സലാല: മത സാംസ്കാരിക മേഖലയിൽ ഒമാനിലെ ദോഫാർ ഗവർണറേറ്റിന് പുതിയ നാഴികക്കല്ലായി ശൈഖ് മുസ്തഹൈൽ മസ്ജിദ്.താഖ വിലായത്തിൽ ശൈഖ് മുസ്തഹൈൽ ബിൻ അഹ്മദ് അൽ മഅ്ഷാനി മസ്ജിദ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ മേൽനോട്ടത്തിലായിരുന്നു ഉദ്ഘാടനം. ഒമാൻ അസിസ്റ്റന്റ് ഗ്രാൻഡ് മുഫ്തി ഡോ. കഹ്ലാൻ ബിൻ നബ്ഹാൻ അൽ ഖറൂസിയുടെ നേതൃത്വത്തിൽ നടന്ന ജുമുഅ പ്രാർഥനയോടെയായിരുന്നു മസ്ജിദിന്റെ ഉദ്ഘാടനം.
9123 ചതുരശ്ര മീറ്ററിൽ സ്ഥിതിചെയ്യുന്ന പള്ളിയിൽ 4600 വിശ്വാസികളെ ഉൾക്കൊള്ളാനാകും. പ്രധാന പ്രാർഥനഹാൾ, സ്ത്രീകളുടെ പ്രാർഥനഹാൾ, വിശാലമായ മുറ്റം എന്നിവിടങ്ങളിലായാണ് ഇത്രയും പേരെ ഉൾക്കൊള്ളാനാകുക. ഒമാനി വാസ്തുവിദ്യ ഭംഗികൂട്ടുന്ന പള്ളിയിൽ മതഗ്രന്ഥങ്ങൾ, ചരിത്രം, ജീവചരിത്രങ്ങൾ, ബാലസാഹിത്യം ഉൾപ്പെടെ 8000 പുസ്തകങ്ങളുള്ള വിശാല ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്. മതപരവും ദേശീയവുമായ മൂല്യങ്ങൾ പരിപോഷിപ്പിക്കുന്നതിനോടൊപ്പം സ്നേഹവും സൗഹാർദവുമെല്ലാം വളർത്തിയെടുക്കുന്നതിലും പള്ളികൾക്ക് പ്രധാന പങ്കുണ്ടെന്ന് ഒമാൻ മതകാര്യ മന്ത്രാലയം പറഞ്ഞു. പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളും താഖ നിവാസികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.