ഗായകൻ എം.ജി ശ്രീകുമാർ, നടി ഭാവന എന്നിവർ ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ...’ എന്ന ഗാനമാലപിക്കുന്നു. എം.ജിയുടെ
ഭാര്യ ലേഖ ശ്രീകുമാറും അവതാരകൻ മിഥുൻ രമേശും സമീപം
സലാല: മരുഭൂ നാട്ടിലെ മലയാളമണ്ണായ സലാലക്ക് എന്നെന്നും ഓർത്തുവെക്കാൻ കലയുടെ വസന്ത രാവ് തീർത്താണ് ഹാർമോണിയസ് കേരള ആറാം സീസണിന് സലാലയിൽ സമാപനമായത്. ഒമാനിൽ തുടങ്ങി മറ്റു ഗൾഫ് നാടുകളിലും കേരളത്തിലുമടക്കം ഹിറ്റായി മാറിയ ഹാർമോണിയസ് കേരളയുടെ ഇതുവരെ നടന്ന 15 എഡിഷനുകളിൽ ആറും ഒമാനിലാണെന്നത് സുൽത്താനേറ്റിൽ ഗൾഫ് മാധ്യമത്തിന്റെ സ്വീകാര്യതയാണ് തെളിയിക്കുന്നത്. സലാലയിൽ ഹാർമോണിയസ് കേരളയുടെ മൂന്നാം വരവാണിത്.അൽമറൂജ് ആംഫി തിയറ്റിൽ വെള്ളിയാഴ്ച രാത്രി അരങ്ങേറിയ ഉൽസവ രാവിലെ ഓരോ നിമിഷവും കാണികൾ ആസ്വദിക്കുകയായിരുന്നു. സസ്പെൻസ് എൻട്രികളും അപൂർവ മുഹൂർത്തങ്ങളും പിറന്ന പരിപാടി സലാല ഹൃദയത്താൽ സ്വീകരിച്ചു.
സലാല അൽമറൂജ് ആംഫി തിയറ്ററിൽ നടന്ന ഹാർമോണിയസ് കേരള ആറാം സീസൺ ഉദ്ഘാടന ചടങ്ങിൽ ഗൾഫ് മാധ്യമത്തിന്റെ ഉപഹാരം മുഖ്യാതിഥി ദോഫാർ ഗവർണറേറ്റ് സാംസ്കാരിക- കായിക -യുവജന കാര്യ എ.ജി.എം ഫൈസൽ അലി അൽ നഹ്ദി ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫിന് കൈമാറുന്നു (ഇടത്ത്), നടി ഭാവനയിൽനിന്ന് ലുലു ഹൈപ്പർ മാർക്കറ്റ് സലാല ജനറൽ മാനേജർ ഷാക്കിർ ടി.പി ഉപഹാരം ഏറ്റുവാങ്ങുന്നു (മധ്യത്തിൽ), ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് എക്സി. ഡയറക്ടർ ഫിർസാത്ത് ഹസൻ നടി ഭാവനയിൽ നിന്ന് ഉപഹാരം സ്വീകരിക്കുന്നു
മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജി ശ്രീകുമാറിന്റെ പാട്ടുജീവിതത്തിന്റെ 42 വർഷങ്ങൾ ആഘോഷിക്കുന്ന ‘മധുമയമായ് പാടാം’ എന്ന പ്രത്യേക ഷോയിൽ അവതരിപ്പിച്ച പാട്ടുകൾ മലയാളികളെ ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. മലയാളത്തിലെ വിപ്ലവകാരിയായ നടി ഭാവനയുടെ സാന്നിധ്യവും വാക്കുകളും സദസ്സിന് ഉണർവേകി. അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ആദരമർപ്പിക്കുന്ന പരിപാടിയും നടന്നു. അദ്ദേഹത്തിന്റെ ജീവിതാനുഭവത്തിൽനിന്നുള്ള വാക്കുകളുമായി എ.ഐ സഹായത്തോടെ പുനർനിർമിച്ച വിഡിയോ ഹാർമോണിയസ് കേരളയുടെ മാനവികതയുടെ സന്ദേശം പകരുന്നതായി.
മിയക്കുട്ടിയുടെ ‘തനി ലോക മുറക്കാരി...’ പാട്ട് സദസ്സിനെ ഇളക്കിമറിച്ചു. സലാലയുടെ സ്വന്തം ഗായിക സൗമ്യ സനാതനൻ ‘ യ തബ് തബ്..വദല്ല...’ എന്ന ഗാനവുമായി അരങ്ങിലെത്തി. പിന്നാലെ വേദിയിലെത്തിയ ഭാവനക്ക് ആദരമായി അവരുടെ സിനിമകളിൽനിന്നുളള ഗാനങ്ങളുമായി നിത്യ മാമ്മൻ, ശിഖ, അശ്വിൻ, റഹ്മാൻ, മിയ എന്നിവർ അണിനിരന്നു. ഭാവനയുടെ സിനിമകളിലൂടെ ഹിറ്റായ തെരഞ്ഞെടുത്ത പാട്ടുകൾ അവരുടെ മലയാള സിനിമ യാത്രയെ ഓർമപ്പെടുത്തുന്നതായിരുന്നു.
സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജനറൽ മാനേജർ റിയാസ് പി. ലത്തീഫ്
നടി ഭാവനയിൽനിന്ന് ഉപഹാരം സ്വീകരിക്കുന്നു
‘സ്വയംവര ചന്ദ്രികേ..’, ഇന്നലെകളേ...തിരികെ വരുമോ...’, ‘ചിരി ചിരിയോ..’ , ‘ഏഴാം ബഹ്റിന്റെ വാതിൽ തുറന്നോളേ...’, ‘വാസ്കോഡ ഗാമ...’, ‘ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാനാ..’ എന്നീ പാട്ടുകളാണ് ഭാവനക്ക് ആദരമായി പാടിയത്. ഉദ്ഘാടന സെഷന് ശേഷം കാണികൾ ആകാംക്ഷപൂർവം കാത്തിരുന്ന എം.ജി. ശ്രീകുമാറിന്റെ എൻട്രിയായിരുന്നു. തന്റെ ഹിറ്റായ ഫാസ്റ്റ് നമ്പർ പാട്ടുകളും മെലഡിയുമൊക്കെയായി അദ്ദേഹം കാണികളെ പാട്ടിന്റെ ആനന്ദത്തിലാറാടിച്ചു. ‘ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മാ .. തിരുവള്ളിക്കാവിൽ, ഗജവീരന്മാരായിരം...’ എന്ന എക്കാലത്തെയും ഹിറ്റുമായാണ് എം.ജി ശ്രീകുമാർ തുടങ്ങിയത്. ഒരു പൂവിതളിൽ..., വെളളി നിലാ തുള്ളികളോ..., ബാലേട്ടാ ബാലേട്ടാ..എന്നീ പാട്ടുകൾ പാടിയതോടെ സദസ്സ് ആവേശത്തിരയിലായി. അദ്ദേഹത്തിന്റെ ഭര്യ ലേഖ ശ്രീകുമാറും വേദിയിലെത്തിയതോടെ പ്രിയ ഗായകന്റെ ജീവിതത്തിലെ അപൂർവ മുഹൂർത്തത്തിനും സദസ്സ് സാക്ഷിയായി. എം.ജി ശ്രീകുമാറും ഭാവനയും ചേർന്ന് ‘അമ്പലപ്പപുഴ ഉണ്ണിക്കണ്ണേനാടു നീ..’ എന്ന പാട്ട് പാടിയതോടെ ആറായിരത്തോളം കാണികൾ നിറഞ്ഞ ഗാലറയിൽ നിറഞ്ഞ കൈയടിയായിരുന്നു. പിന്നീട്, മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി പാട്ടുകളുമായി എം.ജി ശ്രീകമാറും സംഘവും അരങ്ങുവാണപ്പോൾ സദസ്സും പാട്ടിൻതാളത്തിലമർന്നു. തന്റെ ിഷ്ടഗാനങ്ങളിലൊന്നായ ‘വേൽമുരുകാ...’ പാടിയതോടെ കാണികളിൽ പലരും നൃത്തച്ചുവടുകളിലേക്ക് നീങ്ങി. കാണികൾ ആവശ്യപ്പെട്ട പാട്ടുകളും അദ്ദേഹം പാടി. കലയും ചിന്തയും നിറഞ്ഞ ‘ഹാർമോണിയസ് കേരള’യിൽനിന്ന് മനംനിറഞ്ഞാണ് കാണികൾ മടങ്ങിയത്.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഗ്ലോബൽ ജനറൽ മാനേജർ പി. നിക്സൺ
ബേബി നടി ഭാവനയിൽനിന്ന് ഉപഹാരം സ്വീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.