മസ്കത്ത്: ഒമാനിൽ വെള്ളിയാഴ്ച എല്ലാ ഭാഗങ്ങളിലും കൊടും തണുപ്പ് അനുഭവപ്പെട്ടു. സൈക്, മഖ്ഷിൻ, ഹൈമ എന്നിവിടങ്ങളിൽ പത്ത്ഡിഗ്രി സെൽഷ്യസിന് താഴെയാണ് താപനില. സൈകിലാണ് ഏറ്റവും കുറഞ്ഞ താപനില. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3.5 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. മഖ്ഷിനിൽ 6.8, ഹൈമയിൽ 7.7 ഡിഗ്രി സെൽഷ്യസുമാണ്. ഒമാനിൽ പർവത മുകളിൽ പല ഇടത്തും അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറഞ്ഞതായും ഐസ് കട്ടകൾ രൂപപ്പെട്ടതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മരുപ്രദേശങ്ങളിൽ പലേടത്തും പത്ത് ഡിഗ്രി സെൽഷ്യസിൽ താഴെയാണ് അന്തരീക്ഷ ഊഷ്മാവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. അൽ ദാഖിറ, ബുറൈമി ഗവർണറേറ്റുകളിൽ രാവിലെകളിൽ മൂടൽമഞ്ഞ് അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മസ്കത്തിൽ 22-14ന് ഇടയിലും ഇബ്രിയിൽ 18-8ന് ഇടയിലും റുസ്താഖിൽ 21-11 നും ഇടയിലും കസബിൽ 19-13 നും ഇടയിലുമാണ് തണുപ്പ് അനുഭവപ്പെടുന്നത്.
രാത്രികാലങ്ങൾ കമ്പിളി വസ്ത്രങ്ങൾ അണിഞ്ഞാണ് പലരും പുറത്തിറങ്ങുന്നത്. തണുപ്പ് കാരണം രാത്രി കാലങ്ങളിൽ ജനങ്ങൾ പുറത്തറിങ്ങുന്നതും കുറഞ്ഞിട്ടുണ്ട്. കമ്പിളി വസ്ത്രങ്ങൾക്കും തണുപ്പുകാല വസ്ത്രങ്ങൾക്കും ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഒമാനിൽ തണുപ്പ് കാര്യമായി ഏശാത്തതിനാൽ ഇത്തരം വസ്ത്രങ്ങൾക്ക് ആവശ്യക്കാർ കുറവായിരുന്നു. ചൊവ്വാഴ്ച ഒമാനിൽ പരക്കെ ഉണ്ടായ മഴക്കുശേഷമാണ് പല ഭാഗത്തും കടുത്ത തണുപ്പ് അനുഭവപ്പെടുന്നത്. ഏറെ വർഷങ്ങൾക്കുശേഷമാണ് ഇത്രയും കടുത്ത തണുപ്പ് അനുഭവപ്പെടുന്നതെന്നും അനുഭവസ്ഥർ പറയുന്നു.
തുംറൈത്തിൽ ബുധനാഴ്ച മുതൽ കൊടും തണുപ്പാണ് അനുഭപ്പെടുന്നതെന്ന് വടകര, പൈങ്ങോട്ടായി സ്വദേശി ജി.ടി.സി അബ്ദുൽ ജലീൽ പറഞ്ഞു. കൊടും തണുപ്പ് കാരണം പകൽ സമയം പോലും കമ്പിളി വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും രാത്രികാലങ്ങളിൽ പലരും പുറത്തിറങ്ങുന്നില്ലെന്നും അദ്ദഹം പറഞ്ഞു. ഡിസംബർ മാസത്തിൽ ചൂട് കാരണം മുറിയിൽ എ.സി ഇട്ടിരുന്നെന്നും എന്നാൽ ഇപ്പോൾ മുറി ചൂടാക്കാൻ ഹീറ്റർ ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15 വർഷമായി ഈ മേഖലയിൽ ജോലിചെയ്തുവരുകയാണന്നും ഇത്രയേറെ തണുപ്പ് അനുഭവപ്പെടുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.