ഹഫീത് റെയിലിന്റ നിർമാണ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് അധികൃതർ സെറ്റ് സന്ദർശിക്കുന്നു
മസ്കത്ത്: ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിലിന്റെ നിർമാണ ഒരുക്കങ്ങൾ അതിവേഗം നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രോജക്ട് കോൺട്രാക്ടർമാർ, കൺസൾട്ടൻറുമാർ, അസ്യാദ്, ഹഫീത് റെയിൽ എക്സിക്യൂട്ടിവ് മാനേജ്മെന്റ് ടീമുകളിലെ പ്രധാന ഉദ്യോഗസ്ഥർ, അംഗങ്ങൾ എന്നിവരുടെ സൈറ്റ് സന്ദർശനവേളയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.യാത്രക്കാരുടെ പ്രധാന സ്റ്റോപ്പുകൾ, അറ്റകുറ്റപ്പണികൾ, ഷിപ്പിങ് സ്റ്റേഷനുകൾ, പ്രധാന പാലങ്ങൾ, ടണൽ സൈറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു സൈറ്റ് സന്ദർശനത്തിലുൾപ്പെട്ടിരുന്നത്.
പ്രദേശത്തിന്റെ ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് പദ്ധതി.പാതയിൽ 2.5 കി.മീ വീതമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും ഉണ്ടാകും. പാലത്തിന് ചിലത് 34 മീറ്റർ ഉയരമുണ്ടാകും.വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും കാലാവസ്ഥാ സാഹചര്യങ്ങളും പരിഗണിച്ച് വളരെ തന്ത്രപരമായി തയാറാക്കിയതാണ് റെയിൽവേ ശൃംഖല. ഏറ്റവും നൂതന സാങ്കേതികവിദ്യകളായിരിക്കും നിർമാണത്തിനുപയോഗിക്കുക. അത്യാധുനിക റെയിൽ ശൃംഖല വിവിധ വ്യവസായമേഖലകളെയും സാമ്പത്തിക പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കും. ഇരു രാജ്യങ്ങൾക്കുമിടയിൽ എളുപ്പവും വേഗത്തിലുള്ളതുമായ യാത്ര സുഗമമാക്കുന്നതിലൂടെ ടൂറിസം വ്യവസായത്തിന് ഗണ്യമായ സംഭാവന നൽകുകയും ചെയ്യും. സുഹാറിലും അൽ ഐനിലും പാസഞ്ചർ സ്റ്റേഷനുകളും ബുറൈമി, സുഹാർ, അൽ ഐൻ എന്നിവിടങ്ങളിൽ ചരക്ക് സ്റ്റേഷനുകളുമുണ്ടാകും. ഒരു ട്രെയിൻ യാത്രയിൽ 25,000 ടണ്ണിലധികം സാധാരണ ചരക്കോ അല്ലെങ്കിൽ 270 ലധികം സ്റ്റാൻഡേഡ് കണ്ടെയ്നറുകളോ കയറ്റിയയക്കാൻ സാധിക്കും. മറ്റ് ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് ഇതിലൂടെ കാർബൺ ബഹിർഗമനം 10 മടങ്ങ് കുറയും പദ്ധതിയിലൂടെ വൻ സാമ്പത്തിക ലാഭമുണ്ടാക്കാൻ സാധിക്കും.
കഴിഞ്ഞ മാസം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ യു.എ.ഇ സന്ദർശനത്തോടനുബന്ധിച്ച് വിവിധ കരാറുകൾ നൽകിയ ശേഷം, ഈ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്ന ഹഫീത് റെയിൽ ടീമിന്റെ എൻജിനീയർമാരെയും ആർക്കിടെക്ടുമാരെയും അസ്യാദ് ഗ്രൂപ് ചീഫ് എക്സി. അസറ്റ് മാനേജ്മെൻറ് അഹ്മദ് അൽബലുഷി അഭിനന്ദിച്ചു. നിർമാണത്തിനുള്ള തയാറെടുപ്പ് ജോലികൾ ആരംഭിച്ചത് ഇരു രാജ്യങ്ങളിലുമുള്ള ബന്ധപ്പെട്ട എല്ലാ കക്ഷികളും തമ്മിലുള്ള ശക്തമായ സമന്വയത്തിന്റെ തെളിവാണെന്ന് ഹഫീത് റെയിൽ സി.ഇ.ഒ എൻജിനീയർ അഹ്മദ് അൽ മുസാവ അൽ ഹാഷിമി പറഞ്ഞു. റെക്കോഡ് സമയം കൊണ്ടാണ് ഇത് പൂർത്തിയാക്കിയത്.ഹഫീത് റെയിലിന്റെ ഷെയർ ഹോൾഡർമാർക്കും അന്താരാഷ്ട്ര പങ്കാളികൾക്ക് പുറമെ ഒമാനിലെയും യു.എ.ഇയിലെയും നിരവധി പ്രാദേശിക കമ്പനികളുടെ വൈദഗ്ധ്യത്തിനും നന്ദി പറഞ്ഞ് പാതയുടെ നിർമാണത്തിന് തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ചരക്ക് ഗതാഗത രീതികൾ മാറ്റങ്ങൾക്ക് വഴിയൊരുക്കും. റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നതിലും കുറവുവരും. രണ്ട് രാജ്യങ്ങളിലെയും അഞ്ച് പ്രധാന തുറമുഖങ്ങളെയും നിരവധി വ്യവസായിക, സ്വതന്ത്ര മേഖലകളെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ പരമ്പരാഗത കര ഗതാഗത രീതികളെ അപേക്ഷിച്ച് ഷിപ്പിങ് ചെലവിൽ 40 ശതമാനത്തിന്റെ കുറവു വരുത്തുമെന്നാണ് കണക്ക് കൂട്ടുന്നത്.യാത്രസമയങ്ങളിൽ 50 ശതമാനത്തിലേറെ ലാഭിക്കാനാകുമെന്നാണ് വാഗ്ദാനം. ഈ മാറ്റം കാറുകളുടെയും ട്രക്കുകളുടെയും റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറക്കുക മാത്രമല്ല, കൂടുതൽ സുസ്ഥിരമായ ഷിപ്പിങ് രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
യു.എ.ഇ - ഒമാൻ ഉന്നതതല യോഗത്തിൽ റെയിൽ പദ്ധതിക്ക് വേണ്ടി ഇത്തിഹാദ് റെയിൽ, മുബദാല, ഒമാനി അസ്യാദ് ഗ്രൂപ് കമ്പനി എന്നിവയുടെ ഓഹരി പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം ഒരു ടീമായി പ്രവർത്തിക്കാൻ കമ്പനികൾ ധാരണയിൽ ഒപ്പുവെച്ചിട്ടുമുണ്ട്.
ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന 300 കി.മീറ്റർ ദൂരത്തിലുള്ള റെയിൽ ശൃംഖല നിർമിക്കുന്നതിന് 2022ൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ഒമാൻ സന്ദർശനവേളയിൽ കരാർ ഒപ്പിട്ടിരുന്നു.
മണിക്കൂറിൽ 200 കി.മീ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകൾ അബൂദബിയെയും ഒമാനിലെ സുഹാറിനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമിക്കുക. ഈ പാതയിൽ ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കി.മീ വേഗത്തിൽ വരെ സഞ്ചരിക്കും.
പാസഞ്ചർ ട്രെയിനുകൾ സുഹാറിനും അബൂദബിക്കുമിടയിൽ 100 മിനിറ്റിലും സുഹാറിനും അൽഐനുമിടയിൽ 47 മിനിറ്റിലും എത്തിച്ചേരും. പദ്ധതി പൂർത്തീകരിച്ചാൽ മേഖലയിൽ ചരക്ക്, യാത്രാ രംഗത്ത് വലിയ മാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.