മാതാപിതാക്കൾ മരിച്ചിട്ടും കാണാനായില്ല, എട്ടുവർഷത്തെ ദുരിത പർവം താണ്ടി സുധീർ ഒടുവിൽ സ്നേഹത്തണലിൽ...

മസ്കത്ത്: ഏതൊരു സാധാരണ പ്രവാസിയെയും പോലെയുള്ള സ്വപ്നങ്ങളായിരുന്നു തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി സുധീറിന്റെതും. നല്ലൊരു ജോലിയും കുടുംബത്തിന് സുരക്ഷിതമായൊരു ജീവിതവും മുന്നിൽ കണ്ട് ഒമാനിലെത്തിയ സുധീർ എട്ടു വർഷങ്ങൾക്കുശേഷം നാട്ടിലേക്ക് തിരിക്കുമ്പോൾ ഈ മടക്കയാത്രക്ക് പിന്നിൽ എട്ടുവർഷം നീണ്ട കണ്ണീരിന്റെയും വേദനയുടെയും സഹനത്തിന്റെയും ജീവിത കഥയുണ്ട്.

വിസയുമായി ബന്ധപ്പെട്ട മോഹന വാഗ്ദാനങ്ങളിൽ വിശ്വസിച്ച്, കുടുംബത്തിന്റെ പ്രതീക്ഷകളുമേറ്റി ഒമാനിൽ വന്നിറങ്ങിയ സുധീറിനെ കാത്തിരുന്നത് സ്വപ്നം കണ്ട ജീവിതമായിരുന്നില്ല.

പ്രതീക്ഷിച്ച ജോലി ലഭിച്ചില്ല. സ്ഥിരമായ തൊഴിൽ ഇല്ലാതായി. വിസ പുതുക്കാൻ കഴിയാത്ത പ്രതിസന്ധി. രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ… ഓരോ ദിവസവും എങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്ക. ദിവസങ്ങളും ആഴ്ചകളുമല്ല; വർഷങ്ങൾത്തന്നെ ഈ അനിശ്ചിതത്വത്തിൽ സുധീറിന് കഴിയേണ്ടി വന്നു. അതിനിടെ ജീവിതത്തിലെ ഏറ്റവും വേദനാ ജനകമായ നിമിഷങ്ങളും നേരിടേണ്ടിവന്നു. സ്വന്തം മാതാപിതാക്കൾ മരിച്ചുവെന്ന വാർത്ത കേട്ടിട്ടും അവസാനമായി ഒരു നോക്ക് കാണാൻ പോലും നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല.

ഇതിനിടെയാണ് തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് സുധീർ അധികൃതരുടെ പിടിയിലാകുന്നത്. ഏകദേശം 50 ദിവസത്തോളം തടവിൽ കഴിയേണ്ടി വന്നു. പിടിക്കപ്പെടുമ്പോൾ പാസ്‌പോർട്ട് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നില്ല. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ലഭിക്കാതായതോടെ സുധീറിന്റെ ജീവിതം കടുത്ത പ്രതിസന്ധിയിലായി.

നാട്ടിലേക്ക് മടങ്ങാനുള്ള വഴികൾ ഒന്നൊന്നായി അടഞ്ഞു പോയതുപോലെ തോന്നിയ ആ ഘട്ടത്തിലാണ് സുധീറിന്റെ ദുരവസ്ഥ സാമൂഹിക പ്രവർത്തകനായ ഡോ. സജി ഉതുപ്പാന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം ആശയ വിനിമയവും ഏകോപനവും നടത്തി. ആവശ്യമായ നടപടികൾ പൂർത്തിയാക്കാനും സുധീറിന് നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി ലഭ്യമാക്കാനും ഇടപെടലുകൾ നടന്നു.

അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന ട്രാഫിക് പിഴകളും അനുബന്ധ നിയമ നടപടികളും പരിഹരിക്കാനും സഹായം ലഭിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും ഒടുവിൽ യാത്രക്കുള്ള ടിക്കറ്റും മറ്റ് ക്രമീകരണങ്ങളും പൂർത്തിയാക്കി. അങ്ങനെ എട്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം സുധീർ വീണ്ടും സ്വന്തം മണ്ണിലെത്തി.

ഈ ശ്രമങ്ങൾക്ക് നിയാസ് ചെണ്ടയാട് ഉൾപ്പെടെ നിരവധി സുമനസുകളുടെ സഹായവും പിന്തുണയും ലഭിച്ചു. പലരുടെയും കൂട്ടായ ഇടപെടലാണ് ഏറെക്കാലമായി നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ദുരിതത്തിലായിരുന്ന സുധീറിന് ഒടുവിൽ ഒരു മടക്കയാത്ര സാധ്യമാക്കിയത്.

ഒമാനിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും നല്ലൊരു ജോലി സ്വപ്നം കണ്ട് പുറപ്പെടുന്ന ആയിരക്കണക്കിന് പ്രവാസികൾക്കുള്ള ഒരു വലിയ മുന്നറിയിപ്പ് കൂടിയാണ് സുധീറിന്റെ കഥ .

വിദേശത്തേക്ക് ജോലിക്കായി പുറപ്പെടുമ്പോൾ ലഭിക്കുന്ന വിസയുടെ നിയമ സാധുതയും അതിൽ രേഖപ്പെടുത്തിയിരിക്കുന്ന തൊഴിലും നിർബന്ധമായും പരിശോധിക്കണം. വിസയിലും സിവിൽ കാർഡിലും രേഖപ്പെടുത്തിയിരിക്കുന്ന തൊഴിലും യഥാർഥത്തിൽ ചെയ്യുന്ന ജോലിയും തമ്മിൽ വ്യത്യാസമില്ലെന്ന് ഉറപ്പാക്കേണ്ടതും പ്രധാനമാണ്. നിയമം അറിയാതെയോ അവഗണിച്ചോ ചെയ്യുന്ന ചെറിയൊരു പിഴവ് പോലും ജീവിതത്തിലെ വിലപ്പെട്ട വർഷങ്ങൾ നഷ്ടപ്പെടുത്താൻ കാരണമാകുമെന്ന് സാമൂഹിക പ്രവർത്തകനായ സജി ഉതുപ്പാൻ ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - 8 year expat ordeal ends: Venganur native Sudheer returns from Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.