ഒമാനിൽ പൊടിക്കാറ്റ്; വായു ഗുണനിലവാരം കുറഞ്ഞു


മസ്‌കത്ത്: ഒമാനിൽ അനുഭവപ്പെടുന്ന മിതമായ പൊടിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വായു ഗുണനിലവാരം കുറഞ്ഞതായി പരിസ്ഥി അതോറിറ്റി അറിയിച്ചു. നഖി പ്ലാറ്റ്ഫോമിൽ നൽകിയ വിവരങ്ങൾ പ്രകാരം വായുവിൽ പൊടികണങ്ങളുടെ അളവ് ഉയർന്നതോടെയാണ് അന്തരീക്ഷ വായു ഗുണനിലവാരത്തിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചില സാഹചര്യങ്ങളിൽ ഇത് ആരോഗ്യത്തിന് ഹാനികരമായ നിലയിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നും, പ്രത്യേകിച്ച് അലർജി സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വായു ഗുണനിലവാര സൂചികകൾ നഖി പ്ലാറ്റ്‌ഫോം വഴി നിരന്തരം നിരീക്ഷിക്കാനും, പൊടിപടലങ്ങളുടെ അളവ് ഉയരുന്ന സമയങ്ങളിൽ പുറത്തുള്ള പ്രവർത്തനങ്ങൾ പരമാവധി കുറക്കാനും പൊതുജനങ്ങളോട് അതോറിറ്റി നിർദേശിച്ചു.

അതേസമയം, ഒമാനിൽ ചിലയിടങ്ങളിൽ പൊടിക്കാറ്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് റോയൽ ഹോസ്പിറ്റൽ അധികൃതർ ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കാഴ്ചപരിധി കുറയുന്ന സാഹചര്യത്തിൽ, പൊതുജനങ്ങൾ മുൻകരുതലെടുക്കണമെന്ന് റോയൽ ഹോസ്പിറ്റൽ നിർദ്ദേശിച്ചു.

ശ്വസനസംബന്ധമായ ബുദ്ധിമുട്ടുള്ളവരും ആസ്ത്മ രോഗികളും വീടിനുള്ളിൽ തന്നെ കഴിയാൻ ശ്രമിക്കണം. ജനലുകളും വാതിലുകളും അടച്ചിടണം. ഡോക്ടർ നിർദ്ദേശിച്ച ഇൻഹേലറുകൾ കൃത്യമായി ഉപയോഗിക്കണം. അനിവാര്യമായ സാഹചര്യങ്ങളിൽ പുറത്തിറങ്ങുന്നവർ മെഡിക്കൽ മാസ്കുകൾ ധരിക്കണം.

പൊടി ശ്വസിക്കാനിടയായാൽ നേസൽ സ്പ്രേ ഉപയോഗിച്ച് മൂക്ക് വൃത്തിയാക്കുന്നത് നല്ലതാണ്. റോഡുകളിൽ കാഴ്ചപരിധി കുറവായതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.

അനാവശ്യ യാത്രകൾ ഒഴിവാക്കുകയും വേഗത കുറക്കുകയും വേണം. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ആശുപത്രിയിലെ എമർജൻസി വിഭാഗം സജ്ജമാണെന്നും അധികൃതർ അറിയിച്ചു. 

Tags:    
News Summary - Dust storm in Oman; air quality deteriorates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.