മസ്കത്ത്: റിയാലിന്റെ വിനിമയനിരക്ക് വീണ്ടും താഴേക്ക് വരാൻ തുടങ്ങി. ഒരു റിയാലിന് 204 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ ചൊവ്വാഴ്ച നൽകിയത്. ജൂലൈ 20ന് വിനിമയ സ്ഥാപനങ്ങൾ 207.30 രൂപ എന്ന നിരക്കാണ് നൽകിയിരുന്നത്. ഇത് അടുത്തിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണ്. ഇതേ ദിവസം വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോർട്ടലായ എകസ്ഇ കറൻസി കൺവെർട്ടർ ഒരു റിയാലിന് 208.5 രൂപ എന്ന നിരക്കാണ് കാണിച്ചിരുന്നത്. 12 ദിവസംകൊണ്ട് ഒരു റിയാലിന് 3.30 രൂപയുടെ കുറവാണ് ഒമാനിൽനിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നവർക്കുണ്ടായത്.
ഡോളറിനെ അപേക്ഷിച്ച് ഇന്ത്യൻ രൂപയുടെ മൂല്യം ഉയരുന്നതാണ് വിനിമയനിരക്ക് ഇടിയാൻ പ്രധാന കാരണം. രൂപയുടെ മൂല്യം ഇടിഞ്ഞ് ഡോളറിന്റെ വില 80.065 രൂപ വരെ എത്തിയിരുന്നു. എന്നാൽ, ജൂലൈ 27നുശേഷം ഡോളറിനെ അപേക്ഷിച്ച് ഇന്ത്യൻ രൂപ ദിവസവും ശക്തി പ്രാപിക്കുകയായിരുന്നു. ചില ദിവസങ്ങളിൽ ഒരു വർഷത്തിനുള്ളിലെ ഉയർന്ന ഏകദിന വളർച്ചവരെ രൂപക്ക് നേടാൻ കഴിഞ്ഞിരുന്നു. ചൊവ്വാഴ്ച ഒരു ഡോളറിന്റെ വില 78.63 രൂപയാണ്. ഒരുമാസത്തിനുള്ളിലെ വലിയ ഏകദിന വളർച്ചയാണ് ഇന്നലെ ഇന്ത്യൻ രൂപ നേടിയത്.
തിങ്കളാഴ്ച ഡോളറിന്റെ വില 79.02 രൂപയായിരുന്നു. രൂപ ശക്തിപ്രാപിക്കാനും റിയാലിന്റെ വിനിമയനിരക്ക് കുറയാനും നിരവധി കാരണങ്ങളുണ്ട്. അമേരിക്കൻ ഡോളറിന്റെ ശക്തി പല കാരണങ്ങളാലും കുറയുന്നതാണ് പ്രധാന കാരണം. ചൈന, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ഉൽപാദന മേഖലയിൽ ക്ഷീണമുണ്ടാകുമെന്ന ഭയമാണ് ഈ രാജ്യങ്ങളുടെ കറൻസിയെ പ്രതികൂലമായി ബാധിക്കുന്നത്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് 75 ബേസിക് പോയന്റായി ഉയർത്താനുള്ള തീരുമാനം നിക്ഷേപകരെ നിരാശപ്പെടുത്തിയിരുന്നു. പലിശനിരക്ക് 100 ബേസിക് പോയന്റായി ഉയർത്തുമെന്നായിരുന്നു നിക്ഷേപകർ പ്രതീക്ഷിച്ചത്. അസംസ്കൃത എണ്ണയുടെ വില ഇടിവ് തുടരുന്നതും ഇന്ത്യൻ രൂപക്ക് അനുഗ്രഹമാവുന്നുണ്ട്. നേരത്തെ അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു ബാരലിന് 100 ഡോളറിന്റെ മുകളിലുണ്ടായിരുന്ന എണ്ണവില കഴിഞ്ഞ ദിവസങ്ങളിൽ അതിനുതാഴെ എത്തിയിരുന്നു. ചൊവ്വാഴ്ച ഒമാൻ എണ്ണവില ബാരലിന് 98.96 ഡോളറാണ്. തിങ്കളാഴ്ച 101.59 ഡോളറായിരുന്നു. ഒരു ദിവസംകൊണ്ട് 2.63 ഡോളറിന്റെ കുറവാണുണ്ടായത്. എണ്ണ ഉൽപാദനം വർധിപ്പിക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനം എണ്ണ വില കുറയാൻ കാരണമാക്കും.
ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ് ഇന്ത്യയിലേക്ക് തിരിച്ചുവരാൻ തുടങ്ങിയത് രൂപക്ക് അനുഗ്രഹമായിട്ടുണ്ട്. ഇത് ഓഹരി വിപണിയെ ശക്തമാക്കാൻ സഹായകമാവും. രൂപ തകർച്ച നേരിട്ടപ്പോൾ റിസർവ് ബാങ്ക് ഇടപെടാതെതന്നെ ശക്തിപ്പെടുത്താൻ കഴിഞ്ഞതും അനുകൂല ഘടകമാണ്.
വരുംദിവസങ്ങളിൽ പലിശനിരക്ക് ഉയർത്താനുള്ള തീരുമാനവും റിസർവ് ബാങ്ക് എടുക്കാൻ സാധ്യതയുണ്ട്. 25 ബേസിക് പോയന്റ് മുതൽ 50 ബേസിക് പോയന്റ് വരെയാണ് പലിശനിരക്ക് ഉയർത്താൻ സാധ്യത. ഇതോടെ ഇന്ത്യൻ രൂപ കൂടുതൽ ശക്തിപ്രാപിക്കുകയും റിയാലിന്റെ വിനിമയ നിരക്ക് ഇനിയും താഴേക്ക് പോകാനുമാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.