മസ്കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ തിങ്കളാഴ്ച വൻ ഇടിവ് രേഖപ്പെടുത്തിയതോടെ വിദേശ വിനിമയ വിപണിയിൽ ഒരു ഒമാനി റിയാലിന്റെ മൂല്യം ചരിത്രത്തിലാദ്യമായി 250 ഇന്ത്യൻ രൂപ എന്ന റെക്കോർഡ് നിരക്കിൽ തൊട്ടു. ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടെ ഡോളറിന്റെ കരുത്ത് പ്രകടിപ്പിക്കുന്നത് തുടരുന്നതിനിടയിലാണ് രൂപയുടെ ഈ റെക്കോർഡ് തകർച്ച.
റിയാലിന്റെ മൂല്യം ഉയർന്നതോടെ ഒമാനിലെ പ്രമുഖ എക്സ്ചേഞ്ചുകളിൽ നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു ഒമാനി റിയാലിന് ഒമാനിലെ 249 രൂപ എന്നതാണ് ഒമാനിലെ എക്സ്ചേഞ്ചുകളുടെ ഏകീകൃത നിരക്ക്. തിങ്കളാഴ്ച ഫോറക്സ് വിപണിയിൽ 96.o7 ഡോളറിൽ വ്യാപാരം ആരംഭിച്ച് 96.36 ഡോളറിൽ അവസാനിക്കുകയായിരുന്നു. ഗൾഫ് സംഘർഷത്തിനു ഒരു തീരുമാനമാകാത്ത സാഹചര്യത്തിൽ ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാനുള്ള സാധ്യത കാണുന്നില്ലെന്നു സാമ്പത്തിക വിദഗ്ദ്ധൻ അഡ്വ. മധുസൂദനനൻ അഭിപ്രായപ്പെട്ടു.
അതേസമയം, രൂപ ദുർബലമാകുമ്പോൾ അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകൾ, വിദേശ യാത്രകൾ, കുട്ടികളുടെ വിദേശ പഠന ചെലവുകൾ എന്നിവ വൻതോതിൽ വർധിക്കുമെന്ന മറുവശവുമുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയിൽ ഇറക്കുമതിച്ചെലവ് കൂട്ടും. ഇത് നാട്ടിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയുമുണ്ട്. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 110 ഡോളറിന് മുകളിലേക്ക് ഉയർന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. എണ്ണ വാങ്ങാൻ കൂടുതൽ ഡോളർ ആവശ്യമായി വന്നത് രൂപയെ ദുർബലപ്പെടുത്തുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ സമയത്ത് നിക്ഷേപകർ ഏറ്റവും സുരക്ഷിതമായ കറൻസിയായി യുഎസ് ഡോളറിനെ കാണുന്നതിനാൽ ഡോളറിന്റെ മൂല്യം ലോകമെമ്പാടും ശക്തിപ്പെടുകയാണ്.
ഇന്ത്യയിലെ ഓഹരി വിപണിയിൽ നിന്നും കടപ്പത്രങ്ങളിൽ നിന്നും വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) വൻതോതിൽ പണം പിൻവലിക്കുകയാണ്. വിപണിയിലെ ഇടിവും ഭീതിയും കാരണം നിക്ഷേപകർ ഇന്ത്യൻ രൂപ വിറ്റഴിച്ച് ഡോളറാക്കി മാറ്റുന്നത് രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഇടിയാൻ കാരണമാകുന്നു. ഇന്ത്യയിലേക്കുള്ള സ്വർണം, വെള്ളി, എണ്ണ തുടങ്ങിയ അത്യന്താപേക്ഷിത സാധനങ്ങളുടെ ഇറക്കുമതിച്ചെലവ് ഉയർന്നതും എന്നാൽ അതിനനുസരിച്ച് കയറ്റുമതി വരുമാനം വർധിക്കാത്തതും ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വർധിപ്പിച്ചിട്ടുണ്ട്. ഇത് കറൻസി വിപണിയിൽ രൂപക്കുള്ള സമ്മർദം ഇരട്ടിയാക്കി.
വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇതേപടി തുടർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. രൂപയുടെ മൂല്യ ശോഷണം തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയിൽ നടത്തുന്ന അടിയന്തര ഇടപെടപെടലുകൾ താൽക്കാലിക ആശ്വാസം നൽകാറുണ്ടെങ്കിലും ആഗോള പ്രതിസന്ധികൾ തുടരുന്നതിനാൽ രൂപയുടെ മൂല്യം പൂർണമായി തിരിച്ചുപിടിക്കുന്നത് വെല്ലുവിളിയായി തുടരുന്നു.
ഒമാനി റിയാലിന്റെ മൂല്യം യു.എസ് ഡോളറുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ് എന്നതിനാൽ അതിനാൽ ഡോളർ ശക്തിപ്പെടുമ്പോൾ ഒപ്പം ഒമാനി റിയാലും കരുത്താർജിക്കുകയും തകർച്ച നേരിടുന്ന രൂപക്കെതിരെ ഉയർന്ന വിനിമയ നിരക്ക് രേഖപ്പെടുത്തുകയും ചെയ്യും. ആഗോള വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് മൂല്യത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാതിരിക്കാനും സാമ്പത്തിക സ്ഥിരത നിലനിർത്താനും വേണ്ടിയാണ് ചില രാജ്യങ്ങൾ തങ്ങളുടെ കറൻസിയെ മറ്റൊന്നിലേക്ക് ബന്ധിപ്പിച്ചു നിർത്തുന്നത്. ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും തങ്ങളുടെ കറൻസി ‘പെഗ്ഗ്’ ചെയ്തിരിക്കുന്നത് യുഎസ് ഡോളറുമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.