വരുന്നൂ ഒമാനിൽ ഡ്രൈവറില്ലാ വാഹനങ്ങൾ
മസ്കത്ത്: ഒമാനിൽ ഡ്രൈവറില്ലാതെ സ്വയം ഓടുന്ന (ഓട്ടോണമസ്) വാഹനങ്ങൾ അടുത്ത വർഷം മൂന്നാം പാദത്തോടെ നിരത്തിലിറങ്ങും. സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈദ്യുത സ്വയം നിയന്ത്രിത വാഹനം ഉപയോഗിച്ച് നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായതിനെ തുടർന്നാണ് തീരുമാനം. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക വിദ്യാ മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മാവാലി, ഒമാൻ എയർപോർട്ട്സ് അധികൃതർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം നടന്നത്. വാഹനത്തിന്റെ പ്രകടനം വിലയിരുത്തുന്നതിനും, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷിതമായി സഞ്ചരിക്കാനുള്ള ശേഷി പരിശോധിക്കുന്നതിനുമാണ് പരീക്ഷണം നടത്തിയത്. സെൻസിംഗ്, തത്സമയ നിരീക്ഷണം, റൂട്ട് പ്ലാനിംഗ്, തടസ്സങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശേഷി എന്നിവയെല്ലാം പരീക്ഷണ ഘട്ടത്തിൽ വിജയകരമായി വിലയിരുത്തി.തുടർന്ന് നടക്കാനിരിക്കുന്ന നിരവധി സാങ്കേതിക പരീക്ഷണങ്ങളുടെ ആദ്യ ഘട്ടമാണ് സലാലയിൽ പൂർത്തിയായതെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.
വിമാനത്താവള പരിസരങ്ങളിൽ ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും മികച്ചതും സുസ്ഥിരവുമായ യാത്രാ സൗകര്യങ്ങൾ ഒരുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കി. 2027 മൂന്നാം പാദത്തിൽ ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ സാധനങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനുളള ലോജിസ്റ്റിക്സ് ആവശ്യങ്ങൾക്കായിരിക്കും ഈ വാഹനങ്ങൾ ഉപയോഗിക്കുക. ഇത് പ്രവർത്തനച്ചെലവും കാർബൺ പുക പുറന്തള്ളലും കുറക്കാൻ സഹായിക്കും.
സ്മാർട്ട്-സുസ്ഥിര ഗതാഗത സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനും അനുയോജ്യമായ രാജ്യമെന്ന നിലയിൽ ഒമാൻ സൂൽത്താനേറ്റിന്റെ സ്ഥാനം ആഗോളതലത്തിൽ കൂടുതൽ ശക്തമാക്കാൻ പുതിയ ചുവടുവെപ്പ് സഹായിക്കുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ദോഫാറിൽ നടന്ന ഗൾഫ് ഗ്രീൻ മൊബിലിറ്റി ഫോറത്തിൽ, ഹരിത ഊർജത്തെ അടിസ്ഥാനമാക്കി ഗതാഗത-ലോജിസ്റ്റിക്സ് മേഖലകളിൽ 600 ദശലക്ഷം റിയാലിലധികം മൂല്യം വരുന്ന പദ്ധതികളും കരാറുകളും മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം, ഗുണമേന്മയുള്ള നിക്ഷേപങ്ങൾ ആകർഷിക്കൽ, ഇൻഫ്രാസ്ട്രക്ചർ വികസനം എന്നിവയിലൂടെ ഒമാൻ വിഷൻ 2040-ന് അനുസൃതമായാണ് ഗതാഗത മേഖലയുടെ ഈ പരിവർത്തനമെന്ന് ഒമാൻ ലോജിസ്റ്റിക്സ് സെന്റർ ഡയറക്ടർ ജനറലും നെറ്റ് സീറോ വിദഗ്ധനുമായ അബ്ദുള്ള ബിൻ അലി അൽ ബുസൈദി പറഞ്ഞു. ഹരിത ഗതാഗതവുമായി ബന്ധപ്പെട്ട പ്രോജക്ടുകളിൽ ഒമാന്റെ നിക്ഷേപം 2025-ൽ തന്നെ 320 ദശലക്ഷം റിയാൽ കവിഞ്ഞതായും തുറമുഖങ്ങൾ, ഇലക്ട്രിക് മൊബിലിറ്റി, ഫാസ്റ്റ് ചാർജിങ് സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിലാണ് ഈ നിക്ഷേപമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.