മസ്കത്ത്: ഒമാനിലെ ആരോഗ്യ സേവനങ്ങളിലുള്ള പൊതുജന സംതൃപ്തിയുടെ തോത് ഗണ്യമായി വർധിച്ചു. ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം ഈ വർഷമിത് ഇത് 81.8 ശതമാനത്തിലെത്തി. 2023ൽ 73.4 ശതമാനമായിരുന്നു. രാജ്യത്തുടനീളമുള്ള പൊതുജനാരോഗ്യ സേവനങ്ങളിലുള്ള സംതൃപ്തിയിൽ 8.4 ശതമാനം പോയന്റ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പൊതു സേവനങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനുമുള്ള കേന്ദ്രത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് 2025ലെ ഹെൽത്ത്കെയർ സർവിസസ് സംതൃപ്തി സർവേ നടത്തിയത്. സർക്കാർ, സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാക്കൾ തമ്മിലുള്ള സംതൃപ്തി നിലവാരത്തിലെ വ്യത്യാസം സർവേയിൽ കാണാവുന്നതാണ്. പൊതു ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ 80 ശതമാനം സംതൃപ്തി നിരക്ക് രേഖപ്പെടുത്തിയപ്പോൾ, സ്വകാര്യ സ്ഥാപനങ്ങളുടേത് 85 ശതമാനമാണ്.
ഒമാനി പൗരന്മാരെക്കാൾ വിദേശികൾ ആരോഗ്യ സേവനങ്ങളിൽ ഉയർന്ന തലത്തിലുള്ള സംതൃപ്തി പ്രകടിപ്പിക്കുന്നതായി സർവേ കണ്ടെത്തി, ഇത് 87 ശതമാനമാണെങ്കിൽ പൗരന്മാരുടേത് 79 ശതമാനമാണ്. ആരോഗ്യ സംരക്ഷണ സൗകര്യത്തിന്റെ പൊതുവായ അവസ്ഥയും ശുചിത്വവും, ഡോക്ടർമാരോടുള്ള സംതൃപ്തി, നഴ്സുമാരോടുള്ള സംതൃപ്തി, ഫാർമസിസ്റ്റുകളോടുള്ള സംതൃപ്തി, അപ്പോയിന്റ്മെന്റ് ഷെഡ്യൂളിങ്ങിന്റെയും കാത്തിരിപ്പ് സമയത്തിന്റെയും കാര്യക്ഷമത, സേവനങ്ങളുടെ വില എന്നിങ്ങനെ ആറു പ്രധാന മേഖലകളിലാണ് സർവേ ശ്രദ്ധ കേന്ദ്രീകരിച്ചത്
ഒമാനി പൗരന്മാരുടെയും പ്രവാസി നിവാസികളുടെയും പ്രതിനിധി സംഘത്തെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. കണ്ടെത്തലുകളുടെ കൃത്യതയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനായി ഉയർന്ന സ്റ്റാറ്റിസ്റ്റിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായാണ് നടത്തിയത്. 2025ലെ ആരോഗ്യ സേവന സംതൃപ്തി സർവേയുടെ പൂർണഫലങ്ങൾ www.ncsi.gov.om എന്ന വെബ്സൈറ്റിലെ എൻ.സി.എസ്.ഐയുടെ ഡിജിറ്റൽ ലൈബ്രറി വഴി ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.