള്ളിയാഴ്ച തുടക്കമായി. ഉദ്ഘാടനച്ചടങ്ങില്‍ ആരോഗ്യ മന്ത്രാലയത്തിലെയും അക്കാദമിക് മേഖലകളിലെയും അന്തര്‍ദേശീയ സംഘടനകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ശനിയാഴ്ചയും പരിപാടി തുടരും. വൈകീട്ട് അഞ്ചു മുതല്‍ രാത്രി 10 വരെയാണ് പരിപാടി.
സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി, നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവിടങ്ങളിലെ മെഡിക്കല്‍ സ്റ്റുഡന്റ്സ് കമ്യൂണിറ്റി (മെഡ്സ്കോ)യാണ് പരിപാടിയുടെ സംഘാടകര്‍. യുനൈറ്റഡ് നാഷൻ സ്പോപലേഷൻ ഫണ്ട് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പിന്തുണയും കാമ്പയിനിനുണ്ട്.
ആരോഗ്യ മേഖലയുടെയും സമൂഹത്തിന്റെയും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതോടൊപ്പം സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ കൈകാര്യം ചെയ്യുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. രണ്ട് ദിവസങ്ങളിലായി 13 പ്രത്യേക ബോധവത്കരണ സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, എന്‍ഡോമെട്രിയോസിസ്, ഐ.വി.എഫ് ഉള്‍പ്പെടെയുള്ള വന്ധ്യത ചികിത്സകള്‍ തുടങ്ങിയ സങ്കീര്‍ണ പ്രജനനാരോഗ്യ പ്രശ്നങ്ങളില്‍ വിദഗ്ധരുടെ മാര്‍ഗനിര്‍ദേശം ലഭ്യമാകും. സർവിക്കല്‍-സ്തനാര്‍ബുദ പരിശോധനകള്‍, എച്ച്പിവി വാക്സിന്, വിവാഹത്തിന് മുമ്പുള്ള മെഡിക്കല്‍ പരിശോധനകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രതിരോധാരോഗ്യത്തിനും പ്രത്യേക പ്രാധാന്യം നല്‍കുന്നതാണ് കാമ്പയിൻ.
യൂറിനറി ട്രാക്റ്റ് ഇന്ഫെക്ഷന്, ലൈംഗികമായി പകരുന്ന രോഗങ്ങള്‍, സുരക്ഷിത ഗര്‍ഭധാരണ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും ചർമരോഗവിഭാഗവും ഉള്‍പ്പെടുത്തി മെനോപ്പോസ് ഘട്ടം ഉള്‍പ്പെടെയുള്ള വനിതാ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ബോധവത്കരണം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.