സലാല: സലാല ഫ്രീ സോണിൽ അഞ്ചു മില്യൺ റിയാലിലേറെ നിക്ഷേപത്തോടെ മൂന്ന് പുതിയ വ്യവസായ പദ്ധതികൾ പ്രവർത്തനമാരംഭിച്ചു. 2025ൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം പൂർത്തിയാക്കിയ പദ്ധതികളാണ് ഇപ്പോൾ പൂർണ തോതിൽ ഉൽപാദനം തുടങ്ങിയത്. ഒമാൻ ഇൻഡസ്ട്രി ദിനാഘോഷത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. വ്യവസായ നിക്ഷേപങ്ങളെ ഉൽപാദന ശേഷിയുള്ള സ്ഥാപനങ്ങളാക്കി മാറ്റുകയും ദേശീയ സമ്പദ്വ്യവസ്ഥയിൽ വ്യവസായ മേഖലയുടേതായ സംഭാവന വർധിപ്പിക്കുകയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടിഷ്യു പേപ്പർ നിർമാണ പ്ലാന്റ്, ടയർ റീസൈക്ലിങ് പ്ലാന്റ്, ഓയിൽ, ഗ്രീസ് റീസൈക്ലിങ് യൂനിറ്റ് എന്നീ പുതിയ പദ്ധതികൾ.
പുതുതായി പ്രവർത്തനം തുടങ്ങിയ പദ്ധതികളിൽ 11,000 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള റെഡി-ബിൽറ്റ് ഇൻഡസ്ട്രിയൽ യൂനിറ്റിൽ സ്ഥാപിച്ച ടിഷ്യു പേപ്പർ നിർമാണ പ്ലാന്റ് 3.8 മില്യൻ റിയാലിലധികം നിക്ഷേപമുള്ളതാണ്. 10,000 ചതുരശ്ര മീറ്ററിലേറെ സ്ഥലത്ത് ഏകദേശം 7.7 ലക്ഷം റിയാൽ നിക്ഷേപത്തോടെ വ്യവസായ ഓയിൽ, ഗ്രീസ് റീസൈക്ലിങ് യൂനിറ്റും പരിസ്ഥിതി വ്യവസായ മേഖലയിൽ 8,000 ചതുരശ്ര മീറ്ററിലേറെ സ്ഥലത്ത് ഏകദേശം അഞ്ചു ലക്ഷം റിയാൽ നിക്ഷേപത്തോടെ ടയർ റീസൈക്ലിങ് പ്ലാന്റും പ്രവർത്തനം ആരംഭിച്ചു.
പദ്ധതികൾ പൂർണ പ്രവർത്തനത്തിലേക്ക് മാറിയത് വ്യവസായ നിക്ഷേപങ്ങൾ ഉൽപാദന ശേഷിയായി മാറുന്നതിന്റെ പ്രകടമായ പുരോഗതിയാണെന്ന് സലാല ഫ്രീ സോൺ സി.ഇ.ഒ ഡോ. അലി ബിൻ മുഹമ്മദ് തബൂക്ക് പറഞ്ഞു. ഇത് ദേശീയ സമ്പദ്വ്യവസ്ഥക്ക് മൂല്യവർധന നൽകുന്നതോടൊപ്പം ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങളോടും ഒത്തുപോകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. 2025 അവസാനത്തോടെ സലാല ഫ്രീ സോണിലെ ആകെ നിക്ഷേപം 5.5 ബില്യൺ റിയാലിലേറെയായി. 20 രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപങ്ങളെ മേഖല ആകർഷിച്ചതായും അധികൃതർ അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ വാണിജ്യ- വ്യസായ അന്തരീക്ഷത്തെ മെച്ചപ്പെടുത്തുകയും മേഖലയിലെ പ്രമുഖ വ്യവസായ-ലോജിസ്റ്റിക് ഹബ്ബെന്ന നില ശക്തിപ്പെടുത്തുന്നതുമാണെന്ന് അധികൃതർ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.