ഒമാനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്
താരീഖ് അൽ സഈദുമായി കൂടിക്കാഴ്ച നടത്തുന്നു
ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മസ്കത്തിലെ റോയൽ എയർപോർട്ടിൽ ഒമാൻ പ്രതിരോധകാര്യ
ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന് താരീഖ് അൽ സഈദിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
മസ്കത്ത്: ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാനിലെത്തി. ബുധനാഴ്ച വൈകീട്ട് 4.45നായിരുന്നു പ്രധാനന്ത്രി മസ്കത്തിലെ റോയൽ എയർപോർട്ടിൽ വന്നിറങ്ങിയത്. ഒമാൻ പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന് താരീഖ് അൽ സഈദിന്റെ നേതൃത്വത്തിൽ മോദിക്ക് ഔദ്യോഗിക വരവേൽപ് നൽകി. വിമാനമിറങ്ങിയ മോദിയെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് വരവേറ്റത്. തുടർന്ന് മസ്കത്ത് വിമാനത്താവളത്തിലെ വി.ഐ.പി ഹാളിൽ ഇന്ത്യൻ ദേശീയഗാനത്തിന്റെ അകമ്പടിയിൽ മോദിയെ സ്വാഗതം ചെയ്തു.
ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോൽസാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യുസഫ്, ഇന്ത്യയിലെ ഒമാൻ അംബാസഡർ ഈസ ബിൻ സാലിഹ് അൽ ശൈബാനി, വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ, സുൽത്താന്റെ സായുധസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഒമാനിലെ ഇന്ത്യൻ അംബാസഡർ ഡോ. ജി.വി. ശ്രീനിവാസ്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്വീകരണചടങ്ങിൽ പങ്കെടുത്തു.
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ജോർഡനും ഇത്യോപ്യയും സന്ദർശിച്ചശേഷമാണ് മോദി ഒമാനിലെത്തിയത്. മോദിക്കൊപ്പം ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും ഒമാനിലെത്തിയിട്ടുണ്ട്.
തുടർന്ന് ഹോട്ടലിലെത്തിയ മോദിയെ പാരമ്പര്യ കലാപ്രകടനങ്ങേളാടെ ഒമാനി കലാകാരന്മാർ വരവേറ്റു. ഒമാനി സംഗീതം ആസ്വദിച്ച് മോദി സ്വീകരണത്തിൽ പങ്കുചേർന്നു. ബുധനാഴ്ച രാത്രി ഒമാൻ പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന് താരീഖ് അൽ സഈദുമായി മോദി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ഇന്ത്യയും ഒമാനും തമ്മിലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷ. മസ്കത്തിൽ വ്യാഴാഴ്ച രാവിലെ ഇന്ത്യൻ പ്രവാസികളും വിദ്യാർഥികളുമടങ്ങുന്ന സമൂഹത്തെ പ്രധാനമന്ത്രി പ്രത്യേകം അഭിസംബോധന ചെയ്യും.
വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി, സംസ്കാരം എന്നിവയിലെ സഹകരണവും പരസ്പരതാൽപര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളും ഇരുകക്ഷികളും സമഗ്രമായി അവലോകനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധത്തിന്റെ 70ാം വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിലാണ് പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശനം. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സന്ദർശിക്കുന്നത്. 2018 ഫെബ്രുവരിയിലായിരുന്നു ആദ്യ സന്ദർശനം. ഫലസ്തീനും അബൂദബിയുമടക്കം ഉൾക്കൊള്ളുന്ന നാലുദിവസത്തെ വിദേശയാത്രയിലാണ് അന്ന് മോദി ഒമാനിലെത്തിയത്. വ്യാഴാഴ്ച വൈകീട്ടോടെ മോദി ഇന്ത്യയിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.