മുഖ്ശിലെ കാട്ടിലേക്ക് റീം ഗസലുകളെ തുറന്നുവിടുന്നു
മസ്കത്ത്: വംശനാശ ഭീഷണി നേരിടുന്ന റീം ഗസലിനെ (മാനുകൾ) സംരക്ഷിക്കാൻ നടപടിയുമായി അധികൃതർ. പരിസ്ഥിതി അതോറിറ്റി ആരംഭിച്ച പുതിയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ മുഖ്ഷിൻ വിലായത്തിലെ കാട്ടിലേക്ക് 54 റീം ഗസലുകളെ തുറന്നുവിട്ടു. 75 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ സംരക്ഷണ പദ്ധതി ഒരുക്കിയിരിക്കുന്നത്.
സ്ഥാപിത പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾക്കുപുറത്തുള്ള ആദ്യത്തെ സംരംഭമാണിത്. ജി.പി.എസും സാറ്റലൈറ്റ് ട്രാക്കിങ് ഉപകരണങ്ങളും ഉപയോഗിച്ച് ഗസലുകളെ നിരീക്ഷിക്കും. ഒമാന്റെ സംരക്ഷണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, പ്രകൃതി പരിസ്ഥിതികളെ പുനരധിവസിപ്പിക്കുക, വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുക, രാജ്യത്തിന്റെ ആഗോള പാരിസ്ഥിതിക റാങ്കിങ് മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ രക്ഷാകർതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി സുസ്ഥിര വികസനവും പരിസ്ഥിതി ടൂറിസവും പ്രോത്സാഹിപ്പിക്കുമെന്ന് പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ അലി അൽ അമ് രി പറഞ്ഞു.
1970 മുതൽ അറേബ്യൻ ഒറിക്സ് റിസർവിലെ അറേബ്യൻ ഒറിക്സ് പദ്ധതി, ഇതേ റിസർവിനുള്ളിൽ 2013 മുതലുള്ള റീം ഗസൽ പ്രജനന, പുനരധിവാസ പരിപാടിയും ഉൾപ്പെടെയുള്ള മുൻകാല പദ്ധതികളുടെ വിജയത്തിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കം. 2020 മുതൽ റിസർവിലും പരിസരത്തും വിവിധ മാനുകളെയും തുറന്നുവിട്ടിരുന്നു. ഇത് കാട്ടിലെ മൃഗങ്ങളുടെ വളർച്ചക്ക് കാരണമായിട്ടുണ്ട്.
പ്രത്യേക ടീമുകൾ, നൂതന സാങ്കേതികവിദ്യ, ഗസലുകൾക്കുള്ള സമഗ്രമായ ആരോഗ്യ പരിശോധനകൾ, പ്രത്യേക ഗതാഗതം, പൊരുത്തപ്പെടലിനായി താൽക്കാലിക ചുറ്റുപാടുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ടെന്ന് പ്രകൃതി സംരക്ഷണ ഡയറക്ടർ ജനറൽ എൻജിനീയർ സുലൈമാൻ ബിൻ നാസർ അൽ അഖ്സാമി പറഞ്ഞു.
സാറ്റലൈറ്റ് ട്രാക്കിങ് കോളറുകളും പരിസ്ഥിതി പട്രോളിങ്, തുടർച്ചയായ നിരീക്ഷണവും സംരക്ഷണവും ഉറപ്പാക്കും. ഉദ്ഘാടന ചടങ്ങിൽ ഒമാന്റെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി, പദ്ധതിയെക്കുറിച്ചുള്ള അവതരണം, സംഭാവന നൽകിയവരെ ആദരിക്കൽ, മുൻകാല പ്രജനന, പുനരധിവാസ വിജയങ്ങൾ പ്രദർശിപ്പിക്കുന്ന പ്രദർശനം എന്നിവ ഉൾപ്പെട്ടിരുന്നു.
വംശനാശഭീഷണി നേരിടുന്ന ഒരു ഇനമായ റീം ഗസൽ, സാൻഡ് ഗസൽ എന്നും അറിയപ്പെടുന്നുണ്ട്. ചടുലത, നീണ്ട കഴുത്ത്, വീതിയേറിയ കണ്ണുകൾ, ഇളം നിറം എന്നിവ ഇതിന്റെ സവിശേഷതയാണ്. 2007മുതൽ റുബുഉൽ ഖാലി മരുഭൂമിയിൽ ഇത് വംശനാശം സംഭവിച്ചതായി ഫീൽഡ് പഠനങ്ങൾ മുമ്പ് സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.