ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ആസിയാൻ ഉന്നതതല യോഗത്തിൽ മറ്റംഗങ്ങളോടൊപ്പം ഒമാൻ വിദേശ കാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി

ആസിയാൻ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാൻ ഒമാൻ; സമുദ്ര സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കും

മസ്കത്ത്:തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സമാധാന-സഹകരണ കരാറിന്റെ 50-ആം വാർഷികത്തോടനുബന്ധിച്ച് ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ഉന്നത തല യോഗത്തിൽ സമുദ്ര സുരക്ഷയോടുള്ള ഒമാന്റെ പ്രതിബദ്ധത വ്യക്തമാക്കി വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘സമുദ്ര സുരക്ഷ ശക്തമാക്കലും സഹകരണം പ്രോത്സാഹിപ്പിക്കലും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ഒമാൻ നയം വ്യക്തമാക്കിയത്. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിച്ചുള്ള സമാധാനപരമായ ചർച്ചകളിലൂടെ മാത്രമേ ആഗോള സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കൂ എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഹുർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ജലപാതകൾ പൂർണമായും സുരക്ഷിതമായിരിക്കണം. ആഗോള വ്യാപാരത്തെയോ കപ്പൽ ഗതാഗതത്തെയോ തടസ്സപ്പെടുത്തുന്ന നീക്കങ്ങൾ ഉണ്ടാകരുത്. ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ ഉടമ്പടി കർശനമായി പാലിക്കുന്നത് ആഗോള ഭക്ഷ്യ-ഊർജ സുരക്ഷക്ക് അനിവാര്യമാണ്. മലാക്ക, സിംഗപ്പൂർ കടലിടുക്കുകളിലെ സംയുക്ത സുരക്ഷാ സംവിധാനം പോലെ, തീരദേശ രാജ്യങ്ങളും കപ്പൽ പാതകൾ ഉപയോഗിക്കുന്നവരും പരസ്പര വിശ്വാസത്തോടെ ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ആസിയാൻ രാജ്യങ്ങളുമായി ചേർന്ന് സുരക്ഷിതവും സുസ്ഥിരവുമായ സമുദ്ര പങ്കാളിത്തം കെട്ടിപ്പടുക്കാൻ ഒമാൻ തുടർന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Oman to strengthen cooperation with ASEAN countries; to ensure maritime security and freedom of navigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.