ലോകകേരളസഭാംഗവും പ്രവാസിക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗവുമായ വിൽസൺ ജോർജ് നിലമ്പൂർ അസംബ്ലി മണ്ഡലത്തിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയപ്പോൾ
മസ്കത്ത്: മസ്കത്ത്: കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച പൂർത്തിയായപ്പോൾ വിരലിൽ ആവേശപൂർവം മഷി പുരട്ടി ഒമാനിൽ നിന്നുള്ള പ്രവാസികളും. അതിരാവിലെ പോളിങ് ആരംഭിച്ചപ്പോൾ തന്നെ പ്രവാസികളും ആവേശത്തോടെ വോട്ട് ചെയ്തു. എന്നാൽ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു വോട്ട് ചെയാൻ പോയ പ്രവാസികളുട എണ്ണം വളരെ കുറവായിരുന്നു.
സിദ്ദിഖ് ഹസ്സൻ, സന്തോഷ് കുമാർ
വർധിച്ച വിമാനക്കൂലിയും പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവും മിക്ക പ്രവാസികളുടെയും യാത്ര മുടക്കി. വിവിധ രാഷ്ട്രീയ പാർട്ടികളോട് ആഭിമുഖ്യമുള്ള കൂട്ടായ്‌മകൾ മുൻവർഷങ്ങളിൽ ഏർപ്പെടുത്താറുള്ള ചാർട്ടേർഡ് വിമാനങ്ങളും ഇത്തവണ മസ്കത്തിൽനിന്ന് ഇല്ലാതിരുന്നതും പ്രവാസി വോട്ടുകളിൽഗണ്യമായ കുറവുവരുത്തി. എന്നാൽ, അവധിക്കു നാട്ടിൽ പോയവരും വോട്ട് ചെയ്യാനായി മാത്രം നാട്ടിൽ പോയവരും വളരെ ആവേശപൂർവം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
പി.ടി.കെ. ഷമീർ, ഇർഫാൻ കണിയാട്ടയിൽ, സജി ഔസേപ്പ്
32 വർഷത്തെ പ്രവാസ ജീവിതത്തിൽ ഒരിക്കൽ പോലും വോട്ട് മുടക്കിയിട്ടില്ലാത്ത ഐ.സി.സി മുൻ അധ്യക്ഷനും സാമൂഹിക പ്രവർത്തകനുമായ സിദ്ദിക്ക് ഹസ്സൻ എറണാകുളം ജില്ലയിലെ കുന്നത്തുനാട് അസ്സംബ്ലി മണ്ഡലത്തിൽ129ആം ബൂത്തിൽ ഒന്നാം നമ്പർ വോട്ടറായി വോട്ട് ചെയ്തു. ഈ ബൂത്തിലെ യു.ഡി .എഫ് സ്ഥാനാർഥി വി.പി. സജീന്ദ്രന്റെ പോളിങ് ഏജന്റ് കൂടിയാണ് സിദ്ദിക്ക് ഹസ്സൻ. കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് അന്ത്യമായെന്നും യു.ഡി.എഫ് വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും സിദ്ദിക്ക് ഹസ്സൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോകകേരളസഭാംഗവും പ്രവാസിക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗവുമായ വിൽസൺ ജോർജ് നിലമ്പൂർ അസ്സംബ്ലി മണ്ഡലത്തിൽ കുടുംബസമേതം വോട്ട് ചെയ്തു. കഴിഞ്ഞ 10 വർഷക്കാലം ഇടതുസർക്കാർ കേരളത്തിൽ നടപ്പിലാക്കിയ വികസന - ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങൾക്ക് നേരിട്ട് ബോധ്യമുണ്ടെന്നും അതിനാൽ ജനങ്ങൾ ഭരണ തുടർച്ചക്കായി വോട്ട് ചെയ്യുമെന്നും വിൽസൺ ജോർജ് പറഞ്ഞു.
അനീഷ് കടവിൽ, ഫസ്‍ലുറഹ്മാൻ,സിയാദ് ഉണിച്ചിറ
ഫാസിസത്തിനെതിരെ ഉറച്ച നിലപാടോടെ, ഐക്യത്തിനും സൗഹാർദ്ദത്തിനും വേണ്ടി തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചതായി കണ്ണൂർ പേരാവൂർ മണ്ഡലത്തിൽ വോട്ടുരേഖപ്പെടുത്തിയ പ്രവാസി വെൽഫെയർ കേന്ദ്ര സമിതി അംഗം ഇർഫാൻ കണിയാട്ടയിൽ പറഞ്ഞു.
കെ.എം.സി.സി കേന്ദ്രകമ്മിറ്റി ട്രഷററും ഇന്ത്യൻ സ്കൂൾ ബോർഡ് അംഗവുമായ പി.ടി.കെ ഷെമീർ വടകര മണ്ഡലത്തിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തി. ഇടതു ദുർഭരണം അവസാനിപ്പിക്കാൻ വോട്ടവകാശം വിനിയോഗിച്ചതായി പി.ടി.കെ ഷെമീർ പറഞ്ഞു.
മസ്‌കത്തിലെ ഇടതു സഹയാത്രികനും സാമൂഹിക പ്രവർത്തകനുമായ സന്തോഷ് കുമാർ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ വോട്ട് ചെയ്തു. വ്യക്തിയല്ല പാർട്ടിയാണ് വലുതെന്നു തെളിയിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും ഇടതു സർക്കാർ പ്രവാസികൾക്കായി നടപ്പിൽ വരുത്തിയ ക്ഷേമപദ്ധതികൾ വോട്ടായി മാറുമെന്നും സന്തോഷ്‌കുമാർ പറഞ്ഞു. ഒ.ഐ.സി.സി -ഇൻകാസ് മുൻ അധ്യക്ഷൻ സജി ഔസേപ്പ് ഏറ്റുമാനൂർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി. ഇൻകാസ് ഒമാൻ കൺവീനർ അനീഷ് കടവിൽ പെരുമ്പാവൂരിൽ വോട്ട് രേഖപ്പെടുത്തി.
ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ ആയുധം ഉപയോഗിക്കുവാനുള്ള അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും എല്ലവരും വോട്ടവകാശം വിനിയോഗിക്കാൻ ശ്രമിക്കണമെന്നും അനീഷ് കടവിൽ പറഞ്ഞു. മലയാളം മിഷൻ ഒമാൻ ജനറൽ സെക്രട്ടറി അനു ചന്ദ്രൻ പത്തനാപുരം മണ്ഡലത്തിൽ വോട്ട് ചെയ്തു. കൈരളി ഒമാൻ ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ സിയാദ് ഉണിച്ചിറ കളമശ്ശേരി മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി. ഇവിടെ ഇടതു സ്ഥാനാർഥി പി. രാജീവിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സിയാദ്. വടകര സഹൃദയ വേദി വൈസ് പ്രസിഡന്റ് ഫസലു റഹ്‌മാൻ വടകര മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി. മസ്‌കത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ സജീവ സാന്നിധ്യമായ രമേശും, ഭാര്യ ശ്രീജ രമേശും തലശ്ശേരി മണ്ഡലത്തിലായിരുന്നു വോട്ട് ചെയ്തത്. ഹരിപ്പാട് പ്രവാസി അസോസിയേഷൻ ഭാരവാഹി അജി ഹരിപ്പാട് ഹരിപ്പാട് മണ്ഡലത്തിൽ വോട്ട് ചെയ്തു.
കേരളത്തിന്റെ അടുത്ത അഞ്ചു വർഷത്തെ ഭരണസാരഥ്യം ആർക്കെന്നു തീരുമാനിക്കാനുള്ള വിധിനിർണയത്തിൽ ആവേശപൂർവമാണ് പ്രവാസികൾ പങ്കെടുത്തത്. അതെ സമയം പ്രവാസി വോട്ടർ പട്ടികയിലൂടെ വോട്ട് ചെയ്യാൻ എത്തിയ ചില വോട്ടർമാരുടെ കയ്യിൽ ഒറിജിനൽ പാസ്പ്പോർട്ട് ഇല്ലാത്തതിനാൽ ആദ്യം വോട്ട് ചെയ്യാൻ അനുവദിച്ചില്ല , പിന്നീട് ഒറിജിനൽ പാസ്പോർട്ടുമായി വന്ന ശേഷമാണ് വോട്ട് ചെയ്യാൻ അനുവാദം നൽകിയത്. ഫലപ്രഖ്യാപനം വരുന്ന മെയ് നാല് വരെയുള്ള ഇനിയുള്ള നാളുകൾ കൂട്ടലും, കിഴിക്കലും വാദ പ്രതിവാദങ്ങളുമായി കടന്നു പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.