ഇസ്രായേൽ കുടിയേറ്റ വ്യാപനം: യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയെ സ്വാഗതം ചെയ്ത് ഒമാൻ

മസ്കത്ത്: അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന കുടിയേറ്റ വ്യാപനത്തെ തള്ളിപ്പറയുന്ന യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയെ ഒമാൻ സുൽത്താനേറ്റ് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്ന ലംഘനമായ ഇത്തരം കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രസ്താവനയിലൂടെ വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

യു.കെ, കാനഡ, ഡെന്മാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ഐസ്‌ലാൻഡ്, അയർലൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഈ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. അധിനിവിഷ്ട ഫലസ്തീൻ മണ്ണിൽ ഇസ്രായേൽ തുടരുന്ന കുടിയേറ്റ വിപുലീകരണം അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

നീതിപൂർവവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനായി, 1967 ജൂൺ നാലിലെ അതിർത്തികളുടെ അടിസ്ഥാനത്തിൽ ഫലസ്തീൻ രാഷ്ട്രത്തിന്റെ പൂർണവും നിയമപരവുമായ സ്വാതന്ത്ര്യത്തിനുള്ള എല്ലാ തടസ്സങ്ങളും നീക്കാൻ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.

ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ കുടിയേറ്റ നയങ്ങളെ ചെറുക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക നിയമങ്ങളും മാനിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സമൂഹം കൂടുതൽ പ്രായോഗികവും ഫലപ്രദവുമായ നടപടികൾ കൈക്കൊള്ളണമെന്ന് ഒമാൻ അഭ്യർഥിച്ചു. ഫലസ്തീൻ രാജ്യത്തിന്റെ ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ യാഥാർഥ്യങ്ങളെ മാറ്റാൻ ലക്ഷ്യമിട്ടുള്ള നടപടികൾ തടയണമെന്നും ഫലസ്തീൻ ജനതക്ക് അവരുടെ ഭൂമിയിലുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഒമാൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Israel settlement expansion Oman welcomes joint statement by European countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.