വിട്ടുമാറാത്ത പുറംവേദനയെ നിസ്സാരമായി കാണരുത്! കാൻസറിന്‍റെ ലക്ഷണങ്ങളാവാം...

വിട്ടുമാറാത്ത പുറംവേദനയെ നിസ്സാരമായി കാണരുതെന്നും അത് ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ടെന്ന് തൊറാസിക് സർജറി വിഭാഗം പ്രിൻസിപ്പൽ കൺസൾട്ടന്റ് ഡോ. കമ്രാൻ അലി മുന്നറിയിപ്പ് നൽകുന്നു. സാധാരണ പുറംവേദനകളിൽ നിന്ന് വ്യത്യസ്തമായി, രാത്രിയിലോ വിശ്രമവേളയിലോ വേദന കൂടുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. മോശം ജീവിതശൈലി, തെറ്റായ ഇരിപ്പ് രീതി, വ്യായാമക്കുറവ് അല്ലെങ്കിൽ പേശീവലിവ് എന്നിവ കാരണമാണ് സാധാരണയായി പുറംവേദന ഉണ്ടാകാറുള്ളത്. എന്നാൽ, ഇത്തരം വേദനകൾ ചികിത്സിച്ചിട്ടും മാറുന്നില്ലെങ്കിൽ അത് ശ്വാസകോശ അർബുദം പോലുള്ള ഗുരുതരമായ അവസ്ഥകളുടെ സൂചനയാകാം.

ശ്വാസകോശ അർബുദം ബാധിച്ചവരിൽ ഏകദേശം 25 ശതമാനം പേർക്കും പുറംവേദന അനുഭവപ്പെടാറുണ്ട്. ഇതിന് ചില കാരണങ്ങളുണ്ട്. ശ്വാസകോശത്തിലെ ട്യൂമർ വളരുമ്പോൾ അത് നട്ടെല്ലിന് ചുറ്റുമുള്ള ടിഷ്യൂകളിൽ സമ്മർദം ചെലുത്തുന്നു. ഇത് കൈകളിലേക്കോ കാലുകളിലേക്കോ പടരുന്ന വേദനക്ക് കാരണമാകും. ട്യൂമർ നാഡികളെ അമർത്തുന്നത് വഴി തരിപ്പ്, ബലക്കുറവ്, മരവിപ്പ് എന്നിവ അനുഭവപ്പെടാം. കാൻസർ കോശങ്ങൾ നട്ടെല്ലിലേക്കോ തലച്ചോറിനെ പൊതിഞ്ഞിരിക്കുന്ന കോശങ്ങളിലേക്കോ പടരുന്നത് കഠിനമായ പുറംവേദനക്കും തലവേദനക്കും കാരണമാകും.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

വിശ്രമിക്കുമ്പോഴും മാറാത്ത പുറംവേദന, രാത്രികാലങ്ങളിൽ വേദന കൂടുകയും ഉറക്കം തടസ്സപ്പെടുകയും ചെയ്യുക, ശാരീരിക അധ്വാനം ഇല്ലാത്തപ്പോഴും വേദന അനുഭവപ്പെടുക, ദീർഘശ്വാസം എടുക്കുമ്പോൾ പുറംവേദന അനുഭവപ്പെടുക, ഫിസിയോതെറാപ്പി കൊണ്ടോ സാധാരണ മരുന്നുകൾ കൊണ്ടോ വേദന കുറയാതിരിക്കുക, വിട്ടുമാറാത്ത ചുമ, പെട്ടെന്ന് ഭാരം കുറയുക, ശബ്ദത്തിലുണ്ടാകുന്ന മാറ്റം, ശ്വാസംമുട്ടൽ, കഫത്തിൽ രക്തം കാണുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്.

സാധാരണ പേശീവേദന വിശ്രമിക്കുമ്പോൾ കുറയുകയാണ് പതിവ്. എന്നാൽ ശ്വാസകോശ അർബുദം മൂലമുള്ള വേദന വിശ്രമിക്കുമ്പോഴും മാറാതെ നിൽക്കും. രാത്രിയിൽ വേദന കഠിനമാവുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ഗൗരവകരമാണ്. ശ്വാസം ആഴത്തിൽ വലിച്ചു വിടുമ്പോൾ പുറംവേദന അനുഭവപ്പെടുന്നത് ശ്വാസകോശത്തിലെ ട്യൂമർ നാഡികളിൽ സമ്മർദം ചെലുത്തുന്നതിന്റെ സൂചനയാകാം. ഫിസിയോതെറാപ്പി ചെയ്താലോ സാധാരണ വേദനസംഹാരികൾ കഴിച്ചാലോ ഈ വേദനക്ക് കാര്യമായ കുറവുണ്ടാകില്ല. പുറംവേദനയുള്ള എല്ലാവർക്കും കാൻസർ ആണെന്നല്ല ഇതിനർത്ഥം. എങ്കിലും, അത് വിട്ടുമാറാതെ നിൽക്കുന്നുണ്ടെങ്കിൽ കൃത്യസമയത്ത് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്.

Tags:    
News Summary - Don't take chronic back pain lightly! It could be a sign of cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.