മസ്കത്ത്: സുൽത്താൻ ഖാബൂസ് സർവകലാശാല നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ മന്ത്രാലയം ‘ഗിഫ്റ്റ് ഓഫ് ലൈഫ്’ എന്ന തലക്കെട്ടിൽ മൂന്നുദിവസം നീണ്ട അവയവദാന ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. വൈകീട്ട് അഞ്ചുമുതൽ രാത്രി ഒമ്പതുവരെ സീബിലെ ദി വില്ലേജിലായിരുന്നു കാമ്പയിൻ സംഘടിപ്പിച്ചത്. അവയവദാനത്തിന്റെ വൈദ്യശാസ്ത്ര, മാനസിക, മത, മനുഷ്യാവകാശ വശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നൽകുകയായിരുന്നു കാമ്പയിൻ ലക്ഷ്യം.
ഒമാൻ മെഡിക്കൽ സ്പെഷ്യാലിറ്റി ബോർഡ്, യൂണിവേഴ്സിറ്റി മെഡിക്കൽ സിറ്റി, ഒമാൻ ട്രാൻസ്പ്ലാൻറേഷൻ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തിയ കാമ്പയിൻ ദേശീയ അവയവ മാറ്റ ശസ്ത്രക്രിയ പദ്ധതിയെ ശക്തിപ്പെടുത്താനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ്. കഴിഞ്ഞവർഷങ്ങളിൽ ഒമാനിൽ നടന്ന ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയും നിരവധി വൃക്ക, കരൾ മാറ്റ ശസ്ത്രക്രിയകളും ഉൾപ്പെടെ ഗണ്യനേട്ടങ്ങളാണ് ദേശീയ പദ്ധതി കൈവരിച്ചത്.
ഒമാനിൽ ഈ വർഷം ഒക്ടോബർ അവസാനം വരെ 139 അവയവമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. 31 വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയും 13 കരൾമാറ്റ ശസ്ത്രക്രിയയും 95 കോർണിയ മാറ്റ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയായി. അതോടൊപ്പം, 2021ൽ ആരംഭിച്ച ‘ഷിഫാ’ ആപ്പ് മുഖേന ഡിജിറ്റൽ ആരോഗ്യസേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ആപ്പ് വഴി മെഡിക്കൽ റെക്കോർഡുകൾ, കുടുംബാരോഗ്യവിവരങ്ങൾ, അപ്പോയിന്റ്മെന്റുകൾ, മരുന്ന് വിവരങ്ങൾ, പ്രതിരോധ കുത്തിവെപ്പ് സ്ഥിതി, രക്ത-അവയവദാനം, വെർച്വൽ ക്ലിനിക്കുകൾ എന്നിവ ഉൾപ്പെടെ 16 സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.