മസ്കത്ത്: ഒമാനിലെ പ്രവാസി മലയാളികൾക്കും ഫുട്ബാൾ പ്രേമികൾക്കും ആവേശത്തിന്റെ രാവുകൾ സമ്മാനിക്കാൻ ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന ‘സോക്കർ കാർണിവൽ’ മൂന്നാം എഡിഷന് ടീമുകളൊരുങ്ങി. ടൂർണമെന്റിൽ പ​ങ്കെടുക്കുന്ന ടീമുകളുടെ നറുക്കെടുപ്പ് അൽ ഖുവൈർ ഫുഡ്‍ലാൻഡ്സ് ഹോട്ടലിൽ നടന്നു. സുൽത്താ​നേറ്റിലെ ഏറ്റവും വലിയ സെവൻസ് ഫുട്ബാൾ ടുർണമെന്റ് ഏപ്രിൽ 16, 17 തീയതികളിൽ ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ അരങ്ങേറുമെന്ന് സംഘാടക സമിതി ഭാരവാഹികൾ മസ്കത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷനുമായി (കെ.എം.എഫ്.എ) സഹകരിച്ച് നടത്തുന്ന സോക്കർ കാർണിവൽ ഒമാനിൽ ഏറ്റവും കൂടുതൽ പ്രൈസ് മണി നൽകുന്ന ടൂർണമെന്റുകൂടിയാണ്. ഫുട്ബാൾ മത്സരങ്ങൾക്കൊപ്പം ഭക്ഷണ വൈവിധ്യങ്ങളും കലാപരിപാടികളും കോർത്തിണക്കി ഒരുക്കുന്ന ഈ മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. വിശിഷ്ടാതിഥികളായി നടൻ ലുക്മാൻ അവറാൻ, നടി ഡയാന ഹമീദ്, മുൻ ഐ.എസ്.എൽ താരം സുശാന്ത് മാത്യു, റാഷിദ് കോട്ടക്കൽ എന്നിവർ പ​ങ്കെടുക്കും.

ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ അഫ്‌സൽ അഹമ്മദ്, സോക്കർ കാർണിവൽ കൺവീനർ അൻജബ് അമീർ, നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഒമാൻ മീഡിയ ആൻഡ് മാർക്കറ്റിങ് മാനേജർ മോബിൻ കെ. ഷാജി, ഫുഡ്‍ലാൻഡ്സ് റസ്റ്ററന്റ് ഓപറേഷൻസ് മനേജർ മുഹമ്മദ് ഉസ്മാൻ ഫാസിൽ, ഗൾഫ് മാധ്യമം മാർക്കറ്റിങ് മനേജർ ഷൈജു സലാഹുദ്ദീൻ എന്നിവർ

 

കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് സോക്കർ കാർണിവൽ വിഭാവനം ചെയ്തിരിക്കുന്നത്. ഒമാനിലെ മികച്ച 16 ടീമുകൾ മാറ്റുരക്കുന്ന വാശിയേറിയ മത്സരങ്ങളുടെ ക്വാർട്ടർ ഫൈനൽ വരെയുള്ള മൽസരങ്ങൾക്ക് വ്യാഴാഴ്ച രാത്രി 10ന് തുടക്കമാവും.

സെമി ഫൈനൽ, ഫൈനൽ മൽസരങ്ങൾ രണ്ടാം ദിവസമായ ഏപ്രിൽ 17 ന് വെള്ളിയാഴ്ച അരങ്ങേറും. അന്നേദിവസം വൈകീട്ട് മൂന്നു മുതൽ സ്റ്റേഡിയത്തിൽ വിവിധ വിനോദ പരിപാടികളും മത്സരങ്ങളും ഒരുക്കും. കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ ഗെയിമുകൾ, ക്വിസ്​ മത്സരങ്ങൾ, ഫേസ്​ പെയിന്‍റിങ്,​ ഷൂട്ടൗട്ട് തുടങ്ങിയവയും നടക്കും. സ്​പോട്ട് മൽസരങ്ങളിൽ വിജയികളാകുന്നവർക്ക്​ കൈ നിറയെ സമ്മാനങ്ങളുമുണ്ടാകും.

കാർണിവലിന്റെ പ്രധാന ആകർഷണം സ്റ്റേഡിയത്തിൽ ഒരുക്കുന്ന വിപുലമായ ഭക്ഷണശാലകളാണ്. നാടൻ വിഭവങ്ങൾ മുതൽ വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ വരെ ആസ്വദിക്കാനുള്ള അവസരം കാണികൾക്കുണ്ടാകും. 25 ഓളം ഫുഡ് സ്റ്റാളുകൾ ഒരുക്കും. സുൽത്താനേറ്റിലെ പ്രമുഖ റസ്റ്ററൻറുകൾ ഒരുക്കുന്ന ലൈവ്​ കൗണ്ടറുകളിൽനിന്നും കാണികൾക്ക്​ ഇഷ്ടമുള്ള വിഭവങ്ങൾ വാങ്ങാം.

മലബാർ വിഭവങ്ങൾക്കൊപ്പം കണ്ണൂരിന്‍റെ ഇനങ്ങൾക്കായി പ്രത്യേക ഇടങ്ങളുമുണ്ടാകും. ഭക്ഷണ പ്രേമികൾക്ക് കൊതിയേറ്റുന്ന വിഭവങ്ങളുമായി മസ്കത്തിലെ സ്ത്രീ കൂട്ടായ്മകളു​ടെ നേതൃത്വത്തിലുള്ള ഫുഡ്​ സ്റ്റാളുകൾ, ചോ​ക്ലേറ്റുകൾ, ഫാൻസി ഇനങ്ങൾ, നാടൻ പലഹാരങ്ങൾ, മെഹന്തി എന്നിവയും കാർണിവലിന്‍റെ ആകർഷണമാവും. കായിക ആവേശവും സംഗീതവും ഭക്ഷണവും ഒത്തുചേരുന്ന രണ്ട് ദിനരാത്രങ്ങൾ പ്രവാസി സമൂഹത്തിന് ഗംഭീര ആഘോഷമായി മാറും.

വാർത്ത സമ്മേളനത്തിൽ ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ അഫ്‌സൽ അഹമ്മദ്, സോക്കർ കാർണിവൽ കൺവീനർ അൻജബ് അമീർ, നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഒമാൻ മീഡിയ ആൻഡ് മാർക്കറ്റിങ് മാനേജർ മോബിൻ കെ. ഷാജി, ഫുഡ്‍ലാൻഡ്സ് റസ്റ്ററന്റ് ഓപറേഷൻസ് മനേജർ മുഹമ്മദ് ഉസ്മാൻ ഫാസിൽ, ഗൾഫ് മാധ്യമം മാർക്കറ്റിങ് മനേജർ ഷൈജു സലാഹുദ്ദീൻ എന്നിവർ പ​ങ്കെടുത്തു.

Tags:    
News Summary - Teams gear up for third season of Soccer Carnival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.