മസ്കത്ത്: ദോഫാറിലെ പ്രധാന കടല്സമ്പത്തായ സഫേലയുടെ വിളവെടുപ്പ് രണ്ടു വർഷത്തേക്ക് നിരോധിച്ചതായി കാർഷിക-ഫിഷറീസ് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി സഫേലയുടെ സാന്നിധ്യം ദോഫാർ തീരത്ത് കുത്തനെ കുറയുകയാണെന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. ഇൗ വർഷത്തെ വിളവെടുപ്പ് സീസൺ ഡിസംബർ ഏഴിന് ആരംഭിക്കാനിരിക്കെയാണ് മന്ത്രാലയത്തിെൻറ തീരുമാനം.
സഫേല കൈവശം വെക്കുന്നതും വിൽപന നടത്തുന്നതും വിതരണം ചെയ്യുന്നതും ശേഖരിക്കുന്നതും കയറ്റുമതി ചെയ്യുന്നതും വാഹനങ്ങളിൽ കൊണ്ടുപോകുന്നതുമെല്ലാം നിരോധനപരിധിയിൽ വരും. ഫിഷിങ് കമ്പനികൾക്കും മത്സ്യത്തൊഴിലാളികൾക്കും നിബന്ധനകൾക്ക് വിധേയമായി തീരുമാനത്തിൽ ഇളവ് നൽകും. ഇവർക്ക് മത്സ്യബന്ധന മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത അളവിലുള്ള സഫേല കൈവശം വെക്കാനും ഇടപാടുകൾക്കും സാധിക്കുമെന്ന് ഫിഷറീസ് ഡെവലപ്മെൻറ് വിഭാഗം മേധാവി ഡോ. അബ്ദുൽ അസീസ് ബിൻ സൈദ് അൽ മർസൂഖി പറഞ്ഞു. സഫേല സമ്പത്തിെൻറ പുനരുൽപാദനത്തിന് നടപടി വേണമെന്ന് അടുത്തിടെ നടന്ന സർവേകളിലും പഠനങ്ങളിലും മനസ്സിലായിരുന്നു.
ചൈനയിൽ സഫേല കൃഷി വ്യാപിപ്പിക്കുന്നത് ഒമാനി ഇനത്തിെൻറ വിലയെ ബാധിച്ചതായ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്നവയേക്കാൾ അധികം പോഷകമൂല്യം സ്വാഭാവിക പരിതസ്ഥിതിയിൽ ഉള്ളവക്കുണ്ട്.
ജപ്പാൻ അടക്കം വിപണികളിൽ വിലയിൽ ഒരു മാറ്റവുമില്ല. പശ്ചിമേഷ്യയിൽ സലാല തീരത്ത് മാത്രം കാണപ്പെടുന്ന സഫേലക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്.
ചൈന, ജപ്പാൻ, ദക്ഷിണാഫ്രിക്ക, കാനഡ, അമേരിക്ക, ആസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ സഫേലയുണ്ടെങ്കിലും സലാലയിലെ സഫേലക്ക് അന്താരാഷ്ട്ര വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ട്. വിദേശ ഹോട്ടലുകളിലെ വിലപിടിപ്പുള്ള വിശിഷ്ട ഭോജ്യങ്ങളിൽ ഒന്നാണ് ഇത്. സലാലയിലെ മിർബാത്തിലും ശർബാത്തിലുമുള്ള കടൽ പാറകളിലാണ് സഫേല കണ്ടുവരുന്നത്. അവ പറിച്ചെടുക്കാൻ വിദഗ്ധരായ തൊഴിലാളികളുമുണ്ട്. കടലിലെ പാറകളിൽ പറ്റിപ്പിടിച്ച് ഉണ്ടാകുന്ന ഇവയെ കടലിൽ മുങ്ങിയാണ് പറിച്ചെടുക്കുക. നാട്ടിലെ കല്ലുമ്മക്കായ, മുരു തുടങ്ങിയ കടൽവിഭവവുമായി ഇതിന് സാമ്യമുണ്ട്. നിറയെ ഇറച്ചിയുള്ള ഇവക്ക് നല്ല ഔഷധ ഗുണവുമുണ്ടെന്ന് പറയപ്പെടുന്നു. രാജ്യത്തിന് വന്‍ സാമ്പത്തിക വരുമാനം നല്കുന്നതായതിനാല് കാര്‍ഷിക മത്സ്യവിഭവ മന്ത്രാലയമാണ് വിളവെടുപ്പ് കാലവും മറ്റും നിശ്ചയിക്കുന്നത്. പാകമാകാതെ അനിയന്ത്രിതമായി ഇവ വിളവെടുക്കുന്നതുമൂലം എണ്ണം കുറഞ്ഞതിനാൽ മുമ്പും പല സീസണുകളിൽ വിളവെടുപ്പ് നിരോധിച്ചിട്ടുണ്ട്.
സഫേല വിളവെടുപ്പ് കാലം ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഉത്സവകാലമാണ്. നൊടിയിടയില്‍ കൈനിറയെ പണം ലഭിക്കുന്ന ഈ വിളവെടുപ്പിന് ഗ്രാമം മുഴുവന്‍ ഒരുങ്ങും. ആഘോഷത്തോടെയാണ് യുവാക്കളും മുതിര്‍ന്നവരും വിളവെടുപ്പ് നടത്താറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.